18
Jan 2025
Mon
18 Jan 2025 Mon
Donald Trump middle east envoy

വാഷിങ്ടണ്‍: പുനര്‍നിര്‍മാണ പ്രക്രിയ ആരംഭിക്കുമ്പോള്‍ ഗസയിലെ ജനങ്ങളില്‍ ഒരു ഭാഗത്തെ ഇന്തോനേഷ്യയിലേക്ക് മാറ്റാന്‍ നിര്‍ദേശിച്ചതായി റിപോര്‍ട്ട്. (Trump’s envoy suggests relocating Gazans to Indonesia)  നിയുക്ത അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ മിഡില്‍ ഈസ്റ്റിലെ പ്രതിനിധി സ്റ്റീവ് വിറ്റ്‌കോഫ് ആണ് ഈ നിര്‍ദേശം മുന്നോട്ട് വച്ചത്. അമേരിക്കന്‍ മാധ്യമമായ എന്‍ബിസിയാണ് ട്രംപുമായി അടുത്ത വൃത്തങ്ങളെ ഉദ്ധരിച്ച് ഇക്കാര്യം പുറത്തുവിട്ടത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ഇസ്രായേല്‍-ഹമാസ് വെടിനിര്‍ത്തല്‍ നിലനിര്‍ത്താനുള്ള ട്രംപ് ഭരണകൂടത്തിന്റെ ശ്രമങ്ങളുടെ ഭാഗമായി വിറ്റ്കോഫ് ഗസ സന്ദര്‍ശിക്കുന്നത് പരിഗണിക്കുന്നുണ്ട്. ഇരുപക്ഷത്തിന്റെയും വാക്കുകള്‍ കേള്‍ക്കുന്നതിന് പകരം അവിടത്തെ സാഹചര്യം നേരിട്ട് വിലയിരുത്തുകയാണ് ലക്ഷ്യം.

ALSO READ: ഹമാസും ഇസ്രായേലും മോചിപ്പിച്ചവരുടെ ആരോഗ്യസ്ഥിതി നോക്കൂ; ഇതാണ് അധിനിവേശവും പ്രതിരോധവും തമ്മിലെ വ്യത്യാസമെന്ന് ഹമാസ്

ട്രംപും സംഘവും ഗസക്ക് വേണ്ടിയുള്ള ദീര്‍ഘകാല പരിഹാരങ്ങള്‍ക്കായി ഇപ്പോഴും പ്രവര്‍ത്തിക്കുന്നുണ്ടെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു. ഞങ്ങള്‍ ഗസക്കാരെ സഹായിച്ചില്ലെങ്കില്‍, അവരുടെ ജീവിതം മെച്ചപ്പെടുത്തിയില്ലെങ്കില്‍, അവര്‍ക്ക് പ്രതീക്ഷ നല്‍കുന്നില്ലെങ്കില്‍ അവിടെ ഒരു കലാപമുണ്ടാകുമെന്നും ഉദ്യോഗസ്ഥന്‍ കൂട്ടിച്ചേര്‍ത്തു.

അതേസമയം, ഇന്തോനേഷ്യ ഗസാ നിവാസികള്‍ക്ക് താല്‍ക്കാലിക ആതിഥേയ രാജ്യമാകാന്‍ സാധ്യതയുണ്ടെന്ന മാധ്യമ റിപ്പോര്‍ട്ടുകള്‍ ഇന്തോനേഷ്യന്‍ സര്‍ക്കാര്‍ നിഷേധിച്ചു. തങ്ങള്‍ ഇത്തരമൊരു സ്ഥലംമാറ്റ പദ്ധതി കേള്‍ക്കുന്നത് ഇതാദ്യമാണെന്ന് വിദേശകാര്യ മന്ത്രാലയ വക്താവ് റോയ് സോമിറാത്ത് പറഞ്ഞു.

ഹമാസും ഇസ്രയേലും വെടിനിര്‍ത്തലിന് സമ്മതിച്ചുവെന്ന വാര്‍ത്ത പുറത്തുവന്നതിന് പിന്നാലെ, ഗസ പുനര്‍നിര്‍മിക്കുന്നതിന് സംഭാവന നല്‍കാന്‍ ഇന്തോനേഷ്യ തയ്യാറാണെന്ന് വിദേശകാര്യ മന്ത്രി സുഗിയോനോ വ്യക്തമാക്കിയിരുന്നു.