തിരുവനന്തപുരം: പി.വി.അന്‍വര്‍ എഡിജിപി എം.ആര്. അജിത്കുമാറിനെതിരേ ഉയര്‍ത്തിവിട്ട ആരോപണങ്ങള്‍ക്കിടെ പി ശശിയെ ലക്ഷ്യമിട്ട് കണ്ണൂര്‍ ലോബിയുടെ പടപ്പുറപ്പാട്. (Allegation raised by PV Anwar: Aiming P Sasi ) പി ശശിക്കെതിരായ യുദ്ധം നയിക്കുന്ന പി ജയരാജന് ഉള്‍പ്പെടെയുള്ളവരുടെ പിന്തുണ പി വി അന്വറിനുണ്ടെന്നാണു കരുതുന്നത്. ഈ ധൈര്യത്തിലാണ് അന്‍വര്‍ രണ്ടും കല്‍പ്പിച്ച് മുന്നോട്ടു പോകുന്നതെന്നാണ് വിലയിരുത്തല്‍.
|
ഇത്തവണത്തെ പാര്‍ട്ടി സമ്മേളനത്തില്‍ സംസ്ഥാന സെക്രട്ടേറിയറ്റ് പ്രവേശനവും അടുത്ത നിയമസഭാ തിരഞ്ഞെടുപ്പില്‍ തലശ്ശേരി സീറ്റും ലക്ഷ്യമിട്ടാണ് ശശി നീങ്ങുന്നത്. ഇതിന് തടയിടാനുള്ള ശ്രമത്തിലാണ് കണ്ണൂരിലെ എതിരാളികള്‍.
ALSO READ: താമിർ ജിഫ്രി കൊല: മുൻ എസ്.പി സുചിത് ദാസിനെ പ്രതിചേർക്കണമെന്നു ഹാരിസ് ജിഫ്രി
സിപിഎം നേതാക്കളില്‍ മുഖ്യമന്ത്രി പിണറായി വിജയന് കഴിഞ്ഞാല്‍ പി.വി.അന്‍വര്‍ അടുത്ത ബന്ധം സൂക്ഷിക്കുന്നതു പി.ജയരാജനുമായാണ്. കണ്ണൂരിലും പുറത്തുമുള്ള ഏതാനും കേന്ദ്ര കമ്മിറ്റിയംഗങ്ങളും പുതിയ നീക്കത്തെ പിന്താങ്ങുന്നുണ്ട്.
മുഖ്യമന്ത്രിയുടെ ഓഫിസിന്റെ അധികാരം ശശിയിലേക്കും യുവമന്ത്രിയിലേക്കും കേന്ദ്രീകരിക്കുന്നതില്‍ അസ്വസ്ഥതയുള്ള ചില മന്ത്രിമാരുടെ മൗനാനുവാദവും പുതിയ നീക്കത്തിനുണ്ട്. മുഖ്യമന്ത്രിയെ പ്രതിസ്ഥാനത്തു നിര്‍ത്താതെ, ശശിയെ മാത്രം ലക്ഷ്യമിട്ടാണ് ഈ ലോബിയുമായി ബന്ധപ്പെട്ട സോഷ്യല്‍ മീഡിയ ഗ്രൂപ്പുകളും നീങ്ങുന്നത്. ‘പുറത്തുവരുന്ന വാര്‍ത്തകള്‍ അസ്വസ്ഥതയുണ്ടാക്കുന്നതാണെങ്കിലും മുഖ്യമന്ത്രിയില്‍ വാനോളം പ്രതീക്ഷയുണ്ട്’ എന്നാണ് പി.ജയരാജന് ആരാധകര്‍ കൂടുതലുള്ള റെഡ് ആര്‍മി ഗ്രൂപ്പില്‍ വന്ന പോസ്റ്റ്.
പല കാരണങ്ങളാല്‍ ശശിയോട് എതിര്‍പ്പുള്ള മുഴുവന്‍ പേരെയും കൂട്ടിയിണക്കാനുള്ള ഈ പരിശ്രമത്തിലേക്കാണ് അന്‍വറും കാരാട്ട് റസാഖും കെ ടി ജലീലുമെല്ലാം എത്തുന്നത്. പാര്‍ട്ടിയില്‍നിന്നു പുറത്താക്കപ്പെട്ടശേഷം ജില്ലാ കമ്മിറ്റിയിലേക്കും അതിവേഗം സംസ്ഥാന കമ്മിറ്റിയിലേക്കും മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി സ്ഥാനത്തേക്കും മടങ്ങിയെത്തിയ ശശി കണ്ണൂര്‍ രാഷ്ട്രീയത്തില്‍ ശക്തി തെളിയിക്കാനുള്ള അവസരം കാത്തിരിക്കുകയാണ്.
എം.വി.ജയരാജന് ലോക്സഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ താല്‍ക്കാലികമായി സ്ഥാനമൊഴിഞ്ഞപ്പോള്‍ ആക്ടിങ് സെക്രട്ടറിയാകാന്‍ ശശി ശ്രമം നടത്തിയിരുന്നു. സിപിഎമ്മിന്റെ 2 ടേം മാനദണ്ഡപ്രകാരം എ.എന്‍.ഷംസീര്‍ ഒഴിഞ്ഞാല്‍ 2026 ല്‍ തലശ്ശേരി സീറ്റില്‍ മത്സരിക്കാന്‍ ശശിക്കു താല്പര്യമുണ്ട്.
സംസ്ഥാന സെക്രട്ടേറിയറ്റ് അംഗത്വവും ശശി ആഗ്രഹിക്കുന്നു. ഇ.പി.ജയരാജന് രാഷ്ട്രീയത്തില്‍നിന്നു വിട്ടുനിന്നാല്‍ പിണറായിക്കും എം.വി.ഗോവിന്ദനും ശേഷം കണ്ണൂര്‍ ജില്ലയിലെ പ്രധാന നേതാവായി ഉയരാന്‍ ഇതുവഴി കഴിയും. ഇതിന് തടയിടുകയാണ് പി ജയരാജന് ഉള്‍പ്പെടെയുള്ളവര്‍ ലക്ഷ്യമിടുന്നത്.





