മേപ്പാടി: ‘വാക്കുകള്‍ കൂട്ടിച്ചൊല്ലാന്‍, വയ്യാത്ത കിടാങ്ങളേ
ദീര്‍ഘദര്‍ശനം ചെയ്യും ദൈവജ്ഞരല്ലോ നിങ്ങള്‍’ എന്ന വൈലോപ്പിള്ളിയുടെ വരികള്‍ എത്ര സത്യം. (Vellarmala School children digital magazine forcast landslide) ഒരുമഹാദുരന്തത്തിന്റെ സ്മാരകം പോലെ നില്‍ക്കുന്ന പാതി തകര്‍ന്ന വെള്ളാര്‍മല ജി.വി.എച്ച്.എസ്.എസിലെ വിദ്യാര്‍ത്ഥികള്‍ നല്‍കിയത് വരാനിരിക്കുന്നതിന്റെ മുന്നറിയിപ്പായിരുന്നോ? വയനാട് ഉരുള്‍പൊട്ടലില്‍ ജീവനോടെയും അല്ലാതെയും ബാക്കിയായവര്‍ക്കു വേണ്ടി തിരച്ചില്‍ നടക്കുന്നതിനിടെ വെള്ളാര്‍മല സ്‌കൂളിലെ കുട്ടികള്‍ തയ്യാറാക്കിയ ഡിജിറ്റല്‍ മാഗസിനും ഇപ്പോള്‍ ചര്‍ച്ചയാവുകയാണ്.

|
വെള്ളാര്‍മല സ്‌കൂളിലെ ‘ലിറ്റില്‍ കൈറ്റ്‌സ്’ കുട്ടികള്‍ തയാറാക്കിയ ഡിജിറ്റല്‍ മാഗസിന്റെ പേരാണ് ‘വെള്ളാരങ്കല്ലുകള്‍’. നാടിന്റെ സൗന്ദര്യവും നന്മയും വിവരിക്കുന്ന പുസ്തകത്തിന്റെ അവസാനം ഒരു മുന്നറിയിപ്പാണ്. കഥയിലെ ഒരു കിളി വന്ന് കുട്ടികളോട് പറയുന്നു, ‘ഇവിടം വിട്ടു പോയ്‌ക്കോ, വേഗം രക്ഷപ്പെട്ടോ, ഒരു വന്‍ദുരന്തം വരാനിരിക്കുന്നു, മലവെള്ളപ്പാച്ചില്‍ നിന്ന് ഉടന്‍ രക്ഷപ്പെട്ടോ’ എന്ന്. ‘കൈറ്റ്’ സി.ഇ.ഒ കെ. അന്‍വര്‍ സാദത്താണ് ഇതുസംബന്ധിച്ച കുറിപ്പ് സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ചത്.
കെ. അന്‍വര്‍ സാദത്തിന്റെ കുറിപ്പ്.
വയനാട്ടിലെ വെള്ളാര്‍മല സ്‌കൂളിലെ ‘ലിറ്റില്‍ കൈറ്റ്‌സ്’ കുട്ടികള്‍ തയ്യാറാക്കിയ ഡിജിറ്റല്‍ മാഗസിന്റെ പേരാണ് ‘വെള്ളാരങ്കല്ലുകള്‍’.
എന്റെ പുഴയെന്നും, ഈ കുളിരരുവിയുടെ തീരത്ത് എന്നും മറ്റും നാടിന്റെ സൗഭാഗ്യങ്ങളെ കുറിച്ച് നിറയെ എഴുതിയിട്ടുണ്ട് അവര്‍. തന്റെ നാടിന്റെ മനോഹാരിതയും പ്രകൃതിഭംഗിയും എല്ലാമാണ് അധികം പേജുകളിലും..
മാഗസിന്റെ അവസാനം ഒരു കഥയാണ്. കഥയുടെ അവസാന ഭാഗത്ത് ‘ഇവിടം വിട്ടു പോയ്‌ക്കോ, വേഗം രക്ഷപ്പെട്ടോ, ഒരു വന്‍ദുരന്തം വരാനിരിക്കുന്നു, മലവെള്ളപ്പാച്ചില്‍ നിന്ന് ഉടന്‍ രക്ഷപ്പെട്ടോ’ എന്ന് ഒരു കിളി കുട്ടികളെ ഓര്‍മിപ്പിക്കുകയാണ്.
കണ്ണീര്‍പ്പൂക്കള്‍…
തോട്ടംതൊഴിലാളികള്‍ ഉള്‍പ്പെടെയുള്ള സാധാരണക്കാരുടെ മക്കള്‍ പഠിക്കുന്ന വിദ്യാലയമാണ് വെള്ളാര്‍മല സ്‌കൂള്‍. 497 വിദ്യാര്‍ഥികളാണ് ഇവിടെയുള്ളത്. ഇതില്‍ നല്ലൊരു ശതമാനം കുട്ടികളും ഉരുള്‍പൊട്ടല്‍ ദുരന്തം നടന്ന പ്രദേശങ്ങളില്‍ നിന്നുള്ളവരാണ്. എന്നാല്‍, ദുരന്തം നടന്നതിനുശേഷം 24ഓളം കുട്ടികളുമായും അവരുടെ രക്ഷിതാക്കളുമായും ബന്ധപ്പെടാന്‍ രക്ഷാപ്രവര്‍ത്തകര്‍ക്കോ അധ്യാപകര്‍ക്കോ കഴിഞ്ഞിട്ടില്ല.





