28
Oct 2024
Fri
28 Oct 2024 Fri
Autodriver Abdul Sathar

കാഞ്ഞങ്ങാട്: ഉപജീവന മാര്‍ഗമായ ഓട്ടോറിക്ഷ അന്യായമായി പിടിച്ചുവെച്ചതിനെ തുടര്‍ന്ന് ഓട്ടോ ഡ്രൈവര്‍ അബ്ദുല്‍ സത്താര്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ പൊലീസിനെതിരെ കുടുംബം ഗുരുതരമായ ആരോപണങ്ങളുമായി രംഗത്തെത്തി.(Autodriver Abdul Sathar took his life due to police torture)  ആരോപണ വിധേയനായ കാസര്‍കോട് ടൗണ്‍ എസ്ഐ അനൂപിനെതിരെ കൊലക്കുറ്റത്തിന് കേസെടുക്കണമെന്ന് മകന്‍ അബ്ദുല്‍ ഷാനിസ് മാധ്യമങ്ങളോട് പറഞ്ഞു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ഓട്ടോറിക്ഷ പൊലീസ് വിട്ടുകൊടുക്കാത്തതാണ് പ്രശ്നങ്ങള്‍ക്ക് കാരണമെന്നും ഷാനിസ് വ്യക്തമാക്കി. സംഭവത്തില്‍ രാഷ്ട്രീയ പാര്‍ട്ടികളും സാമൂഹിക പ്രവര്‍ത്തകരും പ്രതിഷേധവുമായി രംഗത്തെത്തി.

‘എസ്ഐ അനൂപില്‍ നിന്ന് നേരിട്ട മാനസിക പീഡനത്തെ തുടര്‍ന്നാണ് സത്താര്‍ ആത്മഹത്യ ചെയ്തത്. പല തവണ സ്റ്റേഷനില്‍ കയറിയിറങ്ങിയിട്ടും ഓട്ടോ വിട്ടുകൊടുത്തില്ല. പൊലീസിനെതിരെ കൊലക്കുറ്റം ചുമത്തണമെന്നും ഷാനിസ് പറഞ്ഞു.

ALSO READ: മക്കൾ പട്ടിണിക്കിട്ട് പീഡിപ്പിച്ചു; ആത്മഹത്യാ കുറിപ്പെഴുതി വച്ച് വൃദ്ധ ദമ്പതികൾ വാട്ടർ ടാങ്കിൽ ചാടി ജീവനൊടുക്കി

അതേസമയം സംഭവത്തില്‍ മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തിട്ടുണ്ട്. ജില്ലാ പൊലീസ് അന്വേഷണം നടത്തി ഒരാഴ്ചക്കകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍ ആവശ്യപ്പെട്ടു.

പിടിച്ചെടുത്ത ഓട്ടോറിക്ഷ പൊലീസ് വിട്ടു നല്‍കാത്തതില്‍ മനംനൊന്താണ് കാസര്‍കോട് സ്വദേശി അബ്ദുല്‍ സത്താര്‍ (55) ആത്മഹത്യ ചെയ്തത്. ആത്മഹത്യക്ക് മുമ്പ് പൊലീസില്‍ നിന്നും നേരിട്ട ദുരനുഭവങ്ങള്‍ തുറന്നു പറഞ്ഞ് സത്താര്‍ വീഡിയോ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിരുന്നു. പൊലീസ് തന്റെ വാക്കുകളെ പാടെ അവഗണിച്ചതില്‍ വേദനയുണ്ടെന്ന് വീഡിയോയില്‍ പറയുന്നു.

ഡിവൈഎസ്പി നിര്‍ദേശിച്ചിട്ടും ഓട്ടോ വിട്ടൊകൊടുത്തില്ല
കഴിഞ്ഞ വ്യാഴാഴ്ച വൈകിട്ടാണ് അബ്ദുള്‍സത്താറിന്റെ ഓട്ടോറിക്ഷ ടൗണിലെ ഗീത ജങ്ഷനില്‍നിന്ന് പോലീസ് കസ്റ്റഡിയിലെടുത്തത്. തടസ്സമുണ്ടാക്കുന്നവിധം റോഡിന് നടുവില്‍ ഓട്ടോ നിര്‍ത്തിയതിനാണ് കേസെടുത്തത്.

എസ്.ഐ. അനൂബ് എത്തി താക്കോല്‍ കൈവശപ്പെടുത്തി വാഹനം കസ്റ്റഡിയിലെടുക്കുകയായിരുന്നു. ഓട്ടോ വിട്ടുകിട്ടാന്‍ കാസര്‍കോട് ഡിവൈ.എസ്.പി. സി.കെ.സുനില്‍കുമാറിന് പരാതി നല്‍കിയിരുന്നു. വാഹനം വിട്ടുകൊടുക്കാന്‍ ഡിവൈ.എസ്.പി. നിര്‍ദേശിച്ചെങ്കിലും പോലീസ് അതിന് തയാറായില്ല.

ടൗണ്‍ പോലീസ് ഓട്ടോ പിടിച്ചുവച്ചെന്നും വിട്ടുനല്‍കാതെ മാനസികമായി ബുദ്ധിമുട്ടിക്കുകയാണെന്നും ആത്മഹത്യ ചെയ്യാന്‍ തീരുമാനിച്ചെന്നും തിങ്കളാഴ്ച രാവിലെ ഫെയ്‌സ്ബുക്കില്‍ പങ്കുവെച്ച വീഡിയോയില്‍ അബ്ദുള്‍ സത്താര്‍ പറഞ്ഞിരുന്നു.

വീഡിയോ ശ്രദ്ധയില്‍പ്പെട്ട് ക്വാര്‍ട്ടേഴ്‌സിലേക്ക് ആളുകളെത്തിയപ്പോള്‍ മുറി അകത്തുനിന്ന് പൂട്ടിയ നിലയിലായിരുന്നു. പോലീസ് കെട്ടിട ഉടമയുമായെത്തി തുറക്കുകയായിരുന്നു. ഹോം ഗാര്‍ഡ് ആവശ്യപ്പെട്ടതിനാലാണ് വാഹനം നിര്‍ത്തിയതെന്ന് അബ്ദുള്‍ സത്താര്‍ വീഡിയോയില്‍ പറഞ്ഞിരുന്നു.

അബ്ദുള്‍ സത്താര്‍ വീഡിയോയില്‍ പറഞ്ഞത്

‘ഒക്ടോബര്‍ മൂന്നിന് വൈകീട്ടാണ് നെല്ലിക്കുന്ന് ജങ്ഷന് സമീപത്തുണ്ടായ ഗതാഗതക്കുരുക്കില്‍പ്പെട്ടത്. ലെഫ്റ്റും റൈറ്റുമെടുത്ത് പോകാന്‍ നോക്കുമ്പോള്‍ ഹോംഗാര്‍ഡ് ചാടിവീണ് ഇതിലേ പോകാന്‍ പറ്റില്ലെന്ന് പറഞ്ഞു. വാഹനം പുറകിലേക്കോ മുന്‍പിലേക്കോ എടുക്കാന്‍ കഴിയില്ലെന്ന് പറഞ്ഞപ്പോള്‍ അയാള്‍ എസ്.ഐ.യെ വിളിച്ചു.

എസ്.ഐ. വന്ന് താക്കോല്‍ ഊരിക്കൊണ്ടുപോയി. അതോടെ ബ്ലോക്ക് കൂടുതലായി. പിന്നെ എനിക്കൊന്നും ചെയ്യാന്‍ കഴിഞ്ഞില്ല. മറ്റ് യാത്രക്കാര്‍ വണ്ടിയില്‍ നിന്നിറങ്ങി പ്രശ്‌നമുണ്ടാക്കിയപ്പോള്‍ പോലീസ് ഓട്ടോയെടുത്ത് സ്റ്റേഷനിലേക്ക് കൊണ്ടുപോയി.

കുറേ നിയമങ്ങളുണ്ടല്ലോ, അതുകൊണ്ട് വകുപ്പുകള്‍ ചാര്‍ത്തി വണ്ടി പിടിച്ചിട്ടു. അറസ്റ്റ് ചെയ്തതതായും രണ്ടാളുടെ ജാമ്യം വേണമെന്നും പറഞ്ഞു. എനിക്കിവിടെ ജാമ്യം നില്‍ക്കാന്‍ ആളുകളില്ല. എന്റെ നാട് കാസര്‍കോടാണെങ്കിലും കുടുംബം മംഗളൂരുവിലാണ്. ഇവിടെ വാടകവീട്ടില്‍ ജീവിക്കുകയാണ്. എന്റെ കുടുംബത്തിന് ചെലവിന് കൊടുക്കാനുള്ള വകപോലും കൈയിലില്ല. വണ്ടി വാങ്ങിത്തന്നത് എന്റെ സുഹൃത്താണ്. അവന് ഡൗണ്‍ പേയ്‌മെന്റായി 25000 മാത്രമാണ് കൊടുത്തത്.

എന്റെ ആധാര്‍ കാസര്‍കോട്ടെ വിലാസത്തില്‍ അല്ലാത്തതിനാല്‍ അവന്റെ പേരിലാണ് വണ്ടിയുള്ളത്. അതാണ് പ്രശ്‌നമായത്. പോലീസ് ഇപ്പോള്‍ മാനസികമായി ബുദ്ധിമുട്ടിക്കുകയാണ്’- അബ്ദുള്‍ സത്താര്‍ പറഞ്ഞു. പലതവണ സ്റ്റേഷനില്‍ ചെന്നപ്പോള്‍ മനോവിഷമം ഉണ്ടാക്കുന്ന തരത്തില്‍ പെരുമാറിയതല്ലാതെ ഓട്ടോറിക്ഷ വിട്ടുതന്നില്ലെന്നും ഇതില്‍ മനംനൊന്ത് താന്‍ ജീവനൊടുക്കുകയാണെന്നും പറഞ്ഞാണ് വീഡിയോ അവസാനിപ്പിക്കുന്നത്.

ഓട്ടോ ഡ്രൈവര്‍ അബ്ദുല്‍ സത്താറിന്റെ മരണത്തില്‍ പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരേ ശക്തമായ നടപടി ആവശ്യപ്പെട്ട് എസ്ഡിപിഐ കാസര്‍കോഡ് മണ്ഡലം കമ്മിറ്റി ഇന്ന് കാസര്‍കോഡ് പോലീസ് സ്‌റ്റേഷനിലേക്കു മാര്‍ച്ച് നടത്തും. സംസ്ഥാന സമിതി അംഗം നാസര് വയനാട് ഉദ്ഘാടനം ചെയ്യും.