26
Oct 2024
Fri
26 Oct 2024 Fri
Satish Krishna Sail MLA

ബംഗളൂരു: ഷിരൂര്‍ മണ്ണിടിച്ചിലില്‍ കാണാതായ അര്‍ജുന് വേണ്ടിയുള്ള തിരച്ചിലില്‍ സജീവമായി രംഗത്തുണ്ടായിരുന്ന കാര്‍വാര്‍ എം.എല്‍.എ സതീഷ് കൃഷ്ണ സെയില്‍ അറസ്റ്റില്‍.(Arjun search hero Satish Sale MLA arrested) അനധികൃത ഇരുമ്പയിര് കടത്തുകേസില്‍ കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തിയതിനുപിന്നാലെ സി.ബി.ഐയാണ് എംഎല്‍എയെ അറസ്റ്റ് ചെയ്തത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

കാര്‍വാര്‍ ബെലകെരി തുറമുഖംവഴി 11,312 മെട്രിക് ടണ്‍ ഇരുമ്പയിര് അനധികൃതമായി കടത്തിയെന്നാണ് കേസ്. കേസില്‍ സതീഷ് കൃഷ്ണ സെയില്‍ അടക്കം ഏഴുപേര്‍ കുറ്റക്കാരാണെന്ന് ജനപ്രതിനിധികള്‍ക്കെതിരായ കേസ് കൈകാര്യംചെയ്യുന്ന ബംഗളൂരുവിലെ പ്രത്യേക കോടതി വ്യാഴാഴ്ച വിധിച്ചിരുന്നു.

ALSO READ: കേന്ദ്രസര്‍ക്കാര്‍ ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങള്‍ തട്ടി; ഡിവൈഎഫ്‌ഐ നേതാവായ അധ്യാപിക അറസ്റ്റില്‍

കേസില്‍ വെള്ളിയാഴ്ച വിധി പറയാനിരിക്കെ, ഉച്ചക്ക് 12.30നു മുമ്പ് സതീഷ് സെയിലിനെയും മറ്റു പ്രതികളെയും അറസ്റ്റ് ചെയ്ത് ഹാജരാക്കാന്‍ സി.ബി.ഐയോട് സ്‌പെഷല്‍ കോടതി ജഡ്ജ് ജസ്റ്റിസ് സന്തോഷ് ഗജാനനന്‍ ഉത്തരവിടുകയായിരുന്നു. തുടര്‍ന്നാണ് വ്യാഴാഴ്ച വൈകീട്ട് എം.എല്‍.എയുടെ അറസ്റ്റ് രേഖപ്പെടുത്തിയത്.

എം.എല്‍.എ അടക്കമുള്ള പ്രതികളെ ബംഗളൂരുവിലെ പരപ്പന അഗ്രഹാര ജയിലിലേക്ക് മാറ്റി. ഇന്ന് ബംഗളൂരുവിലെ കോടതിയില്‍ ഹാജരാക്കും.

2010ലാണ് കേസിന്നാസ്പദമായ ഇടപാട് നടന്നത്. ബെള്ളാരിയില്‍നിന്നുള്ള ഇരുമ്പയിര് കാര്‍വാറിലെ തുറമുഖം വഴി അനധികൃതമായി കയറ്റുമതി ചെയ്തതായി ലോകായുക്ത ജസ്റ്റിസ് എന്‍. സന്തോഷ് ഹെഗ്‌ഡെ കണ്ടെത്തിയിരുന്നു. 2006-07, 2010-11 കാലയളവുകളിലായി 7.74 ദശലക്ഷം ടണ്‍ ഇരുമ്പയിര് കടത്തിയെന്നും ഇത് സംസ്ഥാനത്തിന് വന്‍ സാമ്പത്തിക നഷ്ടമുണ്ടാക്കിയെന്നാണ് ലോകായുക്ത കണ്ടെത്തല്‍.

സതീഷ് സെയിലിന്റെ ഉടമസ്ഥതയിലുള്ള മല്ലികാര്‍ജുന ഷിപ്പിങ് കോര്‍പറേഷനും റിട്ട. പോര്‍ട്ട് ഡപ്യൂട്ടി കണ്‍സര്‍വേറ്റര്‍ മഹേഷ് ബിലിയെ അടക്കമുള്ളവര്‍ക്കും ഇടപാടില്‍ പങ്കുള്ളതായി സി.ബി.ഐ കുറ്റപത്രത്തില്‍ ചൂണ്ടിക്കാട്ടിയിരുന്നു.