|
മാര്‍ച്ച് എത്തും മുമ്പേ കേരളം വെന്തുരുകുകയാണ്. സംസ്ഥാനത്തെ ആറു ജില്ലകളില്‍ ഇന്ന് ഉയര്‍ന്ന താപനില മുന്നറിയിപ്പ്. പാലക്കാട്, എറണാകുളം, തൃശൂര്‍, കണ്ണൂര്‍ ജില്ലകളില്‍ ഉയര്‍ന്ന താപനില 37 ഡിഗ്രി വരെയും ആലപ്പുഴ, കോട്ടയം, കോഴിക്കോട് ജില്ലകളില്‍ 36ഡിഗ്രി വരെയും രേഖപ്പെടുത്താന്‍ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
35 മുതല്‍ 38 ഡിഗ്രി വരെയാണ് പാലക്കാട്ടെ ശരാശരി താപനില. ചൂട് കൂടുന്നതോടെ പുറത്തിറങ്ങാന്‍ ആളുകള്‍ മടിക്കുകയാണ്. പാലക്കാട് ജില്ലയില്‍ നെല്ല് പാടങ്ങള്‍ കൊയ്ത്തിന് തയ്യാറെടുക്കുകയാണ്. ജില്ലയില്‍ നെല്ല് വയലുകളിലാണ് ആളുകള്‍ കൂടുതലായും ജോലിക്ക് എത്തുന്നത്. ഇക്കുറി നേരത്തെ എത്തിയ കനത്ത ചൂട് കാര്യമായ ബുദ്ധിമുട്ട് സൃഷ്ടിക്കുന്നുണ്ട് ഇവര്‍ക്ക്. കൃത്യമായ മുന്‍കരുതലുകള്‍ സ്വീകരിച്ചാണ് ജോലികള്‍ ചെയ്യുന്നത്. നഗരത്തിലും സ്ഥിതി വ്യത്യസ്തമല്ല. പുറംജോലികള്‍ ചെയ്യുന്നവരെ ചൂട് വലക്കുകയാണ്. പകല്‍ 10 മണി മുതല്‍ ജില്ലയില്‍ കനത്ത ചൂട് തുടങ്ങുന്നുണ്ട്. നിലവിലെ സ്ഥിതി തുടര്‍ന്നാല്‍ അടുത്ത മാസത്തോടെ താപനില 40 ഡിഗ്രിയില്‍ എത്തുമെന്നാണ് വിദഗ്ദരുടെ വിലയിരുത്തല്‍. പ്രധാന അണക്കെട്ടുകളിലെ ജലനിരപ്പും ഇതിനോടകം താഴ്ന്നു. ചൂട് വര്‍ധിക്കുന്നത് കൃഷിയെയും കുടിവെള്ള പദ്ധതികളെയും ബാധിക്കുമോ എന്ന ആശങ്കയും ആളുകള്‍ക്കുണ്ട്.
നിലവിലെ താപനിലയെക്കാള്‍ 2 മുതല്‍ 4 വരെ ഡിഗ്രി കൂടുതലായിരിക്കും അനുഭവപ്പെടുക. ഇന്നലെ തൃശൂര്‍ വെള്ളാനിക്കരയില്‍ 37 ഡിഗ്രി രേഖപ്പെടുത്തി. കൊച്ചി വിമാനത്താവളത്തിലായിരുന്നു ഏറ്റവും കുറഞ്ഞ താപനില. 32.8 ഡിഗ്രി. പകല്‍ 11 മണി മുതല്‍ 3 മണി വരെ നേരിട്ട് സൂര്യപ്രകാശം ഏല്‍ക്കുന്നത് ഒഴിവാക്കണമെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു. നിര്‍ജലീകരണം ഒഴിവാക്കാന്‍ ധാരാളം വെള്ളം കുടിക്കണമെന്നും നിര്‍ദേശം.





