26
Sep 2024
Fri
26 Sep 2024 Fri
Thrissur atm robbery

തൃശൂര്‍: തൃശൂര്‍ നഗരത്തിലെ മൂന്ന് എടിഎമ്മുകളില്‍ വന്‍ കവര്‍ച്ച. മാപ്രാണം, കോലഴി, ഷൊര്‍ണൂര്‍ റോഡ് എന്നിവിടങ്ങളിലെ എടിഎമ്മുകളാണ് മോഷണത്തിനിരയായത്. പൂലര്‍ച്ചെ മൂന്നിനും നാലിനും ഇടയിലാണ് സംഭവം. കാറില്‍ വന്ന നാലംഗ സംഘം ഗ്യാസ് കട്ടര്‍ ഉപയോഗിച്ചാണ് എടിഎം തകര്‍ത്തത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

65 ലക്ഷം രൂപയോളമാണ് മൂന്ന് എടിഎമ്മുകളില്‍നിന്നായി നഷ്ടപ്പെട്ടത്. ബാങ്ക് ജീവനക്കാരെത്തി എടിഎമ്മില്‍ നിന്നും പിന്‍വലിച്ച തുകയുടെ വിശദാംശങ്ങള്‍ ലഭിച്ച ശേഷം മാത്രമേ നഷ്ടപ്പെട്ട തുക എത്രയാണെന്ന് കൃത്യമായി വ്യക്തമാവൂ. ഇതരസംസ്ഥാനക്കാരായ വിദഗ്ധ മോഷ്ടാക്കളിലേക്കാണ് സംശയം നീളുന്നത്.

20 കിലോമീറ്ററിനുള്ളിലുള്ള മൂന്ന് എസ്ബിഐ എടിഎമ്മുകളിലാണ് കവര്‍ച്ച നടന്നത്. മൂന്ന് എടിഎമ്മുകളിലും കവര്‍ച്ച നടത്തിയത് ഒരേ സംഘമാണെന്നാണ് നിഗമനം.

മാപ്രാണത്തുനിന്ന് മുപ്പത് ലക്ഷം, ഷൊര്‍ണൂര്‍ റോഡിലെ എടിഎമ്മില്‍ നിന്ന് ഒമ്പതര ലക്ഷം, കോലൊഴി എടിഎമ്മില്‍ നിന്ന് 25 ലക്ഷം എന്നിങ്ങനെയാണ് നഷ്ടപ്പെട്ടത്.

ALSO READ: കാണാതായ ബാലികയുടെ മൃതദേഹം ജലസംഭരണിയില്‍; ബലാല്‍സംഗം ചെയ്തു കൊന്നുവെന്ന് സംശയം

സിസിടിവി കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയില്‍ കാറിലാണ് പ്രതികള്‍ എത്തിയതെന്ന് കണ്ടെത്തി. മുഖം മൂടി ധരിച്ച സംഘം സിസിടിവി ക്യാമറകള്‍ നശിപ്പിച്ചിട്ടില്ല. സിസിടിവി ദൃശ്യങ്ങള്‍ പ്രകാരം വ്യാജ നമ്പര്‍ പ്ലേറ്റാണ് വാഹനത്തില്‍ ഉപയോഗിച്ചിരിക്കുന്നത്. സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുകയാണ്.

എടിഎം മോഷണത്തില്‍ കൃത്യമായ ധാരണയുള്ള സംഘമാണ് സംഭവത്തിനു പിന്നിലെന്നു കരുതുന്നു. തൃശൂരിലെ അതിര്‍ത്തികളിലെല്ലാം കര്‍ശന നിരീക്ഷണം ഏര്‍പ്പെടുത്തി. പാലിയേക്കര ടോള്‍ പ്ലാസയില്‍ അടക്കം നിരീക്ഷണം ശക്തമാക്കി. ജില്ലയിലെ എല്ലാ പൊലീസ് സ്റ്റേഷനുകളിലെയും ഉദ്യോഗസ്ഥര്‍ ജാഗ്രത പാലിക്കണമെന്ന് നിര്‍ദേശം നല്‍കി. അയല്‍ ജില്ലകളിലും ജാഗ്രത നിര്‍ദേശം നല്‍കിയിട്ടുണ്ട്.

പ്രഫഷനല്‍ ഗ്യാങ്ങുകളെ കുറിച്ചും മോഷ്ടാക്കള്‍ സഞ്ചരിച്ച വാഹനത്തെ കുറിച്ചും സൂചനയുണ്ടെന്ന് സിറ്റി പൊലീസ് കമ്മിഷണര്‍ ആര്‍. ഇളങ്കോ പറഞ്ഞു. ഈ ഘട്ടത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പങ്കുവയ്ക്കാനാകില്ല. പാലക്കാട്, കോയമ്പത്തൂര്‍, കൃഷ്ണഗിരി ജില്ലകളില്‍ അലര്‍ട്ട് നല്‍കി. തമിഴ്‌നാട്ടില്‍ അടുത്തിടെ ഇത്തരത്തിലുള്ള എടിഎം കൊള്ളകള്‍ നടന്നിരുന്നുവെന്നും കമ്മിഷണര്‍ പറഞ്ഞു.