ആലുവ: ഓണ്‍ലൈനില്‍ വീട്ടിലിരുന്ന് പണിയെടുക്കാം, കൈനിറയെ പണം നേടാം, ഒരു യോഗ്യതയും വേണ്ട.. (Online work can be a trap; housewife lost 17 lakh rupees) ഇത്തരത്തിലുള്ള നൂറുകണക്കിന് പരസ്യങ്ങളാണ് ദിവസേന സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്. വാട്സാപ്പില്‍ വൈറലായി പടരുന്ന ഇത്തരം സന്ദേശങ്ങളില്‍ തലവയ്ക്കുന്നതില്‍ ഭൂരിഭാഗവും വീട്ടമ്മമാരാണ്. അങ്ങിനെ കുടുങ്ങിയ ഒരു വീട്ടമ്മയ്ക്ക് ഒറ്റയടിക്ക് നഷ്ടപ്പെട്ടത് 17 ലക്ഷം രൂപയാണ്.
|
‘വെറൈറ്റി ഫുഡിന്’ ഓണ്‍ലൈനായി റേറ്റിങ് ഇടുക എന്നതായിരുന്നു പണി. വന്‍തുകയും ശമ്പളമായി വാഗ്ദാനം ചെയ്തിരുന്നു. ഒടുവില്‍ 17 ലക്ഷം രൂപ പോയപ്പോഴാണ് ഈ പണിയൊരു കെണിയായിരുന്നുവെന്ന് മനസ്സിലായത്.
ഇതുമായി ബന്ധപ്പെട്ട കേസില്‍ നാല് യുവാക്കള്‍ പിടിയിലായി. കോഴിക്കോട് പെരുവയല്‍ പുലപ്പറമ്പില്‍ മുഹമ്മദ് മിന്‍ഹാജ് (22), പെരുവയല്‍ പന്തീരാങ്കാവ് കുഴിപ്പള്ളി മിത്തല്‍ ഷിഫാദലി (27), 20കാരായ രണ്ടുപേരെയുമാണ് റൂറല്‍ ജില്ല സൈബര്‍ പൊലീസ് സ്റ്റേഷന് ടീം അറസ്റ്റ് ചെയ്തത്.
വീട്ടമ്മ ഒരു സൈറ്റില്‍ പ്രവേശിച്ച് അതില്‍ രജിസ്റ്റര്‍ ചെയ്യുകയാണ് ആദ്യം ചെയ്തത്. തുടര്‍ന്ന് അതില്‍ പ്രദര്‍ശിപ്പിച്ചിട്ടുള്ള വ്യത്യസ്ഥ തരം ഭക്ഷ്യവിഭവങ്ങള്‍ക്ക് റേറ്റിങ് ഇടണം.
ഇതിലൂടെ കുറച്ച് പണം ലഭിക്കുകയും ചെയ്തു. വീട്ടമ്മക്ക് കമ്പനിയില്‍ വിശ്വാസം ജനിപ്പിക്കാനാണ് തട്ടിപ്പുസംഘം പ്രതിഫലമെന്ന പേരില്‍ ചെറിയ തുകകള്‍ നല്‍കിയത്.
ALSO READ: ഓണ്‍ലൈന്‍ തട്ടിപ്പില്‍ കുടുങ്ങി ഡോ.ഗീവര്‍ഗീസ് മാര്‍ കൂറിലോസും; നഷ്ടമായത് 15 ലക്ഷം രൂപ
ഉടന്‍ അടുത്ത ഓഫര്‍ വന്നു. കുറച്ച് തുക ഇന്‍വെസ്റ്റ് ചെയ്താല്‍ വന്‍തുക ലാഭം കിട്ടും. മൂന്നുലക്ഷം, അഞ്ചുലക്ഷം, രണ്ടുലക്ഷം എന്നിങ്ങനെ ഘട്ടം ഘട്ടമായി തുക നിക്ഷേപിച്ചു. ആദ്യഘട്ടത്തില്‍ അതിനും ചെറിയ തുക തിരികെക്കൊടുത്തു. അങ്ങനെ പല ഘട്ടങ്ങളിലായി 17 ലക്ഷം രൂപ നിക്ഷേപിച്ചു.
സംഘം പറഞ്ഞ ഒമ്പത് അക്കൗണ്ടുകളിലേക്കാണ് വീട്ടമ്മ പണം നിക്ഷേപിച്ചത്. ലാഭവിഹിതമായി വന്‍തുക അവരുടെ പേജില്‍ കാണിച്ചുകൊണ്ടുമിരുന്നു. ഒടുവില്‍ പണം പിന്‍വലിക്കാന്‍ ശ്രമിച്ചപ്പോഴാണ് തട്ടിപ്പ് മനസ്സിലായത്. തുടര്‍ന്ന് പരാതി നല്‍കുകയായിരുന്നു.
ജില്ലാ പൊലീസ് മേധാവി ഡോ. വൈഭവ് സക്സേനയുടെ മേല്‍നോട്ടത്തില്‍ നടത്തിയ അന്വേഷണത്തിലാണ് നാലംഗസംഘം പിടിയിലായത്. സ്വന്തം പേരില്‍ ബാങ്ക് അക്കൗണ്ടുകള്‍ എടുത്ത് തട്ടിപ്പ്സംഘത്തിന് വില്‍ക്കുകയും അതിന് കൂട്ടുനില്‍ക്കുകയും ചെയ്തവരാണ് പിടിയിലായവര്‍.
ഇതില്‍ ഒരാളുടെ പേരില്‍ മാത്രം എട്ട് അക്കൗണ്ടുണ്ട്. ഇതിലൂടെ എത്ര രൂപയുടെ ഇടപാടുകള്‍ നടന്നിട്ടുണ്ടെന്ന് പൊലീസ് അന്വേഷിക്കുന്നു. വീട്ടമ്മയുമായി തട്ടിപ്പുസംഘം ആശയവിനിമയം നടത്തിക്കൊണ്ടിരുന്നത് ടെലിഗ്രാം വഴിയാണ്. അതിലൂടെയാണ് ഏത് അക്കൗണ്ടിലേക്കാണ് പണം നിക്ഷേപിക്കുന്നതെന്ന നിര്‍ദേശം നല്‍കുന്നത്.
പിടിയിലായവര്‍ക്ക് ഒരു അക്കൗണ്ടിന് നിശ്ചിത തുകയും അക്കൗണ്ടില്‍ വരുന്ന തുകക്ക് കമീഷനുമാണ് നല്‍കുന്നത്. സ്വന്തം പേരില്‍ ബാങ്ക് അക്കൗണ്ട് എടുത്ത് അത് കൈമാറ്റം ചെയ്യുന്നത് ഗുരുതര പ്രശ്നങ്ങള്‍ക്ക് കാരണമാകുമെന്ന് ജില്ല പൊലീസ് മേധാവി വൈഭവ് സക്സേന പറഞ്ഞു. രണ്ടുപേരെ ആലുവ സബ് ജയിലില്‍ റിമാന്‍ഡ് ചെയ്തു. 20 വയസ്സുകാരെ കാക്കനാട് ബോസ്റ്റല്‍ സ്കൂളിലേക്ക് മാറ്റി.





