26
Jul 2024
Tue
26 Jul 2024 Tue
Sabarimala bus service

ന്യൂഡല്‍ഹി: നിലയ്ക്കല്‍-പമ്പ റൂട്ടില്‍ സൗജന്യ ബസ് സര്‍വീസ് ഒരുക്കാന്‍ അനുവദിക്കണമെന്ന വിശ്വഹിന്ദു പരിഷത്തിന്റെ ഹരജിക്കെതിരേ സംസ്ഥാന സര്‍ക്കാര്‍ സുപ്രീംകോടതിയില്‍. (VHP wants to allow free bus service to Sabarimala; The government appeal to reject the petition) പൂര്‍ണമായും ദേശസാല്‍ക്കരിച്ച റൂട്ടായ നിലയ്ക്കല്‍-പമ്പ റോഡില്‍ സ്വകാര്യ ബസ് സര്‍വീസ് അനുവദിക്കാനാവില്ലെന്ന് സര്‍ക്കാര്‍ അറിയിച്ചു. സര്‍ക്കാര്‍ നിശ്ചയിച്ച നിരക്കാണ് കെ.എസ്.ആര്‍.ടി.സി. ഈടാക്കുന്നതെന്നും സത്യവാങ്മൂലത്തില്‍ വ്യക്തമാക്കി. തുടര്‍ന്ന് ഹര്‍ജിക്കാര്‍ക്ക് മറുപടിനല്‍കാന്‍ സമയം അനുവദിച്ചുകൊണ്ട് കേസ് മാറ്റി.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

കെ.എസ്.ആര്‍.ടി.സി. ബസിലെ അമിതനിരക്കും യാത്രക്കാരുടെ തിരക്കും കാര്യക്ഷമതക്കുറവുമാണ് ഹരജിക്കാര്‍ ചൂണ്ടിക്കാട്ടുന്നത്. എന്നാല്‍, ഈ ആരോപണങ്ങളൊന്നും പൂര്‍ണമായും ദേശസാല്‍ക്കരിച്ച റൂട്ടില്‍ സര്‍വീസ് നടത്താന്‍ ഹരജിക്കാര്‍ക്ക് അര്‍ഹത നല്‍കുന്നില്ലെന്ന് സംസ്ഥാന സര്‍ക്കാര്‍ പറഞ്ഞു. 97 ഡിപ്പോകളില്‍ നിന്ന് ബസുകള്‍ റൂട്ടില്‍ സര്‍വീസ് നടത്തുന്നുണ്ട്. തീര്‍ത്ഥാടകര്‍ക്കായി എല്ലാ സൗകര്യങ്ങളും കെഎസ്ആര്‍ടിസി ഒരുക്കിയിട്ടുണ്ട്. ബസില്‍ തീര്‍ത്ഥാടകര്‍ നിന്നാണ് യാത്ര ചെയ്യുന്നതെന്നുള്ള വാദം തെറ്റാണ്. വേണ്ടത്ര ബസുകള്‍ ഇല്ലെന്നുള്ളതും ശരിയല്ല.

കാലാകാലങ്ങളില്‍ സര്‍ക്കാര്‍ നിശ്ചയിക്കുന്ന നിരക്കാണ് കെ.എസ്.ആര്‍.ടി.സി. ഈടാക്കുന്നത്. ചുരംറോഡുകളില്‍ 25 ശതമാനവും ഉത്സവസീസണുകളില്‍ ചില സേവനങ്ങള്‍ക്ക് 30 ശതമാനവും കൂടുതല്‍ നിരക്ക് ഈടാക്കാന്‍ കെ.എസ്.ആര്‍.ടി.സി.ക്ക് അനുമതിയുണ്ട്.

ഇരുപതുവാഹനങ്ങള്‍ പാട്ടത്തിനെടുത്ത് സര്‍വീസ് നടത്താമെന്നാണ് ഹരജിക്കാരുടെ നിര്‍ദേശം. എന്നാല്‍, അത്തരത്തിലുള്ള പദ്ധതി നിലവിലില്ല. അത് പെര്‍മിറ്റ് ചട്ടങ്ങളുടെ ലംഘനമാണ്. അതിനാല്‍ വിശ്വഹിന്ദു പരിഷത്തിന്റെ ഹരജി തള്ളണമെന്നും സംസ്ഥാനസര്‍ക്കാര്‍ ആവശ്യപ്പെട്ടു. ഹര്‍ജിക്കാര്‍ക്കുവേണ്ടി മുതിര്‍ന്ന അഭിഭാഷകന്‍ വി. ചിദംബരേഷ് ഹാജരായി.

കേസ് ഇന്നലെ സുപ്രീം കോടതി പരിഗണിച്ചെങ്കിലും മറുപടിക്ക് കെഎസ്ആര്‍ടിസി സമയം ചോദിച്ചു. കേസ് രണ്ട് മാസം കഴിഞ്ഞ് വീണ്ടും പരിഗണിക്കും.