ചണ്ഡിഗഢ്: പൊലീസ് കസ്റ്റഡിയില്‍ കൂട്ടുപ്രതിയുമായി ലൈംഗികബന്ധത്തിന് നിര്‍ബന്ധിച്ചെന്ന അഭിഭാഷകന്റെ പരാതിയില്‍ എസ്പി ഉള്‍പ്പെടെ മൂന്ന് പൊലീസുകാര്‍ അറസ്റ്റില്‍. എസ്പി ഉള്‍പ്പെടെ ആറ് പേര്‍ക്കെതിരെയാണ് കേസെടുത്തത്. മുക്ത്‌സര്‍ എസ്പി രമണ്‍ദീപ് സിംഗ് ഭുള്ളര്‍, ഇന്‍സ്‌പെക്ടര്‍ രമണ്‍ കുമാര്‍ കാംബോജ്, കോണ്‍സ്റ്റബിള്‍മാരായ ഹര്‍ബന്‍സ് സിംഗ്, ഭൂപീന്ദര്‍ സിംഗ്, ഗുര്‍പ്രീത് സിംഗ്, ഹോം ഗാര്‍ഡ് ദാരാ സിംഗ് എന്നിവര്‍ക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്. ഇവരില്‍ എസ്പി ഭുള്ളര്‍, ഇന്‍സ്‌പെക്ടര്‍ കാംബോജ്, കോണ്‍സ്റ്റബിള്‍ ഹര്‍ബന്‍സ് സിംഗ് എന്നിവരാണ് അറസ്റ്റിലായത്.
|
പഞ്ചാബിലെ മുക്ത്‌സര്‍ ജില്ലയിലാണ് സംഭവം. ലുധിയാന പൊലീസ് കമ്മീഷണര്‍ മന്‍ദീപ് സിംഗ് സിദ്ദുവിന്റെ നേതൃത്വത്തില്‍ നാലംഗ പ്രത്യേക സംഘമാണ് കേസ് അന്വേഷിക്കുന്നത്.
സെപ്തംബര്‍ 14നാണ് അഭിഭാഷകന്‍ അറസ്റ്റിലായത്. അഭിഭാഷകര്‍ പൊലീസ് സംഘത്തെ ആക്രമിക്കുകയും ചില ഉദ്യോഗസ്ഥരുടെ യൂണിഫോം വലിച്ചുകീറുകയും ചെയ്‌തെന്ന ക്രൈം ഇന്‍വെസ്റ്റിഗേഷന്‍ ഏജന്‍സി ഇന്‍ചാര്‍ജ് രമണ്‍ കുമാര്‍ കാംബോജിന്റെ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു അറസ്റ്റ്. മറ്റൊരാളെയും അഭിഭാഷകനൊപ്പം അറസ്റ്റ് ചെയ്തിരുന്നു. അഭിഭാഷകന്റെ മൊഴിയുടെ അടിസ്ഥാനത്തില്‍ പൊലീസുകാര്‍ക്കെതിരെ കേസെടുക്കാന്‍ സെപ്തംബര്‍ 22ന് മുക്ത്‌സര്‍ ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് ഉത്തരവിട്ടു.
പ്രകൃതിവിരുദ്ധ ലൈംഗികത, അനധികൃത തടവ്, ഭീഷണിപ്പെടുത്തല്‍ തുടങ്ങിയ കുറ്റങ്ങളാണ് പൊലീസുകാര്‍ക്കെതിരെ ചുമത്തിയത്. അഭിഭാഷകന്റെ കസ്റ്റഡി പീഡന ആരോപണം അന്വേഷിക്കുന്ന പ്രത്യേക സംഘം പഞ്ചാബ് ഇന്‍വെസ്റ്റിഗേഷന്‍ ബ്യൂറോ ഡയറക്ടര്‍ക്ക് റിപ്പോര്‍ട്ട് സമര്‍പ്പിക്കും. പഞ്ചാബ്-ഹരിയാന ഹൈക്കോടതിയിലെ ബാര്‍ അസോസിയേഷന്‍ സംഘം മുഖ്യമന്ത്രി ഭഗവന്ത് മന്നുമായി ചണ്ഡിഗഢില്‍ നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് പൊലീസുകാരെ അറസ്റ്റ് ചെയ്തത്.





