27
Nov 2023
Fri
27 Nov 2023 Fri

പത്തനാപുരം: ഉപയോഗിക്കാത്ത വൈദ്യുതിയ്ക്ക് ബിപിഎല്‍ കുടുംബത്തിന് കെഎസ്ഇബിയുടെ വക ഷോക്ക്. പത്തനാപുരം പട്ടാഴി വടക്കേക്കര പഞ്ചായത്തില്‍ കൈതവേലില്‍ വീട്ടില്‍ ഓമന എന്ന വീട്ടമ്മയ്ക്കാണ് ഉപയോഗിക്കാത്ത വൈദ്യുതിയ്ക്ക് 3000 ത്തോളം രൂപ വൈദ്യുത ബില്‍ വന്നിരിക്കുന്നത്. ചോര്‍ന്ന് ഒലിച്ച് തകര്‍ന്ന് വീഴാവുന്ന വീട്ടിലായിരുന്നു ഇവര്‍ താമസിച്ച് വന്നത്. ഭര്‍ത്താവും മകളും രോഗികളാണ്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ലൈഫ് പദ്ധതിയില്‍ വീട് ലഭിച്ചപ്പോള്‍ പഴയ വീട് പൊളിച്ചതിനെ തുടര്‍ന്ന് കഴിഞ്ഞ 6 മാസമായി താല്കാലിക ഷെഡ്ഡ് കെട്ടിയാണ് ഇവര്‍ താമസിക്കുന്നത്. പഴയ വീട് പൊളിച്ചപ്പോള്‍ വൈദ്യുതി വിച്ചേദിച്ചതാണ്. താല്കാലിക ഷെഡ്ഡില്‍ മെഴുകുതിരി വെളിച്ചത്തിലാണ് ഇവര്‍ കഴിഞ്ഞു വരുന്നത്. കണക്ഷന്‍ ഇല്ലാത്ത മീറ്ററില്‍ നോക്കിയാണ് കെഎസ്ഇബി ഉദ്യോഗസ്ഥര്‍ ഈ പാവങ്ങള്‍ക്ക് ബില്ല് നല്‍കിയത്. ഇവരുടെ പുതിയ വീട് നിര്‍മ്മാണത്തിന് കോണ്‍ക്രീറ്റ് ജോലിക്കും മറ്റും ജനറേറ്റര്‍ 2000 രൂപ ദിവസ വാടക നല്കിയാണ് ഉപയോഗിക്കുന്നത്.

ഇവര്‍ക്ക് വൈദ്യുതിയ്ക്ക് പുതിയ കണക്ഷന്‍ ലഭിക്കുന്നതിനായി അപേക്ഷ നല്കിയപ്പോള്‍ 8000 രൂപ പോസ്റ്റ് സ്ഥാപിച്ചാല്‍ മാത്രമേ കണക്ഷന്‍ നല്കുകയുള്ളൂ എന്ന് കെഎസ്ഇബി അധികൃതര്‍ പറഞ്ഞതായും ഇവര്‍ പറയുന്നു. ഇവരുടെ വീടിനോട് ചേര്‍ന്ന് വൈദ്യുതി പോസ്റ്റും ലൈനും പോകുന്നുണ്ട്. പ്രദേശത്ത് തന്നെ പല വീട്ടുകാര്‍ക്കും റോഡിലെ പോസ്റ്റില്‍ നിന്നും വീടുമായി ദൂരമുണ്ടായിട്ടും പോസ്റ്റില്ലാതെ വൈദ്യംതി കണക്ഷന്‍ നല്കിയിട്ടുണ്ട്. വീട്ടുവേലയെടുത്താണ് രോഗിയായ ഭര്‍ത്താവും മകളുമടങ്ങുന്ന 4 അംഗ കുടുംബം കഴിയുന്നത്. ബിപിഎല്‍ കൂടുംബത്തിന് സൗജന്യമായി വൈദ്യതി കണക്ഷനും ആവശ്യമായാല്‍ പോസ്റ്റും നല്കണമെന്നിരിക്കയാണ് ഈ നിര്‍ദ്ദന കുടുംബത്തോട് പട്ടാഴി വൈദ്യുതി സെക്ഷന്റെ ഇരുട്ടടി.