തമിഴ്‌നാട്ടിലെ മയിലാടുതുറൈ, ചെന്നൈ എന്നിവിടങ്ങളില്‍ മുന്‍ പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരുമായി ബന്ധപ്പെട്ട കേന്ദ്രങ്ങളില്‍ റെയ്ഡ്. (Ramalingam murder case: Raids on centres linked to Popular Front activists in Tamil Nadu) കേരളം, തമിഴ്‌നാട്, കര്‍ണാടക, ചെന്നൈ എന്നിവിടങ്ങളില്‍ നിന്നുള്ള എന്‍ഐഎ സംഘമാണ് ഇന്ന് പുലര്‍ച്ചെ മുതല്‍ റെയ്ഡ് നടത്തിയത്.
|
2019ല്‍ പട്ടാളി മക്കള്‍ കക്ഷി നേതാവ് വി രാമലിംഗം കൊല്ലപ്പെട്ടതുമായി ബന്ധപ്പെട്ടാണ് പരിശോധന. കേസുമായി ബന്ധപ്പെട്ട് ജനുവരി 25ന് തഞ്ചാവൂര്‍ ജില്ലയിലെ മുന്‍ പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരായ അബ്ദുല്‍ മജീദ്, ഷാഹുല്‍ ഹമീദ് എന്നിവരെ അറസ്റ്റ് ചെയ്തിരുന്നു.
മതപരിവര്‍ത്തനവുമായി ബന്ധപ്പെട്ട സംഘര്‍ഷത്തെ തുടര്‍ന്നാണ് 2019 ഫെബ്രുവരി 5ന് രാമലിംഗം കൊല്ലപ്പെട്ടതെന്ന് പോലീസ് പറയുന്നു. കഴിഞ്ഞ വര്‍ഷം കേസുമായി ബന്ധപ്പെട്ട് തഞ്ചാവൂര്‍, ട്രിച്ചി, കോയമ്പത്തൂര്‍, മധുര തുടങ്ങി വിവിധ പ്രദേശങ്ങളില്‍ എന്‍ഐഎ റെയ്ഡ് നടത്തിയിരുന്നു. തുടര്‍ന്ന് 18 പേര്‍ക്കെതിരേ കുറ്റപത്രം സമര്‍പ്പിക്കുകയും ചെയ്തിരുന്നു.
അബ്ദുല്‍ മജീദും ഷാഹുല്‍ ഹമീദും മറ്റ് പ്രതികളും ചേര്‍ന്ന് 2019 ഫെബ്രുവരി 5ന് തിരുപുവനത്തെ പെരിയപള്ളി മസ്ജിദിന് സമീപം വച്ച് രാമലിംഗത്തെ ആക്രമിക്കാന്‍ ഗൂഡാലോചന നടത്തി എന്നാണ് പോലീസ് ആരോപിക്കുന്നത്.
2019 മാര്‍ച്ചിലാണ് രാമലിംഗം കൊലക്കേസ് തമിഴ്‌നാട് പോലീസ് എന്‍ഐഎക്ക് കൈമാറിയത്. തുടര്‍ന്ന് ആഗസ്ത് മാസത്തില്‍ 18 പേര്‍ക്കെതിരേ കുറ്റപത്രം സമര്‍പ്പിച്ചു. കേസില്‍ ആറുപേര്‍ ഇപ്പോഴും ഒളിവിലാണ്.





