പോപ്പുലര്‍ ഫ്രണ്ട് നേതാവിന്റെ അപ്പീലില്‍ ദേശീയ അന്വേഷണ ഏജന്‍സിക്ക് നോട്ടീസയച്ച് ഡല്‍ഹി ഹൈക്കോടതി. (Delhi High Court Issues Notice to NIA in Appeal of PFI Leader )മുന്‍ ദേശീയ സെക്രട്ടറി അഫ്‌സര്‍ പാഷയുടെ ജാമ്യാപേക്ഷയിലാണ് നോട്ടീസ്.
|
2024 നവംബറില്‍ അഫ്‌സര്‍ പാഷയുടെ ജാമ്യാപേക്ഷ പ്രത്യേക എന്‍ഐഎ കോടതി തള്ളിയിരുന്നു. ജസ്റ്റിസുമാരായ പ്രതിഭ എം സിങ്, രജ്‌നീഷ് കുമാര്‍ ഗുപ്ത എന്നിവരുള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ചാണ് മൂന്നാഴ്ച്ചയ്ക്കുള്ളില്‍ മറുപടി നല്‍കാന്‍ ആവശ്യപ്പെട്ട് എന്‍ഐഎക്ക് നോട്ടീസയച്ചത്. തുടര്‍ന്ന് രണ്ടാഴ്ച്ചയ്ക്കകം ഇതിന് പ്രത്യുത്തരം (റീജോയിന്റര്‍) നല്‍കാന്‍ ഹരജിക്കാരന്റെ അഭിഭാഷകനും സമയം അനുവദിച്ചു.
ALSO READ: നിരോധനത്തെ തുടര്‍ന്ന് അറസ്റ്റ് ചെയ്യപ്പെട്ട രണ്ട് പോപ്പുലര്‍ ഫ്രണ്ട് നേതാക്കള്‍ക്ക് ജാമ്യം
എന്‍ഐഎ സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ രാഹുല്‍ ത്യാഗി നോട്ടീസ് സ്വീകരിച്ചു. മെയ് 6ന് കേസില്‍ തുടര്‍വാദം കേള്‍ക്കും. ഹരജിക്കാരന് വേണ്ടി അഡ്വക്കറ്റ് സൈപാന്‍ ദസ്തഗീര്‍ ശെയ്ഖ് ഹാജരായി.
2022 നവംബറിലാണ് എന്‍ഐഎ അഫ്‌സര്‍ പാഷയ്‌ക്കെതിരേ കേസ് രജിസ്റ്റര്‍ ചെയ്തത്. ഐപിസിയിലെ വിവിധ വകുപ്പുകള്‍ പ്രകാരവും യുഎപിഎ പ്രകാരവുമാണ് കേസ്. 2022 സപ്തംബറില്‍ പോപുലര്‍ ഫ്രണ്ട് നിരോധനത്തിന് പിന്നാലെയാണ് അഫ്‌സര്‍ പാഷ ഉള്‍പ്പെടെയുള്ള ദേശീയ, സംസ്ഥാന നേതാക്കള്‍ അറസ്റ്റിലായത്.





