20
Aug 2024
Sat
20 Aug 2024 Sat
2034 fifa world cup saudi stadium

റിയാദ്: സൗദി അറേബ്യയില്‍ നടക്കാനിരിക്കുന്നത് ചരിത്രത്തിലെ ഏറ്റും വലിയ ലോക കപ്പ്. (2034 Fifa world cup in saudi; details announced) 48 ടീമുകള്‍ പങ്കെടുക്കുന്ന ടൂര്‍ണമെന്റ് സൗദിയിലെ അഞ്ച് നഗരങ്ങളിലായാണ് നടക്കുക. റിയാദ്, ജിദ്ദ, അല്‍ഖോബാര്‍, അബഹ, നിയോം എന്നീ നഗരങ്ങളാണ് കാല്‍പ്പന്തിന്റെ ലോക മാമാങ്കത്തിന് വേദിയാവുക. ഈ നഗരങ്ങളില്‍ നിലവിലുള്ളതും പുതുതായി നിര്‍മിക്കുന്നതുമായ 15 സ്റ്റേഡിയങ്ങളാണ് ഇതിനായി ഉപയോഗിക്കുക. 11 സ്റ്റേഡിയങ്ങള്‍ പുതുതായി നിര്‍മിക്കും.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

പ്രധാന വേദി റിയാദില്‍ പുതുതായി നിര്‍മിക്കുന്ന കിങ് സല്‍മാന്‍ സ്റ്റേഡിയമാണ്. 92,000-ലധികം കാണികളെ ഉള്‍ക്കൊള്ളാന്‍ ശേഷിയുള്ള ഈ സ്റ്റേഡിയത്തിലായിരിക്കും ലോകകപ്പിന്റെ ഉദ്ഘാടന ചടങ്ങും ആദ്യ മത്സരവും ഫൈനല്‍ മത്സരവും. സൗദി ദേശീയ ടീമിന്റെ ആസ്ഥാനം കൂടിയായിരിക്കും ഈ സ്റ്റേഡിയം. മത്സരങ്ങള്‍ നടക്കുന്ന 15 സ്റ്റേഡിയങ്ങളില്‍ എട്ടെണ്ണം റിയാദിലായിരിക്കും.

റിയാദ് നഗരത്തിന് സമീപമുള്ള ഖിദ്ദിയയില്‍ നിര്‍മിക്കുന്ന അമീര്‍ മുഹമ്മദ് ബിന്‍ സല്‍മാന്‍ സ്റ്റേഡിയവും, റിയാദിലെ കിങ് ഫഹദ് സ്പോര്‍ട്സ് സിറ്റി സ്റ്റേഡിയവും മത്സരത്തിന് വേദിയാകും. ബഗ്ലഫിലുള്ള കിങ് ഫഹദ് സ്റ്റേഡിയം ഏറ്റവും പുതിയ അന്താരാഷ്ട്ര മാനദണ്ഡങ്ങള്‍ക്കനുസൃതമായി വികസിപ്പിക്കുകയും അതിന്റെ ശേഷി 70,000 ഇരിപ്പിടങ്ങളായി വര്‍ധിപ്പിക്കുകയും ചെയ്യും.
2034 fifa world cup saudi

ജിദ്ദയിലെ അല്‍ബലദ് മേഖലയില്‍ മരയുരുപ്പടി വാസ്തുവിദ്യാ ശൈലിയില്‍ നിര്‍മിക്കുന്ന ‘ഡൗണ്‍ടൗണ്‍ ജിദ്ദ സ്റ്റേഡിയമാണ്’ഒരു ടൂര്‍ണമെന്റ് വേദി. ചെങ്കടലിലെ അതിശയകരമായ പവിഴപ്പുറ്റുകളുടെ ആകൃതിയില്‍ നിര്‍മിച്ചിട്ടുള്ള കിങ് അബ്ദുല്ല ഇക്കണോമിക് സിറ്റിയിലെ കോസ്റ്റല്‍ സ്റ്റേഡിയവും ജിദ്ദയിലെ മറ്റൊരു വേദിയാവും. കിഴക്കന്‍ പ്രവിശ്യയിലെ അല്‍ഖോബാര്‍ നഗരത്തില്‍ അറേബ്യന്‍ ഗള്‍ഫ് തീരത്തുള്ള അരാംകോ സ്റ്റേഡിയമാണ് മത്സര വേദി.

2034 FIFA World Cup| ആതിഥേയത്വം വഹിക്കാനുള്ള ഔദ്യോഗിക നോമിനേഷന്‍ സൗദി കൈമാറി

അബഹയിലെ കിങ് ഖാലിദ് യൂനിവേഴ്‌സിറ്റി സ്റ്റേഡിയം 45,000 പേര്‍ക്കിരിക്കാവുന്ന രീതിയില്‍ വികസിപ്പിക്കും. ലോകത്തിലെ ഏറ്റവും മികച്ച സ്റ്റേഡിയങ്ങളിലൊന്നായി കണക്കാക്കുന്ന നിയോം സ്റ്റേഡിയമാണ് സൗദി വടക്കന്‍ മേഖലയിലെ ലോകകപ്പ് വേദി. ലോകത്തിന്റെ നാനാഭാഗത്ത് നിന്ന് എത്തുന്ന ഫുട്‌ബോള്‍ പ്രേമികള്‍ക്ക് രാജ്യത്ത് വിവിധ ഭാഗങ്ങളിലായി 2,30,000ലധികം ഹോട്ടല്‍ മുറികള്‍ ഒരുക്കുമെന്നും വിശദാംശങ്ങളില്‍ വ്യക്തമാക്കുന്നു.

കളിക്കാര്‍ക്കായി 132 പരിശീലന കേന്ദ്രങ്ങള്‍ ഒരുക്കും. പരിശീലന ക്യാമ്പുകള്‍ 72 സ്റ്റേഡിയങ്ങളിലാണ് സജ്ജീകരിക്കുക. റഫറിമാര്‍ക്ക് രണ്ട് പരിശീലന കേന്ദ്രങ്ങളുമുണ്ടാവും. ടൂര്‍ണമെന്റില്‍ പങ്കെടുക്കുന്ന 48 ടീമുകള്‍ക്കും അവരെ അനുഗമിക്കുന്ന പ്രതിനിധി സംഘങ്ങള്‍ക്കും രാജ്യത്തെ 15 നഗരങ്ങളിലായാണ് ആതിഥേയത്വത്തിനുള്ള സൗകര്യമൊരുക്കുക. ഈ നഗരങ്ങളില്‍ ‘ഫിഫ ഫാന്‍ ഫെസ്റ്റിവല്‍ വില്ലേജുകളും’ തയ്യാറാക്കും.