|
സാന്‍ഫ്രാന്‍സിസ്‌കോ: അന്തരിച്ച വിഖ്യാത തബല മാന്ത്രികന്‍ ഉസ്താദ് സാക്കിര്‍ അലി ഹുസൈന്റെ ഭൗതിക ദേഹം ജന്മനാടായ ഇന്ത്യയിലേക്ക് കൊണ്ടുവന്നില്ല. സാൻഫ്രാൻസിസ്കോയിൽ സംസ്കാര ചടങ്ങുകൾ നടന്നതായി സാക്കിർ ഹുസൈന്റെ കുടുംബം വ്യക്തമാക്കി. ഭാര്യയ്ക്കും മക്കൾക്കുമൊപ്പം ഏറെനാളായി യുഎസിലാണ് അദ്ദേഹം താമസിച്ചിരുന്നത്.
ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടർന്നു യുഎസിലെ സാൻഫ്രാൻസിസ്കോയിലെ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് തിങ്കളാഴ്ച ആണ് സാക്കിർ ഹുസൈൻ മരിച്ചത്. മുംബൈയിൽ ജനിച്ച സാക്കിർ ഹുസൈൻ തബലയെ ലോകപ്രശസ്‌തിയിലേക്ക് ഉയര്‍ത്തിയ പ്രതിഭ ആണ്.
1951ല്‍ മുംബൈയിലാണ് സാക്കിര്‍ ഹുസൈന്റെ ജനനം. ഇതിഹാസ തബലിസ്റ്റ് അള്ളാ റഖാ ഖാന്റെ മകനാണ്. ചെറുപ്പം മുതല്‍ പിതാവില്‍നിന്ന് തബല പഠിച്ചു തുടങ്ങി. 12ാം വയസ്സില്‍ കച്ചേരികള്‍ അവതരിപ്പിക്കാന്‍ തുടങ്ങിയ അദ്ദേഹം കുട്ടിക്കാലത്തുതന്നെ തന്റെ വഴി സംഗീതലോകമാണെന്ന് തിരിച്ചറിഞ്ഞിരുന്നു. ഐതിഹാസിക പോപ്പ് ബാന്‍ഡ് ‘ദ ബീറ്റില്‍സ്’ ഉള്‍പ്പെടെ നിരവധി പാശ്ചാത്യ സംഗീതജ്ഞരുമായി സഹകരിച്ചിട്ടുണ്ട്.
കഴിഞ്ഞ ഗ്രാമി പുരസ്‌കാര വേദിയിലും സാക്കിര്‍ ഹുസൈന്‍ ശ്രദ്ധേയമായ നേട്ടങ്ങള്‍ കൈവരിച്ചു. മികച്ച ഗ്ലോബല്‍ മ്യൂസിക്ക് പെര്‍ഫോമന്‍സ്, മികച്ച കണ്ടംപററി ഇന്‍സ്ട്രുമെന്റല്‍ ആല്‍ബം, മികച്ച ഗ്ലോബല്‍ മ്യൂസിക് ആല്‍ബം എന്നീ വിഭാഗങ്ങളില്‍ അദ്ദേഹം പുരസ്‌കാരം പങ്കിട്ടു. മണ്‍ടോ, മിസ്റ്റര്‍ ആന്‍ഡ് മിസിസ് അയ്യര്‍, വാനപ്രസ്ഥം എന്നിവയുള്‍പ്പെടെ ഏതാനും സിനിമകള്‍ക്ക് സംഗീതം നല്‍കുകയുണ്ടായി. ഹീറ്റ് ആന്‍ഡ് ഡസ്റ്റ്, ദ പെര്‍ഫക്റ്റ് മര്‍ഡര്‍, മിസ് ബ്യൂട്ടിസ് ചില്‍ഡ്രന്‍, സാസ് എന്നീ ചിത്രങ്ങളില്‍ വേഷമിടുകയുംചെയ്തു. അദ്ദേഹത്തെ രാജ്യം പത്മശ്രീ, പത്മഭൂഷണ്‍, പത്മവിഭൂഷണ്‍ പുരസ്‌കാരങ്ങള്‍ നല്‍കി ആദരിച്ചിട്ടുണ്ട്.
കഥക് നര്‍ത്തകിയും അധ്യാപികയുമായ അന്റോണിയ മിനെക്കോളയാണ് ഭാര്യ. അനിസ ഖുറേഷിയും ഇസബെല്ല ഖുറേഷിയുമാണ് മക്കള്‍.
Family confirms Ustad Zakir Ali Hussain cremation held in us


