വെടിനിര്‍ത്തലിന് പിന്നാലെ വെസ്റ്റ്ബാങ്കില്‍ അക്രമമഴിച്ചുവിട്ട് ഇസ്രായേലി കുടിയേറ്റക്കാര്‍. (Israeli settlers attack West Bank villages) അക്രമത്തില്‍ 21 ഫലസ്തീന്‍കാര്‍ക്കു പരിക്കേറ്റു. ജറുസലേമിന് വടക്കുള്ള വെസ്റ്റ് ബാങ്ക് ഗ്രാമങ്ങളിലാണ് അക്രമം. മൂന്ന് ഫലസ്തീന് വീടുകള്‍, നഴ്സറി, വ്യാപാര സ്ഥാപനം എന്നിവര്‍ അക്രമികള്‍ അഗ്നിക്കിരയാക്കി.
|
രാത്രിയില്‍ നടന്ന അക്രമത്തില്‍ ഇസ്രായേലി സൈന്യത്തിന്റെ പൂര്‍ണ പിന്തുണയോടെയായിരുന്നു അക്രമം. ഇസ്രായേലി ജയിലില്‍ നിന്ന് മോചിപ്പിക്കപ്പെട്ട ഫലസ്തീന്‍കാരെ സ്വീകരിക്കുന്ന ആഘോഷത്തിനിടെ ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയായിരുന്നു അക്രമത്തിന്റെ ലക്ഷ്യം.
ALSO READ: ഗസക്കാരെ ഇന്തോനേഷ്യയിലേക്കു മാറ്റാന്‍ ട്രംപിന്റെ പ്രതിനിധി നിര്‍ദേശിച്ചു
ഇതിനിടെ 15 വയസ്സുള്ള ഫലസ്തീന് ബാലനെ ഇസ്രായേലി സ്നൈപ്പര്‍മാര്‍ വെടിവച്ചു കൊന്നു. ഞായറാഴ്ച്ച വടക്കന്‍ ഗസയിലെ റഫയിലാണ് സംഭവം. വെടിനിര്‍ത്തല്‍ കരാറിന്റെ നഗ്നമായ ലംഘനമായാണ് ഇത് കണക്കാക്കപ്പെടുന്നത്. കുട്ടിയുടെ മൃതദേഹം എടുക്കാന്‍ ശ്രമിച്ചയാള്ക്കെതിരേയും സൈന്യം വെടിയുതിര്‍ത്തു.
സഹായവുമായി ട്രക്കുകളുടെ നീണ്ട നിര
വെടിനിര്‍ത്തലിന്റെ രണ്ടാം ദിനം 915 സഹായ ട്രക്കുകള്‍ ഗസയിലേക്കു പ്രവേശിച്ചതായി ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്ന യുഎന്‍ ഓഫീസ് അറിയിച്ചു. ഇതില്‍ 300 ട്രക്കുകള്‍ ഏറ്റവും വലിയ നാശംനേരിട്ട വടക്കന്‍ ഗസയിലേക്കു നീങ്ങി.
വടക്കന്‍ ഗസയിലും റഫയിലും മൊബൈല്‍ ആശയവിനിമയ സംവിധാനങ്ങള്‍ പുനസ്ഥാപിക്കാനുള്ള ശ്രമത്തിലാണ് ടെലികോം ജീവനക്കാര്‍. 15 മാസം നീണ്ട ഇസ്രായേല്‍ ബോംബിങില് ഭൂരിഭാഗം ടെലികോം സംവിധാനവും തകര്‍ക്കപ്പെട്ടിരുന്നു.
കെട്ടിടങ്ങള്‍ക്കടിയില്‍ 10,000ഓളം മൃതദേഹങ്ങള്‍
തകര്‍ക്കപ്പെട്ട കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ നിന്ന് മൃതദേഹങ്ങള്‍ കണ്ടെടുക്കുന്നതിനുള്ള ശ്രമങ്ങളും ആരംഭിച്ചിട്ടുണ്ട്. വെടിനിര്‍ത്തലിന് ശേഷം റഫയില്‍ നിന്ന് മാത്രം 137 മൃതദേഹങ്ങള്‍ കണ്ടെത്തി. തകര്‍ക്കപ്പെട്ട വീടുകള്‍ക്കും മറ്റു കെട്ടിടങ്ങള്‍ക്കും അടിയില്‍ ചുരുങ്ങിയത് 10,000ലേറെ മൃതദേഹങ്ങളെങ്കിലും ഉണ്ടാകുമെന്നാണ് കണക്കാക്കുന്നത്.


