|
കല്‍പ്പറ്റ: കേരളത്തെ നടുക്കിയ വയനാട്ടിലെ ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ കാണാതായവര്‍ക്കു വേണ്ടിയുള്ള ജനകീയ തെരച്ചില്‍ പുരോഗമിക്കുന്നു. (Mass search underway in Wayanad, 126 more still missing) രാവിലെ എട്ടുമണിയോടെയാണ് തെരച്ചില്‍ ആരംഭിച്ചത്. മുണ്ടക്കൈ, ചൂരല്‍മല ഉള്‍പ്പെടെയുള്ള ആറ് സോണുകള്‍ കേന്ദ്രീകരിച്ചാണ് ജനകീയ തെരച്ചില്‍ നടക്കുന്നത്. ക്യാമ്പിലുള്ളവരില്‍ സന്നദ്ധരായവരെ കൂടി തെരച്ചിലില്‍ ഉള്‍പ്പെടുത്തി. പ്രാദേശിക ജനപ്രതിനിധികള്‍, സന്നദ്ധ പ്രവര്‍ത്തകര്‍ തുടങ്ങിയവരും പങ്കെടുക്കുന്നുണ്ട്. തെരച്ചിലില്‍ പങ്കെടുക്കുന്നവരുടെ സുരക്ഷ പരിഗണിച്ച് രാവിലെ ഒന്‍പത് മണിക്കകം രജിസ്റ്റര്‍ ചെയ്തവര്‍ക്കു മാത്രമേ തെരച്ചില്‍ മേഖലയിലേക്ക് പ്രവേശനം ഉള്ളൂ. നാളെ പുഴയുടെ താഴെ ഭാഗങ്ങളില്‍ സേനയെ ഉപയോഗിച്ച് തെരച്ചില്‍നടത്തുമെന്നും വയനാട് സംബന്ധിച്ച മന്ത്രിസഭ ഉപസമിതി അറിയിച്ചു.
ഔദ്യോഗിക കണക്കുകള്‍ പ്രകാരം 126 പേര്‍ ഇപ്പോഴും കാണാമറയത്താണ്. കാലവര്‍ഷക്കെടുതികളുടെ പശ്ചാത്തലത്തില്‍ 15 ദുരിതാശ്വാസ ക്യാമ്പുകളാണ് വയനാട് ജില്ലയില്‍ ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നത്. 604 കുടുംബങ്ങളില്‍ നിന്നായി 685 പുരുഷന്‍മാരും 672 സ്ത്രീകളും 441 കുട്ടികളും ഉള്‍പ്പെടെ 1798 പേര്‍ ക്യാംപുകളില്‍ കഴിയുന്നുണ്ട്. മുണ്ടക്കൈ, ചൂരല്‍മല ഉരുള്‍പൊട്ടല്‍ ദുരന്തത്തിന്റെ ഭാഗമായി 14 ക്യാമ്പുകളും കാലവര്‍ഷക്കെടുതിയുടെ ഭാഗമായി കടച്ചിക്കുന്ന് തേന്‍ സംഭരണ കേന്ദ്രത്തില്‍ ആരംഭിച്ച ഒരു ക്യാമ്പുമാണ് നിലവില്‍ പ്രവര്‍ത്തിക്കുന്നത്.
ഉരുള്‍പ്പൊട്ടല്‍ മേഖലയില്‍ ഇന്നലെ പ്രധാനമന്ത്രി നരേന്ദ്രമോദി സന്ദര്‍ശനം നടത്തിയിരുന്നു. ഉരുള്‍പ്പൊട്ടലിനെ ദേശീയ ദുരന്തമായി കാണണമെന്നും പ്രത്യേക പാക്കേജ് അനുവദിക്കണമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടിട്ടുണ്ട്. അഞ്ചു പേര്‍ അടങ്ങുന്ന വിദഗ്ധ സംഘം ചൂരല്‍മല, മുണ്ടക്കൈ, പുഞ്ചിരിമട്ടം അടക്കം പ്രദേശങ്ങള്‍ സന്ദര്‍ശിക്കും. കുട്ടികളുടെ വിദ്യാഭ്യാസ സൗകര്യം ഉറപ്പാക്കുന്നതില്‍ ഊന്നിയാണ് മുഖ്യമന്ത്രി പ്രധാനമന്ത്രി പങ്കെടുത്ത അവലോകന യോഗത്തില്‍ സംസാരിച്ചതെന്നും വയനാട്ടില്‍ ദുരിതബാധിത പ്രദേശത്ത് തുടരുന്ന മന്ത്രിമാരുടെ സംഘം അറിയിച്ചു.
വയനാട് ദുരിതത്തില്‍ നാശനഷ്ടങ്ങളുടെ വിശദമായ മെമ്മോറാണ്ടം സമര്‍പ്പിക്കാന്‍ കേരളത്തോട് പ്രധാനമന്ത്രി നരേന്ദ്രമോദി നിര്‍ദ്ദേശിച്ചിട്ടുണ്ട്. എത്ര വീടുകള്‍ തകര്‍ന്നു, എത്ര നാശനഷ്ടം ഉണ്ടായി, ഏത് രീതിയില്‍ ജനങ്ങളുടെ പുനരധിവാസം നടത്താനുദ്ദേശിക്കുന്നു തുടങ്ങിയ കാര്യങ്ങള്‍ ഉള്‍പ്പെടെയുള്ള വിശദമായ കണക്കുകള്‍ ആണ് ആവശ്യപ്പെട്ടത്.
Mass search underway in Wayanad, 126 more still missing


