കാസര്‍കോട് കാഞ്ഞങ്ങാട് കട കുത്തിത്തുറന്ന് 42000ത്തിലേറെ രൂപയുടെ ചോക്കലേറ്റ് മോഷ്ടിച്ച സംഭവത്തില്‍ 17കാരനടക്കം മൂന്നുപേരെ പോലീസ് അറസ്റ്റു ചെയ്തു. സംഘത്തിലെ നാലാമനെ പിടികൂടാനുള്ള ശ്രമം തുടരുന്നു. കാഞ്ഞങ്ങാട് കുശാല്‍ നഗറിലെ ഫസല്‍ റഹ്‌മാന്‍ (19), ബി വിവിഷ് (19), കാഞ്ഞങ്ങാട് തീരദേശ ഗ്രാമത്തിലെ 17കാരന്‍ എന്നിവരെയാണ് ഹൊസ്ദുര്‍ഗ് എസ് ഐ വി പി അഖില്‍ അറസ്റ്റു ചെയ്തത്. സംഘത്തിലെ നാലാമന്‍ ആസിഫ്(23) ഗോവയിലേക്കു കടന്നുവെന്ന് പൊലീസ് വ്യക്തമാക്കി.
|
ജനുവരി 14നാണ് കോട്ടച്ചേരിയിലെ മൊണാര്‍ക്ക് എന്റര്‍പ്രൈസസില്‍നിന്ന് സംഘം ചോക്കലേറ്റ് മോഷ്ടിച്ചത്. ചോക്കലേറ്റിനു പുറമെ മേശവലിപ്പിലുണ്ടായിരുന്ന 1680 രൂപയും സംഘം കവര്‍ന്നു. സമീപത്തെ വസ്ത്രശാലയിലെ സിസിടിവി കാമറയില്‍ മോഷണദൃശ്യം പതിഞ്ഞിരുന്നു. നീല ജീന്‍സും ഇളംനിറത്തിലുള്ള ഷര്‍ട്ടും ധരിച്ച യുവാവ് കാവല്‍ നില്‍ക്കുന്നതും മറ്റു രണ്ട് യുവാക്കള്‍ ഷട്ടര്‍ കുത്തിപ്പൊളിക്കുന്നതും ദൃശ്യത്തില്‍ വ്യക്തമായിരുന്നു.
ഏതാനും ദിവസം മുമ്പ് കാഞ്ഞങ്ങാട് വടകരമുക്കിലെ കാരവളി മാര്‍ക്കറ്റിങ് ഐസ്‌ക്രീം ഗോഡൗണില്‍ നടന്ന കവര്‍ച്ചയ്ക്കു പിന്നില്‍ ഫസല്‍ റഹ്‌മാന്‍ ഒഴികെയുള്ള ഇതേ സംഘമായിരുന്നുവെന്ന് ഇവിടുത്തെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച പൊലീസ് കണ്ടെത്തി. 70,000 രൂപയാണ് ഇവിടെ നിന്ന് നഷ്ടപ്പെട്ടത്.





