|
ലഖ്‌നൗ: ഉത്തര്‍പ്രദേശിലെ പ്രയാഗ്രാജില്‍ (അലഹാബാദ്) നടന്നുവരുന്ന മഹാ കുംഭമേളയില്‍ മൗനി അമാവാസി ചടങ്ങുകള്‍ക്കിടെ ഉണ്ടായ തിക്കിലും തിരക്കിലും പെട്ട് 14 പേര്‍ മരിച്ചു. എന്നാല്‍ മരണസംഖ്യ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. 50ഓളം പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഇന്ന് പുലര്‍ച്ചെ 1.30 ഓടെയായിരുന്നു അപകടത്തിന് തുടക്കം. തിരക്കിനെ തുടര്‍ന്ന് അമൃത് സ്‌നാന ചടങ്ങുകള്‍ നിര്‍ത്തിവെച്ചു. സംഗമത്തില്‍ മുങ്ങിക്കുളിച്ച ശേഷം ഭക്തര്‍ സ്ഥലം വിടണമെന്ന് അധികൃതര്‍ അഭ്യര്‍ത്ഥിച്ചു.
കനത്ത സുരക്ഷ ഒരുക്കിയിരുന്നെങ്കിലും പുലര്‍ച്ചെയോടെ വലിയ ജനത്തിരക്കാണ് അനുഭവപ്പെട്ടത്. തിക്കിലും തിരക്കിലും ബാരിക്കേഡുകള്‍ തകര്‍ന്നാണ് ദുരന്തമുണ്ടായതെന്നാണ് റിപ്പോര്‍ട്ട്. പരിക്കേറ്റവരെ കുംഭത്തിലെ സെക്ടര്‍ 2 ലെ താല്‍ക്കാലിക ആശുപത്രിയിലേക്ക് മാറ്റി. തിക്കിലും തിരക്കിലും പെട്ട് ഇന്നത്തെ അമൃത് സ്‌നാന്‍ റദ്ദാക്കിയതായി അഖാര പരിഷത്ത് കൗണ്‍സില്‍ അറിയിച്ചു. നിരവധി കുടുംബങ്ങള്‍ ഒറ്റപ്പെട്ടുപോയതായി ദൃക്‌സാക്ഷികള്‍ പറഞ്ഞു.
‘രണ്ടാം ഷാഹി സ്‌നാന്‍’ ദിനമായ മൗനി അമാവാസിയോടനുബന്ധിച്ച് ത്രിവേണി സംഗമത്തില്‍ പതിനായിരക്കണക്കിന് ആളുകള്‍ തടിച്ചുകൂടിയപ്പോള്‍ ബാരിക്കേഡുകള്‍ തകരുകയായിരുന്നു. പരിക്കേറ്റവരുടെ എണ്ണം ഇതുവരെ സ്ഥിരീകരിച്ചിട്ടില്ലെങ്കിലും സംഭവത്തില്‍ കുറഞ്ഞത് 30 മുതല്‍ 40 വരെ ആളുകള്‍ക്ക് പരിക്കേറ്റിരിക്കാമെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു.
അടിയന്തര സഹായ നടപടികള്‍ ആവശ്യപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്രമോദി ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥുമായി സ്ഥിതിഗതികള്‍ അവലോകനം ചെയ്തതായി വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.





