ഗസ്സ: ഫലസ്തീനില്‍ കടന്നുകയറ്റം തുടരുന്ന ഇസ്‌റാഈല്‍ ആയിരക്കണക്കിന് ഫലസ്തീനി ഹജ്ജ് തീര്‍ഥാടകരെ തടഞ്ഞു അവരുടെ ആരാധനയും തടസ്സപ്പെടുത്തി. റഫാ അതിര്‍ത്തിയിലാണ് ഇസ്‌റാഈല്‍ സൈനികര്‍ ഫലസ്തീന്‍ തീര്‍ഥാടകരെ തടഞ്ഞത്. ഈ വര്‍ഷത്തെ ഹജ്ജ് കര്‍മങ്ങള്‍ തുടങ്ങാനിരിക്കെയാണ് അധിനിവേശ സൈന്യത്തിന്റെ നടപടി. ഈജിപ്തുമായി അതിര്‍ത്തി പങ്കിടുന്ന ഫലസ്തീന്‍ പ്രദേശമായ റഫ, ഫലസ്തീനില്‍നിന്നു പുറംലോകത്തേക്കുള്ള ഏക മാര്‍ഗമാണ്. കഴിഞ്ഞ മേയ് ഏഴു മുതല്‍ ഈ അതിര്‍ത്തിപ്രദേശം ഇസ്‌റാഈല്‍ നിയന്ത്രണത്തിലാക്കിയിരിക്കുകയാണ്.
|
ഗസ്സയിലെ ഔഖാഫ്മതകാര്യ മന്ത്രാലയമാണു പ്രസ്താവനയിലൂടെ ഇക്കാര്യം അറിയിച്ചത്. ഹജ്ജിനു പുറപ്പെട്ട ആയിരക്കണക്കിനു ഗസ്സക്കാരെ തടഞ്ഞത് ആരാധനാ സ്വാതന്ത്ര്യത്തിന്റെയും രാജ്യാന്തര മാനുഷിക നിയമങ്ങളുടെയും ലംഘനമാണെന്ന് മന്ത്രാലയം കുറ്റപ്പെടുത്തി. ഗസ്സക്കാര്‍ക്കും ഗസ്സയിലെ ആരാധനാലയങ്ങള്‍ക്കുമെതിരെ അധിനിവേശ സേന നടത്തുന്ന കുറ്റകൃത്യ പരമ്പരകളുടെ കൂട്ടത്തില്‍ പുതിയതാണിതെന്നു ചൂണ്ടിക്കാട്ടിയ മന്ത്രാലയം സഊദി അറേബ്യ, ഈജിപ്ത് ഭരണകൂടങ്ങളോട് വിഷയത്തില്‍ ഇടപെടണമെന്നും ആവശ്യപ്പെട്ടു.
മെയ് ആറിനാണ് ദക്ഷിണ ഗസ്സ മുനമ്പിലുള്ള റഫയില്‍ ഇസ്‌റാഈല്‍ കരയാക്രമണം ആരംഭിച്ചത്. ഗസ്സയില്‍ ഇസ്‌റാഈല്‍ ആക്രമണത്തില്‍ സകലതും നഷ്ടപ്പെട്ട് അഭയം തേടിയെത്തിയവരായിരുന്നു റഫയിലെ ഭൂരിഭാഗവും. 15 ലക്ഷത്തോളം ഫലസ്തീനികളാണ് ഇവിടെ താല്‍ക്കാലിക അഭയകേന്ദ്രങ്ങളില്‍ കഴിഞ്ഞിരുന്നത്. പിന്നീടാണ് റഫയില്‍ ആക്രമണവുമായി സയണിസ്റ്റ് സേന രംഗത്തെത്തിയത്. ഇതോടെ ഇവിടെയും രക്ഷയില്ലാതെ മറ്റു പ്രദേശങ്ങളിലേക്കു മാറുകയാണ് ഫലസ്തീനികള്‍.
Israel bars scores in Gaza from Hajj amid Rafah invasion


