മലപ്പുറം അരീക്കോട് പാറക്കുളത്തിൽ മുങ്ങി ഗുരുതരാവസ്ഥയിൽ ചികിൽസയിലിരുന്ന 12കാരി മരിച്ചു. കീഴുപറമ്പ് കുനിയിൽ പാലാപറമ്പിൽ സന്തോഷിന്റെ മകൾ അഭിനന്ദയാണ് മരിച്ചത്. ഞായറാഴ്ച ഉച്ചയ്ക്ക് രണ്ടോടെ കൂട്ടുകാരോടൊപ്പം കുളിക്കാൻ പോയപ്പോഴായിരുന്നു അഭിനന്ദ മുങ്ങിപ്പോയത്.
|
കുളത്തിൽ നിന്ന് പുറത്തെടുത്ത് ആശുപത്രിയിലെത്തിച്ചെങ്കിലും ചികിൽസയിലിരിക്കെ ബുധനാഴ്ച രാത്രിയോടെ അഭിനന്ദ മരിക്കുകയായിരുന്നു. അഭിനന്ദയ്ക്കൊപ്പം കുളത്തിൽ മുങ്ങിപ്പോയ ചെറുവാലക്കൽ പാലാപറമ്പിൽ ഗോപിനാഥൻ്റെ മകൾ ആര്യ (16) ഗുരുതരാവസ്തയിൽ അരീക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ തുടരുകയാണ്.
വാലില്ലാപുഴ പട്ടോത്ത് ചാലിൽ പഴയ ക്വാറിയിലെ വെള്ളക്കെട്ടിലായിരുന്നു കുട്ടികൾ മുങ്ങിപ്പോയത്. മൂന്നു കുട്ടികളാണ് അപകടത്തിൽപെട്ടത്. ആര്യയുടെ അച്ഛൻ്റെ സഹോദരി ബിന്ദുവാണ് ഒരു കുട്ടിയെ രക്ഷിച്ചത്. രക്ഷാപ്രവർത്തനത്തിന് അരീക്കോട് പോലീസും മുക്കത്ത് നിന്നും അഗ്നിശമന സേനയും എത്തിയെങ്കിലും ഇതിനു മുമ്പ് നാട്ടുകാർ പുറത്തെടുത്തിരുന്നു.
ഫയർഫോഴ്സിന്റെ വാഹനത്തിലാണ് കുട്ടികളെ ആശുപത്രിയിൽ എത്തിച്ചത്. അഭിനന്ദ കീഴുപറമ്പ് ഗവ. ഹയർ സെക്കൻഡറി സ്കൂൾ ഏഴാംക്ലാസ് വിദ്യാർഥിനിയാണ്. മാതാവ്- ജിഷി. സഹോദരി- അഹല്യ.





