|
കോടതിക്കെതിരെ പരാമര്‍ശം നടത്തിയതിന് യൂട്യൂബർക്ക് ആറു മാസം തടവുശിക്ഷ വിധിച്ച് ഹൈക്കോടതി. രാഷ്ട്രീയ നിരീക്ഷകൻ കൂടിയായ സൗക്ക് ശങ്കറിനാണ് മദ്രാസ് ഹൈക്കോടതി തടവു ശിക്ഷ വിധിച്ചത്. ഉന്നത നീതിപീഠങ്ങള്‍ അഴിമതിയില്‍ മുങ്ങിനില്‍ക്കുകയാണെന്ന പരാമര്‍ശമാണ് വിവാദമായത്. ഇതിൽ ശങ്കറിനെതിരെ മധുര ബഞ്ച് സ്വമേധയാ കേസെടുക്കുകയായിരുന്നു.
ജൂലൈ 22ന് റെഡ് പിക്സ് എന്ന യൂട്യൂബ് ചാനലിനു നൽകിയ ഇന്റർവ്യൂവിൽ ആയിരുന്നു സൗക്ക് ശങ്കറിന്റെ വിവാദ പ്രസ്താവന. തന്റെ പ്രസ്താവനയില്‍ ഉറച്ച് നില്‍ക്കുന്നുവെന്നായിരുന്നു ശങ്കര്‍ കോടതിയില്‍ വ്യക്തമാക്കിയത്. ഇതേ തുടര്‍ന്നാണ് തടവുശിക്ഷ വിധിച്ചത്.
“അധിക്ഷേപകൻ തന്റെ തെറ്റ് മനസിലാക്കുകയും ആത്മാർഥമായി മാപ്പ് പറയുകയും ചെയ്തിരുന്നെങ്കിൽ ഞങ്ങൾ നടപടികൾ അവസാനിപ്പിക്കുമായിരുന്നു. എന്നാൽ അങ്ങനെ ചെയ്യാൻ തയാറായില്ലെന്ന് മാത്രമല്ല, അദ്ദേഹം തന്റെ തന്റെ നിലപാടിൽ ഉറച്ചുനിന്നു. അയാൾ നടത്തിയ അധിക്ഷേപ പരാമർശങ്ങൾ കേവലം നാക്കുപിഴയല്ല“- ജസ്റ്റിസുമാരായ ജി ആർ സ്വാമിനാഥനും ബി പുകഴേന്തിയും ഉത്തരവിൽ പറഞ്ഞു.
കേന്ദ്ര സര്‍ക്കാരിനെയും ബിജെപിയെയും അതിരൂക്ഷമായി വിമര്‍ശിക്കുന്ന സൗക്ക് ശങ്കറിന്റെ യൂട്യൂബ് ചാനല്‍ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഇപ്പോള്‍ ഡി.എം.കെ സര്‍ക്കാരിനെതിരെയും ഇയാള്‍ ഒട്ടേറെ വെളിപ്പെടുത്തല്‍ നടത്തിയിരുന്നു. ഡി.എം.കെ സര്‍ക്കാരിനെതിരെ നടത്തിയ വിമര്‍ശനത്തിന്റെ പേരില്‍ ഇദ്ദേഹത്തിന് നിയമനടപടി നേരിടേണ്ടി വന്നിരുന്നു.
കേടതിക്കെതിരെ നടത്തിയ പരാമര്‍ശത്തില്‍ അഭിഭാഷകനെ വയ്ക്കാന്‍ സൗക്ക് തയ്യാറായിരുന്നില്ല. ഏത് അഭിഭാഷകനാണ് കോടതിക്കെതിരെ വാദിക്കുകയെന്നായിരുന്നു ശങ്കറിന്റെ ചോദ്യം. അപകീര്‍ത്തിപരമായ പരാമര്‍ശമുള്ള സാമൂഹികമാധ്യമ പോസ്റ്റുകള്‍ നീക്കം ചെയ്യാനും ശിക്ഷ വിധിച്ച ബെഞ്ച് ഉത്തരവിട്ടു.
അതേസമയം, സുപ്രീംകോടതിയില്‍ അപ്പീല്‍ സമര്‍പ്പിക്കുന്നത് വരെ ശിക്ഷ നടപ്പാക്കുന്നത് നീട്ടണമെന്ന് ശങ്കര്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഇത് കോടതി തള്ളുകയായിരുന്നു.



