നിമിഷപ്രിയയെ അമ്മ ഇന്ന് കാണും; കൂടിക്കാഴ്ച 12 വര്‍ഷങ്ങള്‍ക്ക് ശേഷം
|
സന്‍ആ: കൊലപാതക കേസില്‍ യമനിലെ ജയിലില്‍ വധശിക്ഷ കാത്തു കഴിയുന്ന മലയാളി നഴ്‌സ് നിമിഷ പ്രിയയെ അമ്മ പ്രേമകുമാരി ഇന്ന് കാണും. കൂടിക്കാഴ്ചയ്ക്ക് അനുമതി ലഭിച്ചതിനാല്‍ ഇന്ന് ഉച്ചയ്ക്ക് ശേഷം രണ്ട് മണിക്ക് ജയിലില്‍ എത്താന്‍ ആണ് നിര്‍ദേശം. നീണ്ട 12 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് പ്രേമകുമാരി മകളെ കാണുന്നത്.
നിമിഷപ്രിയയ്ക്ക് മോചനത്തിനായി ബ്ലഡ് മണി സംബന്ധിച്ച് ചര്‍ച്ചകള്‍ നടത്താനാണ് നീക്കം. ഗോത്രത്തലവന്‍മാരുമായി ചര്‍ച്ച നടത്താനുളള എല്ലാ തയാറെടുപ്പുകളും നടത്തിയെന്നും യമനില്‍ സ്വാധീനമുള്ള വ്യക്തികളെ മുന്നില്‍ നിര്‍ത്തി കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുമെന്നും പ്രേമകുമാരിക്കൊപ്പമുള്ള മനുഷ്യാവകാശ പ്രവര്‍ത്തകനായ സാമുവല്‍ ജെറോം പറഞ്ഞു.
കൊല്ലപ്പെട്ട യമന്‍ പൗരന്‍ തലാല്‍ മഹ്ദിയുടെ കുടുംബത്തെ നേരില്‍ കണ്ട് നിമിഷയുടെ മോചനം സാധ്യമാക്കാനാകുമെന്ന പ്രതീക്ഷയിലാണ് അമ്മ പ്രേമകുമാരി. യമനിലെ നിയമം അനുസരിച്ച് ഇരകളുടെ കുടുംബത്തിന് ബ്ലഡ് മണി വാങ്ങി പ്രതിക്ക് മാപ്പ് നല്‍കാന്‍ കഴിയും. സഊദി ജയിലില്‍ കഴിയുന്ന ഫറോക്ക് സ്വദേശി അബ്ദുള്‍ റഹീമിന്റെ മോചനം ഇത്തരത്തില്‍ അണ് സാധ്യമാകുന്നത്. എന്നാല് നിഷയുടെ കേസില്‍ തലാലിന്റെ കുടുംബം ഇതുവരെ ബ്ലഡ് മണി ചോദിച്ചിട്ടില്ല. അതിനാല്‍ ചര്‍ച്ചയിലൂടെ ബ്ലഡ് മണി കൊടുത്ത് നിമിഷയെ മോചിപ്പിക്കുകയും ഇക്കാര്യം അവരോട് ആവശ്യപ്പെടുകയും ആണ് യാത്രയുടെ ലക്ഷ്യം.
2017ല്‍ യെമന്‍ പൗരന്‍ തലാല്‍ അബ്ദുമഹ്ദി കൊല്ലപ്പെട്ട കേസിലാണ് നിമിഷപ്രിയയ്ക്ക് വധശിക്ഷ വിധിച്ചത്. ശനിയാഴ്ച പുലര്‍ച്ചെയാണ് കൊച്ചി നെടുമ്പാശേരി വിമാനത്താവളത്തില്‍ നിന്ന് പുറപ്പെട്ട പ്രേമകുമാരിയും സാമുവല്‍ ജെറോമും മുംബൈ വഴി യെമനിലേക്ക് പുറപ്പെട്ടത്. ശിക്ഷയില്‍ ഇളവു നല്‍കണമെന്ന നിമിഷപ്രിയയുടെ ആവശ്യം നേരത്തെ യെമന്‍ കോടതി തള്ളിയിരുന്നു. ഇതിനെതിരെ നല്‍കിയ അപ്പീല്‍ യെമന്‍ സുപ്രീം കോടതിയും തള്ളിയിരുന്നു.


