സുല്‍ത്താന്‍ ബത്തേരി: ഓണ്‍ലൈന്‍ ട്രേഡിങ് തട്ടിപ്പിലൂടെ 75 ലക്ഷം രൂപ തട്ടിയ കേസില്‍ കോഴിക്കോട് സ്വദേശി പിടിയില്‍. പെരുമണ്ണ, തെന്നാര പോട്ട വീട്ടില്‍, സി.കെ. നിജാസിനെയാണ് (25) സുല്‍ത്താന്‍ ബത്തേരി പോലീസ് ശനിയാഴ്ച ബംഗളൂരു വിമാനത്താവളത്തില്‍ കസ്റ്റഡിയിലെടുത്തത്.
|
തട്ടിപ്പിനു പിന്നാലെ ഗള്‍ഫിലേക്കു മുങ്ങിയ ഇയാള്‍ക്കെതിരെ പൊലീസ് ലുക്ക് ഔട്ട് സര്‍ക്കുലര്‍ പുറപ്പെടുവിച്ചിരുന്നു. കഴിഞ്ഞ ദിവസം അബൂദബിയില്‍ നിന്ന് ബംഗളൂരു വിമാനത്താവളം വഴി തിരികെ നാട്ടിലേക്ക് വരാനുള്ള ശ്രമത്തിനിടെയാണ് നിജാസ് പിടിയിലാകുന്നത്. കേസില്‍ ഒരാള്‍ കൂടി അറസ്റ്റിലാകാനുണ്ട്.
2022 ഏപ്രില്‍ മുതല്‍ ഡിസംബര്‍ വരെയുള്ള കാലയളവിലാണ് വയനാട് ചീരാല്‍ സ്വദേശിയായ യുവാവില്‍ നിന്നും സുഹൃത്തുക്കളില്‍ നിന്നും ഇയാള്‍ പണം തട്ടിയത്. ഓണ്‍ലൈന്‍ ട്രേഡ് ചെയ്ത് അഞ്ച് ശതമാനം മുതല്‍ പത്ത് ശതമാനം വരെ ലാഭമുണ്ടാക്കി നല്‍കാമെന്ന് പറഞ്ഞ് ഗൂഗിള്‍ പേ വഴിയും ബാങ്ക് അക്കാൗണ്ട് വഴിയും പണമായുമൊക്കെ 75 ലക്ഷം രൂപയോളമാണ് പ്രതികള്‍ കൈക്കലാക്കിയത്.
എന്നാല്‍, ലാഭമോ പണമോ തിരികെ നല്‍കാത്തതിനെ തുടര്‍ന്ന് ചീരാല്‍ സ്വദേശി 2024 നവംബറിലാണ് പോലീസില്‍ പരാതി നല്‍കുന്നത്. കേസ് രജിസ്റ്റര്‍ ചെയ്തതറിഞ്ഞ് രണ്ട് പ്രതികളും മുങ്ങുകയായിരുന്നു.
സബ് ഇന്‍സ്‌പെക്ടര്‍ പി.എന്‍. മുരളീധരന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് നിജാസിനെ അറസ്റ്റ് ചെയ്തത്. പ്രതിയെ പിന്നീട് കോടയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.


