|
തൊടുപുഴ: 80കളിലെ പത്താംക്ലാസുകാരുടെ പൂർവവിദ്യാർഥി സംഗമത്തിനിടെ കണ്ടുമുട്ടിയ മധ്യവയസ്‌കരായ കമിതാക്കൾ ഒളിച്ചോടി. എറണാകുളം മൂവാറ്റുപുഴയിൽ ആണ് സംഭവം. 1987 ബാച്ച് പത്താംക്ലാസുകാരുടെ സംഗമത്തിലാണ് അൻപതു വയസ്സു പിന്നിട്ട ഇടുക്കി കരിമണ്ണൂർ സ്വദേശിനി മൂവാറ്റുപുഴ സ്വദേശിയായ മധ്യവയസ്‌കനൊപ്പം ഒളിച്ചോടിയത്. സ്‌കൂളിൽ പഠിക്കവെ 35 വർഷത്തിനുശേഷം വീണ്ടും കണ്ടുമുട്ടിയത്.
മൂന്നാഴ്ചത്തെ കൂടിയാലോചനയ്ക്കുശേഷം ഭർത്താവിനെയും മക്കളെയും ഉപേക്ഷിച്ച് വീട്ടമ്മ ഇയാൾക്കൊപ്പം പോയി. മൂവാറ്റുപുഴ സ്വദേശിക്കും ഭാര്യയും കുട്ടികളുമുണ്ട്. വീട്ടമ്മയെ കാണാനില്ലെന്ന് ഭർത്താവ് കരിമണ്ണൂർ പൊലീസിൽ പരാതി നൽകി. ഭർത്താവിനെ കാണാനില്ലെന്നു കാമുകന്റെ ഭാര്യ മൂവാറ്റുപുഴ പൊലീസിലും പരാതി നൽകി.
സൈബർ സെല്ലിന്റെ സഹായത്തോടെ നടത്തിയ അന്വേഷണത്തിൽ ഇരുവരും തിരുവനന്തപുരം, പാലക്കാട്, വേളാങ്കണ്ണി എന്നിവിടങ്ങളിലൂടെ സഞ്ചരിക്കുന്നതായി വിവരം ലഭിച്ചു. മൂവാറ്റുപുഴ പൊലീസ് ഇവരോട് സ്റ്റേഷനിൽ ഹാജരാകാൻ നിർദേശിച്ചു. ഇവർ ശനിയാഴ്ച പൊലീസ് സ്റ്റേഷനിൽ എത്തി.


