|
കല്‍പ്പറ്റ: കേരളത്തെ നടുക്കിയ വയനാട്ടിലെ ഉരുള്‍പൊട്ടല്‍ ദുരന്തമേഖലയില്‍ ഇന്നും തിരച്ചില്‍ തുടരും. ചാലിയാറില്‍ ഇന്ന് വിവിധ സേനകളുടെ നേതൃത്വത്തില്‍ വിശദമായ തിരച്ചിലാകും നടത്തുക. പരപ്പന്‍പാറമുണ്ടേരി ഫാം, നിലമ്പൂരിലെ പനങ്കയം വനമേഖല, പനങ്കയം പൂക്കോട്ടുമന, പൂക്കോട്ടുമനചാലിയാര്‍മുക്ക്, ഇരുട്ടുകുത്തികുമ്പളപ്പാറ മേഖലകളിലാകും രിശോധന. എന്നാല്‍ ഇന്നലത്തേതു പോലെ ജനകീയ തിരച്ചില്‍ ഉണ്ടാകില്ല. (Wayanad Landslide Live Updates search continue today; DNA results of the unidentified bodies will be made public from today)
ദുരന്ത ബാധിത മേഖലകളില്‍ രണ്ടു ദിവസം സംഘടിപ്പിച്ച ജനകീയ തിരച്ചിലിന് പിന്നാലെയാണ് ചാലിയാറിലും വിശദമായ പരിശോധന നടക്കുന്നത്. ചാലിയാറില്‍ നിന്ന് നിരവധി മൃതദേഹങ്ങളും ശരീര ഭാഗങ്ങളും കണ്ടെടുത്ത പശ്ചാത്തലത്തില്‍ കൂടിയാണ് നടപടി. രാവിലെ ഏഴു മണിക്കു മുണ്ടേരി ഫാം മേഖലയില്‍ നിന്നാണ് തിരച്ചില്‍ തുടങ്ങിയത്. ഉച്ചയ്ക്കു രണ്ടുമണിക്കു പരപ്പന്‍പാറയില്‍ അവസാനിക്കും വിധമാണ് ഇന്നത്തെ തിരച്ചില്‍.
അഗ്‌നിരക്ഷാസേന, പൊലീസ്, ദേശീയ ദുരന്തനിവാരണ സേന, വനപാലകര്‍, വളന്റിയര്‍മാര്‍ എന്നിവരുള്‍പ്പെടുന്ന 200 പേരാകും തിരച്ചിലില്‍ പങ്കെടുക്കുന്നത്. ദുര്‍ഘട മേഖലകളില്‍ സേന മാത്രം തിരച്ചില്‍ നടത്താനാണ് തീരുമാനിച്ചത്. ഓരോ മേഖലകളിലും തിരച്ചിലിനുണ്ടാകേണ്ടവരെ നിശ്ചയിച്ചിട്ടുണ്ട്. തുടര്‍ച്ചയായി ചാലിയാറില്‍ തിരച്ചില്‍ നടത്തിയതാണെങ്കിലും എല്ലാ സാധ്യതകളും ഉപയോഗിക്കാനാണ് തീരുമാനം.
വൈദഗ്ധ്യം ആവശ്യമായതിനാല്‍ ചാലിയാര്‍ പുഴയിലെ തിരച്ചിലിന് സന്നദ്ധ പ്രവര്‍ത്തകരെ അനുവദിക്കില്ല. വനമേഖലയായ പാണന്‍ കായത്തില്‍ 10 സന്നദ്ധപ്രവര്‍ത്തകര്‍ ഉള്‍പ്പെടെ 50 അംഗ സംഘമായിരിക്കും തിരച്ചില്‍ നടത്തുക. പാണന്‍കായ മുതല്‍ പൂക്കോട്ടുമനവരെയും പൂക്കോട്ടുമന മുതല്‍ ചാലിയാര്‍ മുക്കുവരെയും 20 സന്നദ്ധപ്രവര്‍ത്തരും 10 പോലീസുകാരും അടങ്ങുന്ന 30 അംഗ സംഘങ്ങള്‍ തിരച്ചില്‍ നടത്തും. ഇരുട്ടുകുത്തി മുതല്‍ കുമ്പളപ്പാറ വരെ സന്നദ്ധ പ്രവര്‍ത്തകര്‍ ഉള്‍പ്പെടുന്ന 40 അംഗ സംഘവും തിരച്ചില്‍ നടത്തും. പരിശോധന നാളെയും തുടരും.
അതേസമയം, തിരിച്ചറിയാനാകാത്ത മൃതദേഹത്തിന്റെയും ശരീരഭാഗങ്ങളുടെയും ഡിഎന്‍എ ഫലങ്ങള്‍ ഇന്ന് മുതല്‍ പരസ്യപ്പെടുത്തി തുടങ്ങും. ഇതോടെ മരിച്ച അവശേഷിച്ചവരെ കൂടി തിരിച്ചറിയാനായേക്കും.
രേഖകള്‍ വീണ്ടെടുക്കല്‍ ക്യാംപെയിന്‍
ഉരുള്‍പൊട്ടലില്‍ സര്‍ട്ടിഫിക്കറ്റുകള്‍/തിരിച്ചറിയല്‍ കാര്‍ഡുകള്‍ പോലെയുള്ള അവശ്യ രേഖകള്‍ നഷ്ടപ്പെട്ടവര്‍ക്ക് അക്ഷയ സംരംഭകരുടെ സഹായത്തോടെ ജില്ലാ ഭരണകൂടം, കേരള സംസ്ഥാന IT മിഷന്‍ എന്നിവരുടെ നേതൃത്വത്തില്‍ വിവിധ വകുപ്പുകളുമായി സഹകരിച്ച് സര്‍ട്ടിഫിക്കറ്റുകള്‍ വീണ്ടെടുക്കല്‍ ക്യാംപെയിന്‍ തുടരുന്നു.
ഇന്ന് (12.08.2024) ഗവ. HSS മേപ്പാടി, സെന്റ് ജോസഫ്‌സ് യു.പി സ്‌കൂള്‍ മേപ്പാടി, മൗണ്ട് താബോര്‍ സ്‌കൂള്‍ മേപ്പാടി എന്നിവിടങ്ങളില്‍ വച്ച് പ്രസ്തുത ക്യാംപെയിന്‍ നടത്തുന്നതാണ്.
നേരത്തെ ക്യാമ്പുകളില്‍ ഉണ്ടായിരുന്നുവെങ്കിലും ഏതെങ്കിലും കാരണത്താല്‍ അവിടെ നിന്ന് തിരികെ പോയവര്‍ക്കും ക്യാമ്പുകള്‍ക്കു പുറത്ത് ബന്ധുവീടുകളിലും മറ്റും താമസിക്കുന്നവര്‍ക്കും സര്‍ട്ടിഫിക്കറ്റുകള്‍/വിവിധ രേഖകള്‍ ആവശ്യമുണ്ടെങ്കില്‍ St.Joseph’s UP School, Mount Tabor School എന്നിവിടങ്ങളില്‍ എത്തി അവ വീണ്ടെടുക്കുന്നതിന് സൗകര്യം ഒരുക്കിയതായി കലക്ടര്‍ അറിയിച്ചു.





