തിരുവനന്തപുരം: കഴക്കൂട്ടത്തുനിന്ന് 13 വയസുകാരിയായ അസം സ്വദേശിനി പെണ്‍കുട്ടിയെ കാണാതായിട്ട് 24 മണിക്കൂര്‍ പിന്നിട്ടു. കുട്ടിയെ കണ്ടെത്താന്‍ കേരള, തമിഴ്‌നാട് പോലീസിന്റെ വ്യാപക തിരച്ചില്‍ നടത്തിവരികയാണ്. കുട്ടി എത്തിയെന്നു കരുതുന്ന കന്യാകുമാരി റെയില്‍വേ സ്റ്റേഷനിലും പരിസരത്തും വിവിധ സംഘങ്ങളായി തിരിഞ്ഞാണ് പരിശോധന നടക്കുന്നത്. നാട്ടുകാരേയും വ്യാപാരികളേയും ഉള്‍പ്പടെ കുട്ടിയുടെ ഫോട്ടോ കാണിച്ചുള്ള തിരച്ചിലും പുരോഗമിക്കുന്നു.
|
റെയില്‍വേ സ്റ്റേഷനിലെ സി.സി.ടി.വി ദൃശ്യങ്ങള്‍ പോലീസും ആര്‍.പി.എഫ് ഉദ്യോഗസ്ഥരും പരിശോധിക്കുന്നുണ്ട്. ദൃശ്യങ്ങളിലാണ് അന്വേഷണസംഘത്തിന്റെ പ്രതീക്ഷ.
കന്യാകുമാരിയില്‍ പുലര്‍ച്ചെ 5.30ന് കുട്ടിയെ കണ്ടെന്ന് പ്രദേശത്തെ ഓട്ടോറിക്ഷാ ഡ്രൈവര്‍ പോലീസിന് വിവരം നല്‍കി. ഓട്ടം പോകാനാണോ എന്ന് അന്വേഷിച്ചപ്പോള്‍ കുട്ടി മറുപടി നല്‍കിയില്ലെന്നും ഇതോടെ താന്‍ അവിടെനിന്ന് പോയെന്നും അദ്ദേഹം പോലീസിനോട് പറഞ്ഞു. ഈ പ്രദേശത്തെ സ്ഥാപനങ്ങളിലെ സിസിടിവി ദൃശ്യങ്ങളും പോലീസ് പരിശോധിക്കുന്നുണ്ട്.
കുട്ടിയുടെ സഹോദരന്‍ ചെന്നൈയിലാണ് ജോലിചെയ്യുന്നത്. അതിനാല്‍ ഇവിടേക്ക് കുട്ടി എത്തിയിട്ടുണ്ടോയെന്നും പോലീസ് പരിശോധിച്ചുവരികയാണ്. ചെന്നൈയിലുള്ള സഹോദരന്റെ അടുത്തേക്ക് മകള്‍ പോകാന്‍ സാധ്യതയില്ലെന്നാണ് കുട്ടിയുടെ പിതാവ് പറയുന്നത്. അസമിലേക്ക് പോകുമെന്നാണ് സംശയമെന്നും അദ്ദേഹം പറഞ്ഞു.
കഴക്കൂട്ടം ബ്ലോക്ക് ഓഫീസിനു സമീപം താമസിക്കുന്ന അസം സ്വദേശി അന്‍വര്‍ ഹുസൈന്റെ മകള്‍ തസ്മീക് തംസമിനെ ഇന്നലെ രാവിലെ 10മണിയോടെ കാണാതായത്.
തസ്മിത്ത് തംസം ബാംഗ്ലൂര്‍- കന്യാകുമാരി എക്‌സ്പ്രസില്‍ യാത്ര ചെയ്തതായി സ്ഥിരീകരിച്ചിരുന്നു. പാറശ്ശാല വരെ കുട്ടി ട്രെയിനിലുണ്ടായിരുന്നുവെന്നുവെന്ന് ട്രെയിനിലെ യാത്രക്കാരിയാണ് പൊലീസിനെ അറിയിച്ചത്. യാത്രക്കാരിയായ വിദ്യാര്‍ത്ഥിനി ബബിതയാണ് പെണ്‍കുട്ടിയുടെ ഫോട്ടോയെടുത്തത്. പെണ്‍കുട്ടി ട്രെയിനില്‍ ഇരുന്ന് കരയുകയായിരുന്നു. ഇതാണ് ശ്രദ്ധിക്കാന്‍ കാരണമെന്നാണ് ബബിത പറയുന്നത്. പുലര്‍ച്ചെ നാലുമണിയോടെയാണ് ഫോട്ടോ സഹിതം വിവരം യാത്രക്കാരി പൊലീസിന് കൈമാറിയത്.
ഉച്ചയ്ക്ക് ഒരുമണിക്ക് തമ്പാനൂരില്‍ നിന്നാണ് ബാംഗ്ലൂര്‍ കന്യാകുമാരി എക്‌സ്പ്രസ് ട്രെയിനില്‍ കയറിയതായാണ് വിവരം. പാറശാല വരെ കുട്ടി ട്രെയിനില്‍ ഉണ്ടായിരുന്നതായി യാത്രക്കാരി പൊലീസിനെ അറിയിച്ചു. കുട്ടിയുടെ കൈയില്‍ 40 രൂപ മാത്രമാണ് ഉണ്ടായിരുന്നതെന്നും ഫോട്ടോ എടുത്ത യാത്രക്കാരി അറിയിച്ചു.
13 Year Girl Missing Live Updates Auto driver spotted her at Kanyakumari station


