വയനാട്: ദുരന്തം വിഴുങ്ങിയ മുണ്ടക്കൈ, ചൂരല്‍മല മേഖലയില്‍ ഇന്ന് മുതല്‍ 6 സോണുകളായി തിരിച്ച് തെരച്ചില്‍ നടത്തും. (40 teams for search in Wayanad today; It will be divided into six zones) 40 ടീമുകളാണ് തിരിച്ചിലിന് ഉണ്ടാവുക. അട്ടമലയും ആറന്‍മലയും ചേര്‍ന്നതാണ് ആദ്യത്തെ സോണ്‍. മുണ്ടക്കൈ, പുഞ്ചിരിമട്ടം , വെള്ളാര്‍മല വില്ലേജ് റോഡ്, ജിവിഎച്ച്എസ്എസ് വെള്ളാര്‍മല, പുഴയുടെ അടിവാരം എന്നിവയാണ് മറ്റ് സോണുകള്‍.
|
പട്ടാളം, എന്‍ഡിആര്‍എഫ്, ഡിഎസ്ജി, കോസ്റ്റ് ഗാര്‍ഡ്, നേവി, എംഇജി, സന്നദ്ധ സംഘടനകള്‍ ഉള്‍പ്പെടെയുള്ള സംയുക്ത സംഘമാണ് തെരച്ചില്‍ നടത്തുക. ഓരോ ടീമിലും മൂന്നു നാട്ടുകാരും ഒരു വനംവകുപ്പ് ജീവനക്കാരനും ഉണ്ടാവും. മണ്ണിനടിയില്‍ പുതഞ്ഞുകിടക്കുന്ന മൃതദേഹങ്ങള്‍ കണ്ടെത്തുന്നതിനായി ഡ്രോണ്‍ ബേസ്ഡ് റഡാര്‍ സംവിധാനം ഉപയോഗിക്കും. തമിഴ്‌നാട്ടില്‍ നിന്ന് കൂടുതല്‍ കഡാവര്‍ നായ്ക്കളും എത്തും.
ബെയ്‌ലി പാലം തുറന്നുകൊടുത്തതോടെ ഇന്ന് തിരച്ചില്‍ കൂടുതല്‍ സജീവമാവും. കൂടുതല്‍ ഉപകരണങ്ങള്‍ ഇന്നലെ രാത്രി തന്നെ എത്തിച്ചിട്ടുണ്ട്. മണ്ണു മാന്തി യന്ത്രങ്ങള്‍ ഉള്‍പ്പെടെ ഇനിയും യന്ത്രങ്ങള്‍ എത്തിക്കും. മലപ്പുറം ജില്ലയില്‍ നിന്ന് മാത്രം ഇന്ന് 60 മണ്ണുമാന്തി യന്ത്രങ്ങള്‍ എത്തും. കോഴിക്കോട് നിന്നും നിരവധി യന്ത്രങ്ങള്‍ എത്തിക്കുന്നുണ്ട്.
പ്രദേശത്ത് രാവിലെ മുതല്‍ മഴപെയ്യുന്നുണ്ട്. സൈന്യം രാവിലെ 6 മണിയോട് കൂടി തന്നെ തിരച്ചിലിനായി പ്രദേശത്ത് എത്തിച്ചേര്‍ന്നു. അതേസമയം, പുറത്തു നിന്നുള്ള വാഹനങ്ങള്‍ക്ക് കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തും. അത്യാവശ്യമുള്ള വാഹനങ്ങള്‍ മാത്രമേ കടത്തിവിടുകയുള്ളു.
എട്ട് കിലോമീറ്റര്‍ പരിധി 26 എക്കറോളം സ്ഥലം ഉരുള്‍പൊട്ടലില്‍ ഒലിച്ചു പോയിട്ടുണ്ട്. മൂന്ന് വാര്‍ഡുകള്‍ പൂര്‍ണമായും തകര്‍ന്നിട്ടുണ്ട്. ഇത്രയും സ്ഥലത്ത് പരിശോധന പൂര്‍ത്തിയാക്കേണ്ടതുണ്ട്. ഇതിന് നാട്ടുകാരുടെ ഉള്‍പ്പെടെ സഹായത്തോടെ തിരച്ചില്‍ മുന്നോട്ട് കൊണ്ടുപോകാനാണ് പദ്ധതി.





