15
Feb 2025
Tue
15 Feb 2025 Tue
205 INDIANS DEPORTED FROM US

ന്യൂഡല്‍ഹി: അനധികൃത കുടിയേറ്റക്കാരെന്നാരോപിച്ച് ആയിരക്കണക്കിന് വിദേശികളെ നാടുകടത്തുന്ന പ്രക്രിയക്ക് അമേരിക്ക തുടക്കം കുറിച്ചു. (205 INDIANS DEPORTED FROM US) ആദ്യഘട്ടമായി 205 ഇന്ത്യക്കാരെ നാട്ടിലേകയച്ചു. അമേരിക്കന്‍ സൈനിക വിമാനമായ സി-17 എയര്‍ക്രാഫ്റ്റിലാണ് ഇന്ത്യയില്‍ നിന്നുള്ള കുടിയേറ്റക്കാരെ അയച്ചത്. ഇന്ത്യയുടെ ഉറ്റസുഹൃത്തെന്ന് വിശേഷിപ്പിച്ച ഡോണാള്‍ഡ് ട്രമ്പിന്റെ നടപടി പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ഞെട്ടിച്ചിരിക്കുകയാണ്.

whatsapp 205 ഇന്ത്യക്കാരെ നാട് കടത്തി ട്രമ്പ്; അന്തം വിട്ട് മോദി
ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

‘ചരിത്രത്തില്‍ ആദ്യമായി ഞങ്ങള്‍ അനധികൃത കുടിയേറ്റക്കാരെ തിരഞ്ഞ് കണ്ടുപിടിക്കുകയും അവര്‍ എവിടെ നിന്നുവന്നോ അവിടേക്ക് പറഞ്ഞയയ്ക്കുകയും ചെയ്യുകയാണ്.’ കുടിയേറ്റക്കാരെ നാടുകടത്തുന്ന അമേരിക്കയുടെ ദൗത്യത്തെ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് വിശേഷിപ്പിച്ചത് അങ്ങനെയാണ്.

ഇന്ത്യന്‍ സമയം പുലര്‍ച്ചെ മൂന്ന് മണിക്ക് ടെക്സസിലെ സാന്‍ ആന്റോണിയോ വിമാനത്താവളത്തില്‍ നിന്നാണ് വിമാനം ടേക്ക് ഓഫ് ചെയ്തത്. വിമാനത്തിലെ യാത്രക്കാര്‍ മുഴുവന്‍ ഇന്ത്യക്കാരാണെന്ന് സ്ഥിരീകരിച്ചിട്ടുണ്ടെന്നും വിവരമുണ്ട്.

ALSO READ: കോട്ടയ്ക്കകത്ത് നിധിതേടി കുഴികുത്തിയ സംഭവം; പഞ്ചായത്ത് വൈസ് പ്രസിഡന്റിനെ പാര്‍ട്ടി പദവികളില്‍ നിന്നൊഴിവാക്കി തടിയൂരി മുസ്ലിം ലീഗ്

അനധികൃത കുടിയേറ്റക്കാരെ കയറ്റി തിരിച്ചയക്കുന്നതില്‍ അമേരിക്കയില്‍നിന്ന് ഏറ്റവും അകലെയുള്ള രാജ്യമാണ് ഇന്ത്യ. അമേരിക്കയിലെ വിവിധ വിമാനത്താവളങ്ങളില്‍ നിന്നായി പല രാജ്യങ്ങളില്‍ നിന്നെത്തിയ അയ്യായിരത്തോളം അനധികൃത കുടിയേറ്റക്കാരെ ഇതിനകം തിരിച്ചയച്ചതായാണ് വിവരം.

അനധികൃത കുടിയേറ്റക്കാരെ അടിയന്തരമായി നാടുകടത്തുന്നതിനായി കഴിഞ്ഞ ആഴ്ചയാണ് ഡൊണാള്‍ഡ് ട്രംപ് സൈനിക വിമാനങ്ങള്‍ ഉപയോഗിച്ചു തുടങ്ങിയത്. ലാറ്റിന്‍ അമേരിക്കന്‍ രാജ്യങ്ങളിലേക്ക് ഇതിനകം ആറ് വിമാനങ്ങളാണ് അനധികൃതമായി കുടിയേറിയ ആളുകളുമായി പോയത്.

ഇതില്‍ നാലു വിമാനങ്ങള്‍ ഗ്വാട്ടിമാലയില്‍ ഇറങ്ങി. കോളംബിയയിലെത്തിയ വിമാനം ലാന്‍ഡ് ചെയ്യാന്‍ അധികൃതര്‍ അനുവദിച്ചില്ല. പിന്നീട് അവരുടെ വിമാനം അയച്ചാണ് കുടിയേറ്റക്കാരെ തിരിച്ചെത്തിച്ചത്.

അമേരിക്കയുടെ ചരിത്രത്തിലെ ഏറ്റവും വലിയ നാടുകടത്തലിനാണ് ട്രംപ് ഭരണകൂടം തയാറെടുക്കുന്നത്. അമേരിക്ക തയാറാക്കിയിട്ടുള്ള അനധികൃത കുടിയേറ്റക്കാരുടെ പ്രാഥമിക പട്ടികയില്‍ 18,000 ഇന്ത്യക്കാരുണ്ടെന്നാണ് റിപ്പോര്‍ട്ട്.

മൊത്തം 15 ലക്ഷം പേരാണ് പട്ടികയിലുള്ളത്. എന്നാല്‍, 7.25 ലക്ഷം ഇന്ത്യക്കാര്‍ അനധികൃതമായി അമേരിക്കയില്‍ താമസിക്കുന്നുണ്ടെന്നാണ് സൂചന. അമേരിക്കയില്‍ അനധികൃതമായി കുടിയേറി പാര്‍ത്തവരുടെ എണ്ണത്തില്‍ മൂന്നാം സ്ഥാനത്താണ് ഇന്ത്യ.

യു.എസില്‍നിന്നും ഇന്ത്യയിലേക്ക് നാടുകടത്തുന്നവരുടെ കൃത്യമായ എണ്ണം ഔദ്യോഗികമായി ലഭ്യമായിട്ടില്ലെന്നും ആ വിവരങ്ങള്‍ പരിശോധിച്ച് വരികയാണെന്നുമാണ് വിദേശകാര്യ മന്ത്രി എസ്.ജയശങ്കര്‍ മുമ്പ് പറഞ്ഞത്. സാധുവായ രേഖകളില്ലാതെ അമേരിക്കയില്‍ താമസിക്കുന്ന ഇന്ത്യക്കാര്‍ക്ക് തിരിച്ചെത്തുന്നതില്‍ തടസ്സമില്ലെന്നും അദ്ദേഹം അറിയിച്ചിരുന്നു.

അനധികൃത ഇന്ത്യന്‍ കുടിയേറ്റക്കാരുടെ കാര്യത്തില്‍ ഉചിതമായത് ചെയ്യുമെന്നാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി നിലപാട് എടുത്തിട്ടുള്ളതെന്നാണ് ഡൊണാള്‍ഡ് ട്രംപ് അറിയിച്ചത്.

അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ ട്രമ്പിനോടൊപ്പമായിരുന്നു കേന്ദ്രം ഭരിക്കുന്ന ബിജെപി സര്‍ക്കാര്‍. എന്നാല്‍, ഇന്ത്യക്കാരുടെ കാര്യത്തില്‍ ഒരു അയവുമില്ലാത്ത നിലപാടാണ് ട്രമ്പ് സ്വീകരിച്ചിരിക്കുന്നത്. അമേരിക്കയിലേക്ക് കുടിയേറിയ ഇന്ത്യക്കാരില്‍ വലിയൊരു ഭാഗം ഗുജറാത്ത് ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളില്‍ നിന്നുള്ളവരാണ്. ഇന്ത്യയില്‍ ബിജെപി-ആര്‍എസ്എസ് പ്രവര്‍ത്തനത്തിന് ഫണ്ട് നല്‍കുന്നവരില്‍ വലിയൊരു ഭാഗം ഇവരാണ്.

\