ചലചിത്ര പ്രേമികള്‍ക്ക് ഇന്ന് ഇരട്ട സന്തോഷത്തിന്റെ ദിനമാണ്. (70th National Film Awards 2024 Winners Name: Mammootty or Rishab Shetty?) തങ്ങളുടെ പ്രിയ താരങ്ങള്‍ സംസ്ഥാനത്തും ദേശീയ തലസത്തിലും പുരസ്‌കാരങ്ങള്‍ വാരിക്കൂട്ടുമോ എന്നറിയാന്‍ ഇനി മണിക്കൂറുകള്‍ മാത്രം. ദേശീയ-സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങള്‍ ഇന്ന് പ്രഖ്യാപിക്കും. ദേശീയ പുരസ്‌കാരം വൈകീട്ട് മൂന്നുമണിക്ക് ഡല്‍ഹിയിലും സംസ്ഥാന പുരസ്‌കാരം ഉച്ചയ്ക്ക് 12 മണിക്ക് തിരുവനന്തപുരത്തുമാണ് പ്രഖ്യാപിക്കുക. ഇരു അവാര്‍ഡിലും മികച്ച നടനുള്ള അന്തിമ പട്ടികയില്‍ മെഗാസ്റ്റാര്‍ മമ്മൂട്ടി ഇടംപിടിച്ചതായാണ് റിപ്പോര്‍ട്ടുകള്‍.
|
ദേശീയ പുരസ്‌കാരവും സംസ്ഥാന പുരസ്‌കാരവും ഒരേ ദിവസം പ്രഖ്യാപിക്കുന്നുവെന്നത് ഇത്തവണത്തെ പ്രത്യേകതയാണ്. മികച്ച സംവിധായകന്‍, നടന്‍, നടി തുടങ്ങിയ പുരസ്്കാരങ്ങള്‍ക്ക് അവസാന ഘട്ടത്തിലും വാശിയേറിയ മത്സരമാണ് നടക്കുന്നത്. സംവിധായകന്‍ സുധീര്‍ മിശ്ര അധ്യക്ഷനായ ജൂറിയാണ് സംസ്ഥാന പുരസ്‌കാര നിര്‍ണയം നടത്തുന്നത്. ആദ്യ ഘട്ടത്തിലെത്തിയ 160 സിനിമകളില്‍ നിന്ന് 70 ശതമാനം സിനിമകളും പുറത്തായി.
അവസാനഘട്ടത്തിലെത്തിയ 40 സിനിമകളില്‍ നിന്ന് അര ഡസന്‍ ചിത്രങ്ങളില്‍ നിന്നായിരിക്കും പ്രധാന പുരസ്‌കാരങ്ങള്‍. മികച്ച സിനിമയ്ക്കായി ഉള്ളൊഴുക്ക്, ആടുജീവിതം, കാതല്‍ ദ കോര്‍, 2018 എവെരി വണ്‍ ഈസ് എ ഹീറോ, കണ്ണൂര്‍ സ്‌ക്വാഡ് തുടങ്ങിയ ചിത്രങ്ങളുടെ കടുത്ത മത്സരം നടക്കുന്നതായാണ് റിപോര്‍ട്ട്.
ഈ ചിത്രങ്ങളുടെ സംവിധായകരായ ക്രിസ്റ്റോ ടോമി,. ബ്ലെസ്സി, ജിയോ ബേബി, ജൂഡ് ആന്റണി ജോസഫ്, റോബി വര്‍ഗീസ് രാജ് എന്നിവര്‍ മികച്ച സംവിധായകരുടെ അന്തിമ പട്ടികയിലുണ്ട്.
84 നവാഗത സംവിധായകരുടെ ചിത്രങ്ങളാണ് ഈ വര്‍ഷം മത്സരിക്കാനായി എത്തിയത്. ഒടിടിയിലോ തീയറ്ററിലോ റിലീസ് ആകാത്ത ചിത്രങ്ങളും ജൂറിക്കു മുന്നിലെത്തി. മികച്ച നടന്റെ അന്തിമപട്ടികയില്‍ മമ്മൂട്ടിയും പൃഥ്വിരാജും ഇടംപിടിച്ചതായാണ് സൂചന. ഉള്ളൊഴുക്കിലെ ലീലാമ്മയെയും അഞ്ജുവിനെയും അവതരിപ്പിച്ച ഉര്‍വശിയും പാര്‍വതി തിരുവോത്തും അവസാന ഘട്ടത്തിലും ജൂറിയെ കുഴക്കുന്നു.
2022 ലെ പുരസ്‌കാരങ്ങളാണ് ദേശീയ അവാര്‍ഡില്‍ പ്രഖ്യാപിക്കുന്നതെങ്കില്‍ കഴിഞ്ഞ വര്‍ഷത്തെ ചിത്രങ്ങളാണ് സംസ്ഥാന അവാര്‍ഡിന് എത്തിയത്.
ദേശീയ പുരസ്‌കാര പട്ടികയില്‍ കേരളം വലിയ പ്രതീക്ഷയോടെയാണ് കാത്തിരിക്കുന്നത്. മികച്ച നടനാകാന്‍ ദേശീയതലത്തിലും മമ്മൂട്ടിയുടെ പേര് മുന്‍പന്തിയിലുണ്ട്. കഴിഞ്ഞവര്‍ഷം സംസ്ഥാന അവാര്‍ഡ് നേടിയ നന്‍പകല്‍ നേരത്ത് മയക്കത്തിലെയും റോഷാക്കിലെയും അഭിനയ മികവാണ് ദേശീയ പുരസ്‌കാരത്തില്‍ മമ്മൂട്ടിയുടെ പേര് ഉയര്‍ന്നു കേള്‍ക്കാന്‍ കാരണം.
കന്നഡ സൂപ്പര്‍ താരം ഋഷഭ് ഷെട്ടിയും പട്ടികയിലുണ്ട്. കാന്താരയിലെ പ്രകടത്തിനാണ് ഋഷഭ് മത്സരിക്കുന്നത്. മികച്ച നടനെ കൂടാതെ മികച്ച ചിത്രവും നടിയുമുള്‍പ്പെടെയുള്ള വിഭാഗത്തില്‍ ദേശീയ പുരസ്‌കാരം ലഭിക്കുമെന്നാണ് മലയാള സിനിമാ ലോകത്തിന്റെ പ്രതീക്ഷ.


