26
Feb 2025
Sat
26 Feb 2025 Sat
delhi progrom

2020ല്‍ ഡല്‍ഹിയില്‍ നടന്ന മുസ്ലിം വിരുദ്ധ കലാപ വേളയില്‍ നിര്‍ബന്ധിച്ച് വന്ദേമാതരവും ജയശ്രീറാമും വിളിപ്പിക്കാന്‍ ശ്രമിച്ചു എന്ന ആരോപണത്തില്‍ ജ്യോതി നഗര്‍ പോലീസ് സ്‌റ്റേഷന്‍ എസ്എഎച്ച്ഒക്കെതിരേ കേസെടുക്കാന്‍ ഡല്‍ഹി കാര്‍കര്‍ദൂമ കോടതിയുടെ ഉത്തരവ്. (Five years after forced national anthem singing during Delhi pogrom, court orders FIR against SHO) പോലിസുകാരുടെ ക്രൂരമര്‍ദ്ദനത്തിനിരയായ മുസ്ലിം യുവാവിന്റെ പരാതിയിലാണ് നടപടി.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

വന്ദേമാതരവും ദേശീയ ഗാനവും ആലപിക്കാന്‍ നിര്‍ബന്ധിച്ച് പോലീസുകാര്‍ ഏതാനും മുസ്ലിം ചെറുപ്പക്കാരെ ക്രൂരമായി മര്‍ദ്ദിക്കുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. ജ്യോതി നഗര്‍ പോലീസ് സ്‌റ്റേഷനില്‍ നിന്ന് മോചിപ്പിക്കപ്പെട്ട് 24 മണിക്കൂറിന് ശേഷം മര്‍ദ്ദിക്കപ്പെട്ടവരുടെ കൂട്ടത്തിലുണ്ടായിരുന്ന ഫൈസാന്‍(23) മരിച്ചിരുന്നു. കസറ്റഡി പീഡനമായിരുന്നു മരണ കാരണം.

ALSO READ:  ഒമാനില്‍ പ്രതിവര്‍ഷ വരുമാനം 50,000 റിയാലിന് മുകളിലുള്ളവര്‍ 5 ശതമാനം ആദായ നികുതി നല്‍കണം

പ്രതികള്‍ക്കെതിരേ കേസെടുക്കാന്‍ ആവശ്യപ്പെട്ട് 2020 ജൂലൈയിലാണ് മുഹമ്മദ് വസീം പരാതി നല്‍കിയത്. എന്നാല്‍, യാതൊരു നടപടികളുമുണ്ടായില്ല. തുടര്‍ന്നാണ് സംഭവത്തില്‍ കേസെടുക്കാനും വിശദമായ അന്വേഷണം നടത്താനും ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചത്.

ദേശീയ ഗാനം ആലപിക്കാന്‍ ആവശ്യപ്പെട്ടാണ മര്‍ദ്ദനം ആരംഭിച്ചതെന്നും തുടര്‍ന്ന് ജയ് ശ്രീറാമും വന്ദേമാതരവും ചൊല്ലിപ്പിച്ചുവെന്നും പരാതിയില്‍ പറയുന്നു.

കാര്‍കര്‍ദൂമ കോടതിയിലെ ഫസ്റ്റ് ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് ഉദ്ഭവ് കുമാര്‍ ജെയിന്‍ ആണ് കേസെടുക്കാന്‍ ഉത്തരവിട്ടത്. 295A (മനപൂര്‍വ്വം മതവികാരം വ്രണപ്പെടുത്തുക), 323 (മനപൂര്‍വ്വം അപായപ്പെടുത്തുക), 342(അന്യായ തടവ്), 506(ഭീഷണിപ്പെടുത്തല്‍) തുടങ്ങിയ വകുപ്പുകള്‍ പ്രകാരം കേസെടുക്കാനാണ് നിര്‍ദേശം.

ഇന്‍സ്‌പെക്ടര്‍ റാങ്കില്‍ കുറയാത്ത ഉദ്യോഗസ്ഥന്‍ അന്വേഷണം നടത്തണം. കേസില്‍ ഉള്‍പ്പെട്ട മറ്റ് പോലീസ് ഉദ്യോഗസ്ഥരെക്കുറിച്ചും അന്വേഷണം വേണമെന്ന് കോടതി ഉത്തരവിട്ടു.

വസീമിനെതിരേ വിദ്വേഷ കുറ്റകൃത്യമാണ് നടന്നിരിക്കുന്നതെന്നും ഇത് ഔദ്യോഗിക കൃത്യനിര്‍വ്വഹണത്തിന്റെ ഭാഗമായി കണക്കാക്കാനാവില്ലെന്നും കോടതി നിരീക്ഷിച്ചു.

കഴിഞ്ഞ വര്‍ഷം ഫൈസാന്റെ മരണത്തെക്കുറിച്ചുള്ള അന്വേഷണം ഡല്‍ഹി ഹൈക്കോടതി സിബിഐക്ക് കൈമാറിയിരുന്നു. ഫൈസാന്റെ മരണം വിദ്വേഷ കുറ്റകൃത്യമാണെന്ന് ഡല്‍ഹി ഹൈക്കോടതിയും നിരീക്ഷിച്ചിരുന്നു.