കൊച്ചി: വ്യാജ രേഖ ചമച്ച് നികുതി വെട്ടിച്ചെന്ന കേസില്‍ കേന്ദ്രമന്ത്രി സുരേഷ് ഗോപി ഹൈക്കോടതിയില്‍. (Tax evasion by forgery; Suresh Gopi in High Court) കേന്ദ്രഭരണ പ്രദേശമായ പുതുച്ചേരിയില്‍ വ്യാജ വിലാസത്തില്‍ ആഡംബര കാര്‍ റജിസ്റ്റര്‍ ചെയ്തു നികുതി വെട്ടിച്ചെന്ന കേസിലാണ് ഹൈക്കോടതിയില്‍ റിവിഷന്‍ പെറ്റിഷന്‍ നല്‍കിയത്. വിടുതല്‍ ഹരജി തള്ളിയ പ്രത്യേക കോടതി ഉത്തരവിനെതിരെയാണ് സുരേഷ് ഗോപി ഹൈക്കോടതിയെ സമീപിച്ചത്.
|
നികുതി വെട്ടിപ്പ് കേസ് ഒഴിവാക്കണമെന്നാവശ്യപ്പെട്ട് നല്‍കിയ വിടുതല്‍ ഹരജി എറണാകുളം അഡീ.ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേട്ട് കോടതി ഏപ്രിലിലാണ് തള്ളിയത്. നികുതി വെട്ടിക്കുകയെന്ന ഉദ്ദേശ്യത്തോടെ പുതുച്ചേരിയില്‍ ഇല്ലാത്ത മേല്‍വിലാസത്തില്‍ വ്യാജരേഖയുണ്ടാക്കി സംസ്ഥാന സര്‍ക്കാരിലേക്ക് അടയ്‌ക്കേണ്ട നികുതിപ്പണം വെട്ടിച്ചെന്നാണു കേസ്. 3,60,300 രൂപ വെട്ടിച്ചെന്ന ആരോപണം തെറ്റാണെന്നും പുതുച്ചേരിയില്‍ റജിസ്റ്റര്‍ ചെയ്ത വാഹനത്തിന് കേരളത്തില്‍ നികുതി അടയ്‌ക്കേണ്ടതില്ലെന്നും ഹരജിയില്‍ പറയുന്നു.
2010 ജനുവരിയിലാണ് ആഡംബര കാര്‍ വ്യാജരേഖ ചമച്ച് രജിസ്റ്റര്‍ ചെയ്തത്. ഓഡി ക്യു7 എസ്‌യുവിയാണ് പോണ്ടിച്ചേരിയില്‍ രജിസ്റ്റര്‍ ചെയ്തത്. കേരളത്തെ അപേക്ഷിച്ച് പോണ്ടിച്ചേരിയില്‍ റോഡ് നികുതി വളരെ കുറവാണ്. സമാന കേസില്‍ നടി അമലാ പോളിനെതിരേ നേരത്തേ കേസെടുക്കുകയും അവരുടെ മെര്‍സിഡസ് ബെന്‍സ് എസ്-ക്ലാസ് കാര്‍ പിടിച്ചെടുക്കുകയും ചെയ്തിരുന്നു.





