തിരുവനന്തപുരം: അടുത്ത നാല് ദിവസത്തേക്കുള്ള മഴ മുന്നറിയിപ്പ് പുറത്തിറക്കി കാലാവസ്ഥാ വകുപ്പ്. ഇന്ന് നാല് ജില്ലകളിലാണ് വേനല്‍ മഴ പ്രവചനം. ഏപ്രില്‍ രണ്ടിനു ഏഴ് ജില്ലകളിലും മൂന്നിനു ഒന്‍പത് ജില്ലകളിലും നാലാം തീയതി നാല് ജില്ലകളിലുമാണ് മുന്നറിയിപ്പ്.
|
ഇന്ന് തിരുവനന്തപുരം, പത്തനംതിട്ട, എറണാകുളം, ഇടുക്കി ജില്ലകളിലാണ് നേരിയ മഴ പ്രവചിക്കുന്നത്. നാളെ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളിലാണ് മഴ സാധ്യത.
മറ്റന്നാൾ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, കോഴിക്കോട്, വയനാട് ജില്ലകളിലാണ് മുന്നറിയിപ്പ്. നാലിനു പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം ജില്ലകളിലും പ്രവചനം ഉണ്ട്.
അടുത്ത രണ്ട് ദിവസം കൂടി കടലാക്രമണ സാധ്യതയും പ്രവചിക്കുന്നു. മത്സ്യത്തൊഴിലാളികള്‍ക്കും തീരദേശ വാസികള്‍ക്കും ജാഗ്രതാ നിര്‍ദ്ദേശം.
അതേസമയം കേരള തീരത്ത് ഉയര്‍ന്ന തിരമാലകള്‍ക്ക് സാധ്യതയുണ്ടെന്ന് സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം നിര്‍ദേശം നല്കിയതിനാല് മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കണമെന്ന് മുഖ്യമന്ത്രി. ബീച്ചിലേക്കുള്ള യാത്രകളും കടലില്‍ ഇറങ്ങിയുള്ള വിനോദങ്ങളും പൂര്‍ണമായും ഒഴിവാക്കണമെന്നും മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു.
മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കണം. കടല്‍ക്ഷോഭം രൂക്ഷമാകാന്‍ സാധ്യതയുള്ളതിനാല്‍ അപകട മേഖലകളില്‍ നിന്ന് അധികൃതരുടെ നിര്‍ദ്ദേശാനുസരണം മാറി താമസിക്കണം. മത്സ്യബന്ധന യാനങ്ങള്‍ (ബോട്ട്, വള്ളം, മുതലായവ) ഹാര്‍ബറില്‍ സുരക്ഷിതമായി കെട്ടിയിട്ട് സൂക്ഷിക്കുക. കൂട്ടിയിടിച്ചുള്ള അപകട സാധ്യത ഒഴിവാക്കാന്‍ വള്ളങ്ങള്‍ തമ്മില്‍ സുരക്ഷിത അകലം പാലിക്കണം. മല്‍സ്യബന്ധന ഉപകരണങ്ങളുടെ സുരക്ഷ ഉറപ്പാക്കണം. ബീച്ചിലേക്കുള്ള യാത്രകളും കടലില്‍ ഇറങ്ങിയുള്ള വിനോദങ്ങളും പൂര്‍ണമായും ഒഴിവാക്കുക.
സംസ്ഥാനത്ത് വിവിധയിടങ്ങളില്‍ നടന്ന കടലാക്രമണത്തിന് കാരണം ‘കള്ളക്കടല്‍’ പ്രതിഭാസമാണുണ്ടാകുന്നതെന്ന് ദുരന്തനിവാരണ അതോറിറ്റി വ്യക്തമാക്കിയിരുന്നു. സമുദ്രോപരിതലത്തില്‍ കാലാവസ്ഥാ വ്യതിയാനങ്ങളെ തുടര്‍ന്നുണ്ടാകുന്ന ശക്തമായ തിരമാലകളാണ് ‘കള്ളക്കടല്‍’ പ്രതിഭാസത്തിലുണ്ടാകുന്നത്. അവിചാരിതമായി കടല്‍ കയറി വന്ന് കരയെ വിഴുങ്ങുന്നതിനാലാണ് ഇതിനെ ‘കള്ളക്കടല്‍’ എന്ന് വിളിക്കുന്നത്.





