|
കല്പറ്റ: വയനാട്ടിലെ
ഉരുൾപൊട്ടലിൽ മരിച്ചവരുടേതായി മലപ്പുറം ജില്ലയിലെ ചാലിയാർ പുഴയുടെ വിവിധ ഭാഗങ്ങളിൽ നിന്നായി ലഭിച്ച മൃതദേഹങ്ങളും മൃതദേഹാവശിഷ്ടങ്ങളുമായി 153 എണ്ണം വയനാട്ടിൽ എത്തിച്ചു.
ദുരന്തത്തിൽ ഇതുവരെ 300 പേരാണ് മരിച്ചത്. ഇതിൽ പകുതി പേരുടെ മൃതദേഹങ്ങളും മലപ്പുറത്ത് ഒഴുകി എത്തി എന്നാണ് ഇതിൽനിന്ന് മനസ്സിലാകുന്നത്.
മൃതദേഹങ്ങൾ ബന്ധുക്കൾക്ക് തിരിച്ചറിയാനുള്ള സൗകര്യത്തിനായി വയനാട്ടിലെത്തിക്കണമെന്ന് ഇന്നലെ മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ വയനാട് ചേർന്ന സർവകക്ഷിയോഗത്തിൽ അഭിപ്രായം ഉയർന്നിരുന്നു. തുടർന്നാണ് ഇക്കാര്യത്തിൽ അടിയന്തിര നടപടി ഉണ്ടായത്.
മലപ്പുറത്ത് നിന്ന് ഇതുവരെ 58 മൃതദേഹങ്ങളും 95 ശരീര ഭാഗങ്ങളുമാണ് ലഭിച്ചത്. ആകെ 153 എണ്ണം. 32 പുരുഷന്മാരുടെയും 23 സ്ത്രീകളുടെയും 2 ആൺകുട്ടികളുടെയും ഒരു പെൺകുട്ടിയുടെയും മൃതദേഹങ്ങൾ ലഭിച്ചു. ഇത് കൂടാതെ 95 ശരീര ഭാഗങ്ങളും കണ്ടെത്തി.
നവോദയ വിദ്യാർത്ഥികളെ മാറ്റിപ്പാർപ്പിക്കാൻ ഉത്തരവായി
കാലവർഷക്കെടുതിയിൽ നിരവധി നാശനഷ്ടമുണ്ടായ സാഹചര്യത്തിൽ പൂക്കോട് നവോദയ സ്കൂളിലെ വിദ്യാർത്ഥികളെയും ജീവനക്കാരെയും അടിയന്തരമായി മാറ്റി പാർപ്പിക്കാൻ ജില്ലാ ദുരന്ത നിവാരണ വിഭാഗം ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ കെ. ദേവകി ഉത്തരവിട്ടു.
91 ദുരിതാശ്വാസ ക്യാമ്പുകളിൽ 9328 പേർ
വയനാട്ടിൽ കാലവര്‍ഷക്കെടുതിയുടെ ഭാഗമായി ആരംഭിച്ച 91 ദുരിതാശ്വാസ ക്യാമ്പുകളിലായി 9328 പേരെ മാറ്റിതാമസിപ്പിച്ചിട്ടുള്ളത്. ചൂരല്‍മല ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ ആരംഭിച്ച 9 ക്യാമ്പുകള്‍ ഉള്‍പ്പെടെയാണിത്. 2704 കുടുംബങ്ങളിലെ 3393 പുരുഷന്‍മാരും 3824 സ്ത്രീകളും 2090 കുട്ടികളും 21 ഗര്‍ഭിണികളുമാണ് വിവിധ ക്യാമ്പുകളില്‍ കഴിയുന്നത്. മേപ്പാടി ചൂരല്‍മല ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ ആരംഭിച്ച 9 ദുരിതാശ്വാസ ക്യാമ്പുകളിലായി 578 കുടുംബങ്ങളിലെ 2328 പേരെ മാറ്റി താമസിപ്പിച്ചു. മേപ്പാടി ഗവ ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍, കോട്ടനാട് ഗവ സ്‌കൂള്‍, മേപ്പാടി സെന്റ് ജോസഫ് യു.പി സ്‌കൂള്‍, നെല്ലിമുണ്ട അമ്പലം ഹാള്‍, കാപ്പുംക്കൊല്ലി ആരോമ ഇന്‍, മേപ്പാടി മൗണ്ട് ടാബോര്‍ സ്‌കൂള്‍, മേപ്പാടി സെന്റ് ജോസഫ് ഗോള്‍സ് ഹൈസ്‌കൂള്‍, തൃക്കൈപ്പറ്റ ഗവ ഹൈസ്‌കൂള്‍, മേപ്പാടി ജി.എല്‍.പി സ്‌കൂളുകളിലാണ് ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്നത്. 859 പുരുഷന്‍മാരും 903 സ്ത്രീകളും 564 കുട്ടികളും 2 ഗര്‍ഭിണികളുമാണ് ക്യാമ്പുകളില്‍ കഴിയുന്നത്. ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് ആവശ്യമായിട്ടുള്ള അവശ്യ വസ്തുക്കള്‍ ബന്ധപ്പെട്ട വകുപ്പുകള്‍ ഉറപ്പാക്കുന്നുണ്ട്.





