ന്യൂഡല്‍ഹി: യമനില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട മലയാളി നഴ്‌സ് നിമിഷ പ്രിയയുടെ മോചനത്തിനായി സാധ്യമായ എല്ലാം ചെയ്യുമെന്ന് വിദേശകാര്യ വകുപ്പ് പ്രതികരിച്ചു. (‘We will do everything possible’; Ministry of External Affairs on Nimishapriya’s execution). യമന്‍ പൗരനെ കൊലപ്പെടുത്തിയ കേസില്‍ നിമിഷപ്രിയയുടെ വധശിക്ഷ യമന്‍ പ്രസിഡന്റ് റഷദ് അല്‍ അലിമി ശരിവച്ച സാഹചര്യത്തിലാണ് മന്ത്രാലയം ഇക്കാര്യം അറിയിച്ചത്. ” നിമിഷപ്രിയയെ യമനില്‍ വധശിക്ഷയ്ക്ക് വിധിച്ച വാര്‍ത്ത അറിയാം. അവരെ മോചിപ്പിക്കാനായി കുടുംബം പരിശ്രമിക്കുകയാണ്. ഈ വിഷയത്തില്‍ കേന്ദ്രസര്‍ക്കാര്‍ സാധ്യമായ എല്ലാ സഹായവും ചെയ്യും”- വിദേശകാര്യ വക്താവ് രണ്‍ധീര്‍ ജയ്‌സ്വാള്‍ പറഞ്ഞു.
|
വധശിക്ഷയ്ക്ക് പ്രസിഡന്റ് അംഗീകാരം നല്‍കിയ വാര്‍ത്ത അറിഞ്ഞതിന്റെ ഞെട്ടലില്‍ നിമിഷപ്രിയയുടെ കുടുംബം കഴിയുന്നതിനിടെയാണ് സര്‍ക്കാര്‍ ഇക്കാര്യം അറിയിച്ചത്. നിമിഷയുടെ വധശിക്ഷ ഒരുമാസത്തിനകം നടപ്പാക്കിയേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
നിമിഷപ്രിയയുടെ വധശിക്ഷയില്‍ ഇളവ് നേടിയെടുക്കാന്‍ അമ്മ പ്രേമകുമാരി ശ്രമിച്ചുകൊണ്ടിരിക്കുകയാണ്. ഈ വര്‍ഷം ആദ്യം, സാമൂഹിക പ്രവര്‍ത്തകരുടെ സംഘടനയായ സേവ് നിമിഷപ്രിയ ഇന്റര്‍നാഷണല്‍ ആക്ഷന്‍ കൗണ്‍സിലിന്റെ സഹായത്തോടെ ദയാധനം നല്‍കുന്നത് സംബന്ധിച്ച് ചര്‍ച്ച നടത്താന്‍ പ്രേമകുമാരി യമനിലേക്ക് പോയിരുന്നു. ഇതുസംബന്ധിച്ച കാര്യങ്ങള്‍ നീക്കാനായി എട്ടുമാസമായി പ്രേമകുമാരി യമനില്‍ തന്നെയാണ് ഉള്ളത്.
കൊല്ലപ്പെട്ടയാളുടെ കുടുംബം ദയ കാണിച്ചാല്‍ മാത്രമേ ഇനി പ്രതീക്ഷയ്ക്ക് വകയുള്ളു. നിമിഷ പ്രിയയുടെ വധശിക്ഷയില്‍ ഇളവ് തേടി നയതന്ത്രതലത്തില്‍ വലിയ ഇടപെടല്‍ നടത്തിയെങ്കിലും ഫലവത്തായില്ല. കൊല്ലപ്പെട്ട യമന്‍ യുവാവ് തലാല്‍ അബ്ദുല്‍ മഹ്ദിയുടെ കുടുംബവുമായും ഇദ്ദേഹത്തിന്റെ ഗോത്രത്തിന്റെ തലവന്മാരുമായും മാപ്പപേക്ഷയ്ക്കുള്ള ചര്‍ച്ചകള്‍ വഴിമുട്ടിയതോടെയാണ് ശിക്ഷ നടപ്പാക്കുന്നത്. എങ്കിലും അവസാന വട്ട ശ്രമങ്ങള്‍ ഇപ്പോഴും പുരോഗമിക്കുകയാണ്. നിമിഷപ്രിയയുടെ കുടുംബം ഇപ്പോഴും യമനില്‍ തങ്ങുകയാണ്.
വധശിക്ഷക്ക് വിധിക്കപ്പെട്ട് യമന്‍ തലസ്ഥാനമായ സന്‍ആയിലെ ജയിലില്‍ കഴിയുന്ന നിമിഷപ്രിയയെ കഴിഞ്ഞ ഏപ്രിലില്‍ അമ്മ പ്രേമകുമാരി നേരില്‍ കണ്ടിരുന്നു. 12 വര്‍ഷത്തെ ഇടവേളയ്ക്കുശേഷമായിരുന്നു പ്രേമകുമാരി മകളെ കാണുന്നത്. അമ്മയും മകളും ഒരുമിച്ച് ഭക്ഷണം കഴിക്കുകയും ചെയ്തു.
പാലക്കാട് കൊല്ലങ്കോട് തേക്കിന്‍ചിറ സ്വദേശിനിയാണ് നിമിഷപ്രിയ. തൊടുപുഴ സ്വദേശി ടോമിയെ വിവാഹം കഴിച്ച ശേഷം 2012ലാണ് ഭര്‍ത്താവിനൊപ്പം യമനില്‍ നഴ്‌സായി ജോലിക്ക് പോയത്.
2017 ജൂലൈ 25ന് യമന്‍ സ്വദേശി തലാല്‍ അബ്ദുല്‍ മഹ്ദിയുടെ കൊലപാതകമാണ് യുവതിയുടെ ജീവിതം മാറ്റിമറിച്ചത്. യമന്‍ പൗരനെ കൊലപ്പെടുത്തി മൃതദേഹം വീടിനുള്ളിലെ ജലസംഭരണിയില്‍ ഒളിപ്പിച്ചെന്നായിരുന്നു കേസ്. സാഹചര്യ തെളിവുകളെല്ലാം പ്രതികൂലമായതിനെ തുടര്‍ന്ന് നിമിഷയ്ക്ക് യമന്‍ കോടതി വധശിക്ഷ വിധിക്കുകയും ചെയ്തു.
യമനിലെത്തിയ ശേഷം തലാല്‍ അബ്ദുല്‍ മഹ്ദിയുമായി പരിചയത്തിലായ നിമിഷപ്രിയ അദ്ദേഹവുമായി ചേര്‍ന്ന് കച്ചവടപങ്കാളിത്തത്തോടെ ക്ലിനിക്ക് തുടങ്ങുകയുമായിരുന്നു. രാജ്യത്ത് യമന്‍ പൗരന്മാരുടെ ഉത്തരവാദിത്തത്തിലല്ലാതെ സ്ഥാപനങ്ങള്‍ തുടങ്ങാനാകില്ല. ഇതിനാലാണ് മഹ്ദിയുടെ സഹായം തേടിയത്.
ക്ലിനിക്കിനായി കൂടുതല്‍ പണം ആവശ്യം വന്നതോടെ നിമിഷയും ഭര്‍ത്താവും നാട്ടിലേക്കു മടങ്ങി. പിന്നീട് നിമിഷ മാത്രമായിരുന്നു യമനിലേക്കു തിരിച്ചുപോയത്.
മഹ്ദിയുമായി ചേര്‍ന്ന് ക്ലിനിക്ക് തുടങ്ങിയശേഷം ഭാര്യയാണെന്നു വിശ്വസിപ്പിച്ച് വ്യാജ വിവാഹ സര്‍ട്ടിഫിക്കറ്റ് ഉണ്ടാക്കി. ഇതിനിടെ, ഇരുവരും ചേര്‍ന്ന് ആരംഭിച്ച ക്ലിനിക്കിലെ വരുമാനം മുഴുവന്‍ തലാല്‍ സ്വന്തമാക്കുകയും പാസ്‌പോര്‍ട്ട് തട്ടിയെടുക്കുകയും ചെയ്തതായി നിമിഷപ്രിയയുടെ കുടുംബം ആരോപിക്കുന്നു.
അധികൃതര്‍ക്ക് പരാതി നല്‍കിയ യുവതിയെ മഹ്ദി മര്‍ദിക്കുകയും ചെയ്തു. ജീവന്‍ അപകടത്തിലാകുമെന്ന ഘട്ടത്തിലാണ് താന്‍ മഹ്ദിയെ അപായപ്പെടുത്താന്‍ ശ്രമിച്ചതെന്നാണ് നിമിഷപ്രിയ അവകാശപ്പെടുന്നത്.
‘We will do everything possible’; Ministry of External Affairs on Nimishapriya’s execution


