29
Jun 2024
Tue
29 Jun 2024 Tue
Yusuf Patan beats prominent congress leader in his first battle

കളിമൈതാനത്ത് നിന്ന് രാഷ്ട്രീയഗോദയില്‍ കന്നിയങ്കത്തിനിറങ്ങിയ യൂസുഫ് പഠാന് തകര്‍പ്പന്‍ ജയം. പശ്ചിമബംഗാളിലെ ബഹറാന്‍പൂര്‍ മണ്ഡലത്തില്‍ തൃണമൂല്‍ കോണ്‍ഗ്രസിനു വേണ്ടി പോരിനിറങ്ങിയ യൂസുഫ് പഠാന്‍ കോണ്‍ഗ്രസിന്റെ ആധിര്‍ രഞ്ജന്‍ ചൗധരിയെ 64084 വോട്ടുകള്‍ക്കു പിന്നിലാക്കിയാണ് വിജയക്കൊടി പാറിച്ചത്. യൂസുഫ് പഠാന്‍ 4,23,451 വോട്ടുകളും ചൗധരി 3,59,367 വോട്ടുകളും നേടി. ബിജെപിയുടെ ഡോ. നിര്‍മല്‍ കുമാര്‍ സഹ 3,23,685 വോട്ടുകളുമായി മൂന്നാം സ്ഥാനത്തെത്തി.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

തനിക്കൊപ്പമുണ്ടായിരുന്ന ഏവരെയും അഭിനന്ദിക്കുകയാണെന്ന് പറഞ്ഞ യൂസുഫ് താന്‍ സന്തോഷവാനാണെന്നും തന്റെ മാത്രം വിജയമല്ല ഇത് മറിച്ച് എല്ലാ പ്രവര്‍ത്തകരുടെയും വിജയമാണെന്നും പ്രതികരിച്ചു. റെക്കോഡുകള്‍ തിരുത്താനുള്ളതാണ്. ആധിര്‍ രഞ്ജനെ താന്‍ ബഹുമാനിക്കുന്നു. അതു തുടരുകയും ചെയ്യും. കുട്ടികള്‍ക്ക് കരിയര്‍ പടുത്തുയര്‍ത്താന്‍ സഹായിക്കുന്നതിന് മണ്ഡലത്തില്‍ സ്‌പോര്‍ട്‌സ് അക്കാദമി സ്ഥാപിക്കുമെന്നും യൂസുഫ് പറഞ്ഞു.

വ്യവസയാന രംഗത്തിനു വേണ്ടിയും പ്രയത്‌നിക്കും. ഇവിടെ ജീവിച്ച് ജനങ്ങള്‍ക്കു വേണ്ടി പ്രവര്‍ത്തിക്കുമെന്നും യൂസുഫ് പറഞ്ഞു. കുടുംബം ഗുജറാത്തിലായതിനാല്‍ താന്‍ അവിടെയും ഉണ്ടാവും. ബഹറാംപൂറില്‍ തനിക്കു പുതിയ കുടുംബത്തെ ലഭിച്ചിരിക്കുകയാണ്. താന്‍ മമതാ ബാനര്‍ജിയുമായി സംസാരിച്ചിരുന്നു. അവര്‍ സന്തോഷവതിയാണെന്നും വിജയശേഷം യൂസുഫ് പഠാന്‍ വ്യക്തമാക്കി.

വോട്ടെണ്ണലിന്റെ തുടക്കത്തില്‍ മൂന്നാം സ്ഥാനത്തായിരുന്നു യൂസുഫ് പഠാന്‍. കനത്ത തോല്‍വിയിലേക്കെന്ന വിലയിരുത്തലുകളെ കാറ്റില്‍ പറത്തിയാണ് പതിയെപ്പതിയെ യൂസുഫ് പഠാന്‍ ലീഡിലേക്ക് കയറിവന്നത്. അഞ്ചുതവണ മണ്ഡലത്തെ പ്രതിനിധീകരിച്ച ആധിര്‍ രഞ്ജന്‍ ചൗധരിയെ അട്ടിമറിച്ചാണ് പ്രഥമ മല്‍സരത്തിലൂടെ യൂസുഫ് പഠാന്‍ ലോക്‌സഭയിലേക്ക് ജയിച്ചുകയറിയതെന്നത് വിജയത്തിന്റെ മധുരം കൂട്ടുന്നതായി.