തിരുവനന്തപുരം: കാന്‍സര്‍ രോഗികള്‍ക്ക് വലിയ ആശ്വാസമായി ‘സീറോ പ്രോഫിറ്റ് ആന്റി കാന്‍സര്‍ മെഡിസിന്‍ കൗണ്ടറുകള്‍’ സംസ്ഥാനത്ത് പ്രവര്‍ത്തനം ആരംഭിച്ചു.(Zero profit anti cancer medicine counter started) സര്‍ക്കാരിന്റെ നൂറുദിന കര്‍മ്മപരിപാടികളുടെ ഭാഗമായാണ് തെരഞ്ഞെടുക്കപ്പെട്ട കാരുണ്യ ഫാര്‍മസികളില്‍ ഈ സംവിധാനം പ്രവര്‍ത്തനമാരംഭിച്ചത്. ഇവിടെയുള്ള കൗണ്ടറുകളില്‍ കാന്‍സര്‍ രോഗബാധിതരായവര്‍ക്ക് പൊതുവിപണിയില്‍ ലഭിക്കുന്നതിനെ അപേക്ഷിച്ച് പരമാവധി വിലക്കുറവില്‍ മരുന്നുകള്‍ ലഭ്യമാക്കും.
|
കാരുണ്യ സ്പര്‍ശം കൗണ്ടറിലെ ആദ്യ ബില്ലില്‍ മരുന്ന് വാങ്ങിയ വ്യക്തി അടച്ച തുക 6,683 രൂപയാണ്. ഈ മരുന്ന് പുറത്ത് നിന്നും വാങ്ങിയിരുന്നെങ്കില്‍ അടയ്ക്കേണ്ടിയിരുന്നത് 42,350 രൂപ. അതായത് ആ വ്യക്തിക്ക് ഒറ്റ ബില്ലില്‍ നിന്നും ലാഭിക്കാനായത് 35,667 രൂപയാണ്.
ഒരു ലക്ഷത്തി ഇരുപതിനായിരത്തിലധികം വിലവരുന്ന മരുന്ന് 96 ശതമാനം വിലക്കുറവില്‍ 12,000നടുത്ത് രൂപയ്ക്ക് കാരുണ്യ സ്പര്‍ശത്തില്‍ ലഭ്യമാകും. അങ്ങനെ വിവിധ വിലകളിലുള്ള 247 ഇനം മരുന്നുകളാണ് ലാഭമെടുക്കാതെ കാരുണ്യസ്പര്‍ശം കൗണ്ടറുകളിലൂടെ നല്‍കപ്പെടുന്നത്.
ഈ പദ്ധതിയുടെ ആദ്യ ഘട്ടത്തില്‍ ഓരോ ജില്ലയിലേയും തെരഞ്ഞടുത്ത 14 കാരുണ്യ ഫാര്‍മസികളെ ആണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. നിലവില്‍ കേരളത്തിലുടനീളം പ്രവര്‍ത്തിക്കുന്ന എല്ലാ കാരുണ്യ ഫാര്‍മസികളിലുമായി 250 ഓളം ബ്രാന്‍ഡഡ് ഓങ്കോളജി മരുന്നുകള്‍ ലഭ്യമാണ്. ഇവയെല്ലാം തന്നെ ഈ കൗണ്ടറുകളിലൂടെ കുറഞ്ഞ വിലയ്ക്ക് ലഭ്യമാകും.