ന്യൂഡല്‍ഹി: ഒരു അക്കാദമിക് വര്‍ഷത്തില്‍ രണ്ടു തവണ പ്രവേശനം നടപ്പിലാക്കാന്‍ യുജിസി തീരുമാനം. ( Indian universities to offer admissions twice a year from 2024-25: UGC chief ) യുജിസി ചെയര്മാന് ജഗ്ദീഷ് കുമാറാണ് പ്രഖ്യാപനം നടത്തിയത്. യുജിസിയുടെ മെയ് മാസം ചേര്‍ന്ന യോഗത്തിലായിരുന്നു ഇതുസംബന്ധിച്ച തീരുമാനമെടുത്തത്. സര്‍വകലാശാല തലത്തില്‍ വലിയ മാറ്റത്തിനാണ് യുജിസി ഇതോടെ തുടക്കമിടുന്നത്.
|
ജൂലൈ മുതല്‍ ആഗസ്ത് വരെ, ജനുവരി മുതല്‍ ഫെബ്രുവരി എന്നിങ്ങനെ രണ്ട് തവണയായാണ് പ്രവേശനം. 2024-25 അക്കാദമിക് വര്‍ഷം മുതലായിരിക്കും പുതിയ രീതി നടപ്പിലാക്കുക. എല്ലാ സര്‍വകലാശാലകളിലും ഈ രീതി പിന്തുടരണമെന്ന് നിര്‍ബന്ധമില്ല. ആവശ്യമുള്ളവര്‍ക്ക് നടപ്പിലാക്കാം യുജിസിയുടെ നിര്‍ദേശം.
ബോര്‍ഡ് റിസള്‍ട്ടുകള്‍ പ്രഖ്യാപിക്കാന്‍ വൈകുന്നതു മൂലമോ വ്യക്തിപരമായ കാരണങ്ങളാലോ ജൂലൈ-ആഗ്സ്ത് മാസത്തെ പ്രവേശനം സാധ്യമാകാത്തവര്‍ക്ക് ഒരു വര്‍ഷം നഷ്ടപ്പെടാതിരിക്കാന്‍ പുതിയ രീതി സഹായിക്കുമെന്ന് യുജിസി മേധാവി ജഗ്ദീഷ് കുമാര്‍ പറഞ്ഞു. ഒരു വര്‍ഷം തന്നെ രണ്ട് തവണ കാംപസ് റിക്രൂട്ട്മെന്റ് നടത്തുന്നതിനും ഇത് സഹായിക്കും. വിദ്യാര്‍ത്ഥികള്‍ക്ക് ഇത് തൊഴിലവസരം വര്‍ധിപ്പിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഫാക്കല്‍റ്റി, ലാബ്, ക്ലാസ് റൂം തുടങ്ങിയ തങ്ങളുടെ വിഭവങ്ങള്‍ കാര്യക്ഷമമായി ഉപയോഗിക്കുന്നതിനും ഒരു വര്‍ഷം രണ്ട് തവണ പ്രവേശനം നല്‍കുന്നത് സഹായകമാവുമെന്നും യുജിസി മേധാവി വ്യക്തമാക്കി.
ഇന്ത്യയില്‍ ആദ്യമായാണ് റഗുലര്‍ കോഴ്സുകളില്‍ രണ്ട് തവണയായി സര്‍വകലാശാലകളിലേക്ക് പ്രവേശനം നടത്തുന്നത്. 2013 മുതല്‍ ഓപ്പണ്‍ കോഴ്സുകളില്‍ രണ്ട് തവണയായി പ്രവേശനം നടക്കുന്നുണ്ട്. വിദേശ സര്‍വകലാശാലകളെ മാതൃകയാക്കിയാണ് തീരുമാനം എന്നാണ് യുജിസിയുടെ വിശദീകരണം.


