പാലക്കാട്: അട്ടപ്പാടി മധു വധക്കേസിൽ 14 പ്രതികൾ കുറ്റക്കാർ. രണ്ട് പേരെ വെറുതെ വിട്ടു. ഒന്നാം പ്രതി ഹുസൈൻ, രണ്ടാം പ്രതി മരക്കാർ, മൂന്നാം പ്രതി ഷംസുദ്ദീൻ, അഞ്ചാം പ്രതി രാധാകൃഷ്ണൻ, ആറാം പ്രതി അബൂബക്കർ, ഏഴാം പ്രതി സിദ്ദിഖ്, എട്ടാം പ്രതി ഉബൈദ്, ഒമ്പതാം പ്രതി നജീബ്, പത്താം പ്രതി ജൈജുമോൻ, 12ാം പ്രതി സജീവ്, 13ാം പ്രതി സതീഷ്, 14ാം പ്രതി ഹരീഷ്, 15ാം പ്രതി ബിജു, 16ാം പ്രതി മുനീർ എന്നിവരെയാണ് കുറ്റക്കാരെന്ന് കോടതി കണ്ടെത്തിയത്. നാലാം പ്രതി അനീഷിനെയും 11ാം പ്രതി അബ്ദുൽ കരീമിനെയുമാണ് വെറുതെ വിട്ടത്.
|
പ്രതികൾക്കെതിരെയുള്ള 304(2) വകുപ്പ് തെളിഞ്ഞതായും കോടതി വ്യക്തമാക്കി. 16ാം പ്രതിക്കെതിരെ 352 വകുപ്പ് മാത്രമാണ് തെളിഞ്ഞിരിക്കുന്നത്. കേസിൽ ശിക്ഷാ വിധി കോടതി നാളെ പ്രഖ്യാപിക്കും. മണ്ണാർക്കാട് എസ്‌സി-എസ്ടി കോടതിയാണ് കേസിൽ വിധി പറഞ്ഞത്. കേസിൽ ആകെ 16 പ്രതികളാണുള്ളത്. ഇവല്ലാവരും കോടതിയിൽ എത്തിയിരുന്നു. മാർച്ച് പത്തിനാണ് കേസിലെ അന്തിമവാദം പൂർത്തിയായത്.
നീതി പ്രതീക്ഷിച്ച് കഴിഞ്ഞ അഞ്ച് വർഷമായി ഒറ്റപ്പെടുത്തലുകളും ഭീഷണിയും മറികടന്ന് കുറ്റക്കാരെ നിയമത്തിന് മുന്നിൽ എത്തിക്കാൻ മധുവിന്റെ കുടുംബം നടത്തിയ പോരാട്ടമാണ് കേസിനെ വിധി പ്രഖ്യാപനം വരെ എത്തിച്ചത്. സാക്ഷിവിസ്താരവും അന്തിമ വാദവും പൂർത്തിയായ കേസ് വിധി പറയാൻ രണ്ട് തവണ മാറ്റിവച്ചിരുന്നു. ഏറെ നാടകീയ സംഭവങ്ങൾക്കൊടുവിലാണ് അട്ടപ്പാടി മധു വധക്കേസ് വിധി പ്രഖ്യാപനത്തിലേക്ക് കടന്നത്.
2018 ഫെബ്രുവരി 22നാണ് അട്ടപ്പാടി ആനവായ് കടുകമണ്ണ ഊരിലെ ആദിവാസി യുവാവ് മധു കൊല്ലപ്പെടുന്നത്. മോഷണ കുറ്റമാരോപിച്ച് ഒരു സംഘമാളുകൾ മധുവിനെ ക്രൂരമായി മർദിച്ച് കൊലപ്പെടുത്തിയെന്നാണ് കേസ്. പ്രോസിക്യൂട്ടർമാർ മാറി മാറിയെത്തിയ കേസ് 11 മാസം നീണ്ട സാക്ഷി വിസ്താരത്തിന് ശേഷമാണ് വിധി പ്രഖ്യാപനത്തിലേക്ക് കടന്നത്. 3000ത്തിലധികം പേജുകളുളള കുറ്റപത്രത്തിൽ 127 സാക്ഷികളാണ് ഉണ്ടായിരുന്നത്. ഇതിൽ മധുവിന്റെ ബന്ധുക്കളുൾപ്പടെ 24 പേർ വിചാരണക്കിടെ കൂറുമാറിയിരുന്നു.
കൂറുമാറിയ വനം വകുപ്പിലെ താൽക്കാലിക ജീവനക്കാരായ നാലുപേരെ ജോലിയിൽ നിന്നും പിരിച്ചുവിട്ടിരുന്നു. ഇതിനിടെ കൂറുമാറിയ സാക്ഷികൾ കോടതിയിലെത്തി പ്രോസിക്യൂഷന് അനുകൂല മൊഴി നൽകി. കൂറുമാറിയ സാക്ഷിയുടെ കാഴ്ച പരിശോധിക്കുക എന്ന അപൂർവങ്ങളിൽ അപൂർവമായ സംഭവത്തിനും മണ്ണാർക്കാട്ടെ പ്രത്യേക കോടതി വിസ്താരത്തിനിടെ സാക്ഷിയായി. മാർച്ച് പത്തിന് കേസിന്റെ അന്തിമവാദം പൂർത്തിയായിരുന്നു. 18ന് വിധി പറയും എന്നായിരുന്നു ആദ്യം കോടതി അറിയിച്ചിരുന്നത്. എന്നാൽ സാങ്കേതിക തടസങ്ങളാൽ കേസിലെ വിധി പ്രഖ്യാപനം ഇന്നത്തേക്ക് മാറ്റുകയായിരുന്നു.





