ഇസ്ലാമാബാദ്: ജയിലിൽ വച്ച് ഭാര്യ ബുഷ്റ ബിബിക്ക് ടോയ്‌ലറ്റ് ക്ലീനർ കലർത്തിയ ഭക്ഷണം നൽകിയെന്ന് പാക് മുൻ പ്രധനമന്ത്രി ഇമ്രാൻ ഖാൻ. ഭക്ഷണത്തിൽ കലർന്ന രാസവസ്തുക്കൾ അവരുടെ ദൈനംദിന വയറുവേദനയ്ക്ക് കാരണമായെന്നും ഇത് ആരോഗ്യത്തെ മോശമാക്കിയെന്നും അദ്ദേഹം ആരോപിച്ചു. പ്രമുഖ പാക്ക് പത്രം എക്‌സ്പ്രസ് ട്രിബ്യൂൺ ആണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.
|
19 കോടി പൗണ്ടിൻ്റെ അഴിമതിക്കേസിൽ റാവൽപിണ്ടിയിലെ അഡിയാല ജയിലിൽ കഴിയുന്ന ഇമ്രാൻ ഖാൻ കേസിലെ വിചാരണയ്ക്കിടെ ആണ് ആരോപണം ഉന്നയിച്ചത്. 49 കാരിയായ ബുഷ്‌റ ബീബി അടുത്തിടെ അഴിമതിക്കേസിലും ഇമ്രാൻ ഖാനുമായി (71) അനധികൃത വിവാഹം നടത്തിയ കേസിലും ശിക്ഷിക്കപ്പെട്ടിരുന്നു. ഇപ്പോൾ ഇസ്ലാമാബാദിൻ്റെ പ്രാന്തപ്രദേശത്തുള്ള അവരുടെ ബനി ഗാല വസതിയിൽ തടങ്കലിൽ കഴിയുകയാണ് . ഇവിടേ വച്ച് മോശമായി പെരുമാറിയെന്നാണ് ആരോപണം.
ഷിഫ ഇൻ്റർനാഷണൽ ഹോസ്പിറ്റലിൽ ബുഷ്റ ബീബിയുടെ പരിശോധന നടത്താൻ ഷൗക്കത്ത് ഖാനം ഹോസ്പിറ്റൽ ചീഫ് മെഡിക്കൽ ഓഫീസർ ഡോ. അസിം യൂസഫ് നിർദ്ദേശിച്ചതായി ഇമ്രാൻ ഖാൻ പറഞ്ഞു. എന്നാൽ, പാകിസ്താൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് (പിംസ്) ആശുപത്രിയിൽ പരിശോധന നടത്തിയാൽ മതിയെന്ന നിലപാടിൽ ജയിൽ ഭരണകൂടം ഉറച്ചുനിൽക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു..
തുടർന്ന് ഇമ്രാൻ ഖാൻ്റെയും ബുഷ്‌റ ബീബിയുടെയും വൈദ്യപരിശോധനയ്ക്ക് ഡോ. യൂസഫിനോട് കോടതി ഉത്തരവിട്ടു. വിചാരണ വേളയിൽ വാർത്താ സമ്മേളനങ്ങൾ നടത്തരുതെന്ന് കോടതി പിന്നീട് ഇമ്രാൻ ഖാനോട് ആവശ്യപ്പെട്ടു. ഭാര്യയെ. കള്ളകേസിൽ കുടുക്കി തടവിലിട്ട് ഇല്ലാതാക്കാനാണ് ശ്രമമെന്നും കരസേനാ മേധാവി ജനറൽ അസിം മുനീറാണ് ഇതിന് ഉത്തരവാദിയെന്നും കഴിഞ്ഞ ദിവസം ഇമ്രാൻ ഖാൻ ആരോപിച്ചിരുന്നു.
ഭാര്യക്കെതിരെ കേസെടുക്കുന്നതിൽ കരസേനാ മേധാവി ജനറൽ അസിം മുനീറിന് നേരിട്ട് പങ്കുണ്ട്. വിധി പ്രസ്താവിക്കുന്നതിൽ അസിം ജഡ്ജിനെ സ്വാധീനിച്ചുവെന്നും അദ്ദേഹം പറഞ്ഞു. ഭാര്യയ്ക്ക് എന്തെങ്കിലും സംഭവിച്ചാൽ അസിം മുനീറിനെ വെറുതെ വിടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തിരുന്നു.
Jailed Imran Khan claims wife was given food mixed with toilet cleaner


