കോഴിക്കോട്: യുവതിയെ ദുരൂഹ സാഹചര്യത്തില്‍ നഗരത്തിലെ ലോഡ്ജ് മുറിയില്‍ മരിച്ചനിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ കൂടുതല്‍ ദുരൂഹത. മലപ്പുറം വെട്ടത്തൂര്‍ കാപ്പ് പൊതാക്കല്ല് റോഡിലെ പന്തലാന്‍ വീട്ടില്‍ ഫസീല (33)യെയാണ് ഇന്നലെ രാവിലെ എരഞ്ഞിപ്പാലത്തെ ലോഡ്ജ് മുറിയില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. അതേസമയം യുവതിക്കൊപ്പം ഉണ്ടായിരുന്ന അബ്ദുല്‍ സനൂഫിനെ ഇതുവരെ കണ്ടെത്തിയിട്ടില്ല. ഇയാളെ പൊലിസ് അന്വേഷിച്ചുവരികയാണ്.
|
ഞായറാഴ്ച രാത്രി 11 മണിക്കാണ് യുവാവും യുവതിയും ലോഡ്ജില്‍ മുറിയെടുത്തത്. മൂന്നുദിവസത്തേക്കായിരുന്നു മുറിയെടുത്തത്. തിങ്കളാഴ്ച രാത്രി പത്തോടെ മുറിയില്‍നിന്ന് പുറത്തുപോയ യുവാവ് പിന്നീട് തിരികെ എത്തിയില്ല. ഇന്നലെ രാവിലെ രണ്ടുപേരെയും കാണാത്തതിനെ തുടര്‍ന്ന് പരിശോധിച്ചപ്പോഴാണ് യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. സംഭവത്തില്‍ നടക്കാവ് പൊലിസ് ആണ് കേസെടുത്ത് അന്വേഷണം നടത്തുന്നത്.
മുറിയുടെ വാടക അടയ്ക്കാത്തതിനാല്‍ ലോഡ്ജ് ജീവനക്കാര്‍ ചൊവ്വാഴ്ച രാവിലെ ചെന്നുനോക്കിയപ്പോഴാണ് യുവതിയെ കട്ടിലില്‍ കിടക്കുന്ന നിലയില്‍ കണ്ടെത്തിയത്. വിളിച്ചപ്പോള്‍ ഉണരാത്തതിനാല്‍ ഡോക്ടറെ കൊണ്ടുവന്ന് പരിശോധിച്ചപ്പോള്‍ മരണം സ്ഥിരീകരിക്കുകയായിരുന്നു. മുറി പുറത്തുനിന്ന് പൂട്ടിയ നിലയിലുമാണ്.
ഫസീല മരിച്ചതോടെ യുവാവ് മുങ്ങിയതാവാമെന്നാണ് കരുതുന്നത്. മുറിക്കകത്ത് ബലപ്രയോഗം നടന്നതിന്റെ അടയാളങ്ങളൊന്നുമില്ല. അതുകൊണ്ട് കൊലപാതകമാണോ എന്ന് വ്യക്തമല്ല. സനൂഫ് ലോഡ്ജില്‍ കൊടുത്ത ഫോണ്‍നമ്പറില്‍ ബന്ധപ്പെട്ടെങ്കിലും അത് വ്യാജമാണെന്നും കണ്ടെത്തി. ഇയാള്‍ വന്ന കാറും മറ്റൊരാളുടേതാണെന്ന് പോലീസ് പറഞ്ഞു.
ഈ കാര്‍ പാലക്കാട് ടൗണ്‍ സൗത്ത് പോലീസ് സ്റ്റേഷന്റെ പരിധിയിലുള്ള ചക്കാന്തറയിലെ സ്‌കൂളിന് സമീപം ഉപേക്ഷിക്കപ്പെട്ട നിലയില്‍ ഇന്നലെ രാത്രി കണ്ടെത്തി. വണ്ടിയുടെ നമ്പര്‍ കണ്ടാണ് തിരിച്ചറിഞ്ഞത്.
രണ്ടുതവണ വിവാഹമോചിതയായ ഫസീലയുടെ ഡിവോഴ്‌സ് കേസ് നടക്കുന്നതിനിടയിലാണ് സനൂഫിനെ പരിചയപ്പെടുന്നത്. സനൂഫിന്റെ പേരില്‍ ഫസീല ഒറ്റപ്പാലത്ത് നേരത്തേ പീഡനക്കേസ് കൊടുത്തിരുന്നു. ഈ കേസ് നടക്കുന്നതിനിടെ വീണ്ടും അയാളുമായി സൗഹൃദത്തിലാവുകയായിരുന്നു. സനൂഫ് ലോഡ്ജില്‍ നല്‍കിയ മേല്‍വിലാസത്തിലല്ല അയാള്‍ താമസിച്ചിരുന്നതെന്ന വിവരവും പൊലിസിന് ലഭിച്ചു.
മരണവിവരമറിഞ്ഞ് ഫസീലയുടെ ബന്ധുക്കള്‍ കോഴിക്കോട്ടെത്തിയിട്ടുണ്ട്.മൃതദേഹം ഇന്‍ക്വസ്റ്റ് നടത്തി മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. മരണകാരണം വ്യക്തമാവാന്‍ പോസ്റ്റ്‌മോര്‍ട്ടം കഴിയണമെന്ന് പൊലിസ് അറിയിച്ചു.
Mystery surrounds woman found dead in Kozhikode hotel





