കൊച്ചി: ട്രോളിങ് കാരണം മീന്‍ വില കുത്തനെ ഉയര്‍ന്നതിനെ പിന്നാലെ ഇരുട്ടടിയായി പച്ചക്കറി വിലയും മേലോട്ട്. ( Kerala Vegetable price hike today ) മണ്‍സൂണ്‍ എത്തിയതോടെ പഴം, പച്ചക്കറി വില മിക്ക ഇനങ്ങള്‍ക്കും ഇരട്ടിയോളമായി. വില ഇനിയും ഉയരുമെന്നാണ് കച്ചവടക്കാരുടെ അഭിപ്രായം.
|
അയല്‍ സംസ്ഥാനങ്ങളില്‍ പച്ചക്കറി, പഴം ഉത്പാദനം കുറഞ്ഞതോടെ സംസ്ഥാനത്തേക്ക് വരവ് കുറഞ്ഞിരുന്നു. കൊടും വേനലില്‍ വെള്ളമില്ലാതെ കൃഷി നശിച്ചതിനു പിന്നാലെ മഴ നേരത്തെ എത്തിയതും വിളവെടുപ്പിനെ ബാധിച്ചു. കഴിഞ്ഞ ഒരു മാസത്തിനിടയ്ക്കാണ് വില ഇത്രയധികം വര്‍ധിച്ചത്. സവാള, ഉള്ളി, തക്കാളി, കിഴങ്ങ്, വെള്ളരിക്ക, പാവക്ക, വെണ്ടയ്ക്ക തുടങ്ങി സാധാരണക്കാര്‍ സ്ഥിരമായി ഉപയോഗിക്കുന്ന ഇനങ്ങള്‍ക്കെല്ലാം വില കുതിച്ചുയര്‍ന്നു.
ഇഞ്ചി, ചെറുനാരങ്ങ, ബീന്‍സ്, പച്ചമുളക് എന്നിവയുടെ വില നൂറിന് മുകളില്‍. സവാള, കക്കിരി, തുടങ്ങി ചിലയിനങ്ങള്‍ മാത്രമാണ് 50ന് താഴെയുള്ളത്.
ഒരാഴ്ച വീട്ടിലേക്ക് ആവശ്യമായ പച്ചക്കറി വാങ്ങാന്‍ ശരാശരി 600 രൂപക്ക് മുകളിലാകുമെന്നാണ് സാധാരണക്കാര്‍ പറയുന്നത്. മഴ കനക്കുന്നതോടെ പച്ചക്കറി വില ഇനിയും കുതിച്ചുയരുമെന്നാണ് സൂചന.





