26
Mar 2025
Mon
26 Mar 2025 Mon
SHAHABAZ MURDER

കോഴിക്കോട്: താമരശ്ശേരിയില്‍ എസ്എസ്എല്‍സി വിദ്യാര്‍ഥി ഷഹബാസിനെ മര്‍ദ്ദിച്ചു കൊലപ്പെടുത്തിയവരെ പരീക്ഷ എഴുതാന്‍ അനുവദിക്കില്ലെന്ന് കെഎസ്‌യുവും എംഎസ്എഫും. (THAMARASSERY SHAHABAS MURDER: PROTEST AGAINST AGAINST ACCUSED) വിദ്യാര്‍ത്ഥികളെ വെള്ളിമാടുകുന്നിലെ പരീക്ഷാ കേന്ദ്രത്തില്‍ തടയുമെന്ന് യൂത്ത് കോണ്‍ഗ്രസും എംഎസ്എഫും പ്രഖ്യാപിച്ചു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ഇന്ന് രാവിലെ വെള്ളിമാട്കുന്ന് ജുവനൈല്‍ ഹോമിന് മുന്നില്‍ കെഎസ്‌യു പ്രവര്‍ത്തകരും എംഎസ്എഫും പ്രതിഷേധിച്ചിരുന്നു. ഇവരെ തടയാന്‍ പോലീസും രംഗത്തെത്തി.

പ്രതിഷേധിക്കാനെത്തിയ ആറ് കെഎസ്‌യു പ്രവര്‍ത്തകരെയും എംഎസ്എഫ് പ്രവര്‍ത്തകരെയും പൊലീസ് അറസ്റ്റ് ചെയ്തു. എംഎസ്എഫ് പ്രവര്‍ത്തകരും പൊലീസും തമ്മില്‍ ഉന്തും തള്ളും നടന്നു.

ALSO READ: കാമുകിയെ കൊന്ന് സ്യൂട്ട്‌കേസിലാക്കി ഓടയില്‍ തള്ളിയ യുവാവ് നേരെ പോയത് ഗംഗയില്‍ സ്‌നാനം ചെയ്യാന്‍; പിടിയിലായത് കേരളത്തിലേക്ക് കടക്കാന്‍ ശ്രമിക്കുന്നതിനിടെ

കെയര്‍ ഹോമിന് മുന്‍പില്‍ കൂടുതല്‍ പ്രതിഷേധം സംഘടിപ്പിക്കാനാണ് കെഎസ്‌യുവിന്റെയും എം എസ് എഫിന്റെയും തീരുമാനം. പ്രതിഷേധ സാധ്യത കണക്കിലെടുത്തായിരുന്നു കുറ്റാരോപിതരായവരുടെ പരീക്ഷാ കേന്ദ്രം താമരശ്ശേരി ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ നിന്നും കോഴിക്കോട് വെള്ളിമാടുകുന്നിലേക്ക് മാറ്റിയത്. എന്നാല്‍, ഇവിടെയും പ്രതിഷേധവുമായി വിദ്യാര്‍ഥി സംഘടനകള്‍ എത്തുകയായിരുന്നു.

പരീക്ഷാ കേന്ദ്രം മാറ്റണമെന്ന് ആവശ്യപ്പെട്ട് താമരശ്ശേരി പൊലീസ് പരീക്ഷാ ഭവന്‍ സെക്രട്ടറിക്കും ജില്ലാ കളക്ടര്‍ക്കും കത്ത് നല്‍കിയിരുന്നു. ജുവനൈല്‍ ഹോമിനടുത്ത കേന്ദ്രങ്ങളില്‍ സജ്ജീകരണം ഒരുക്കണമെന്ന ആവശ്യത്തെ തുടര്‍ന്നാണ് വെള്ളിമാട് കുന്നില്‍ സൗകര്യപ്പെടുത്തിയത്.

കുട്ടികളെ പരീക്ഷയ്‌ക്കെത്തിച്ചാല്‍ തടയുമെന്ന് യൂത്ത് കോണ്‍ഗ്രസ് അറിയിച്ചിരുന്നു. വിദ്യാഭ്യാസ വകുപ്പ് പൊതുവികാരം മാനിക്കണമെന്നും വിദ്യാര്‍ത്ഥികളെ പരീക്ഷയ്ക്ക് ഇരുത്തുന്നത് മറ്റ് കുട്ടികളെ ബാധിക്കുമെന്നാണ് യൂത്ത് കോണ്‍ഗ്രസ് നിലപാട്. വിദ്യാര്‍ത്ഥികളെ പരീക്ഷ എഴുതിക്കരുത് എന്ന ആവശ്യവുമായി എംഎസ്എഫും രംഗത്തെത്തിയിരുന്നു.

താമരശ്ശേരി ഗവണ്‍മെന്റ് സ്‌കൂളിലെ വിദ്യാര്‍ത്ഥികളായ അഞ്ച് പേരെയാണ് കേസില്‍ അറസ്റ്റ് ചെയ്തിരിക്കുന്നത്. ഇവര്‍ക്കെതിരെ കൊലക്കുറ്റം ചുമത്തിയിട്ടുണ്ട്.

ട്യൂഷന്‍ സെന്ററിലുണ്ടായ പ്രശ്‌നത്തിന് പ്രതികാരമായാണ് പതിനഞ്ചുകാരനായ ഷഹബാസിനെ ആസൂത്രിതമായി കൊലപ്പെടുത്തിയത്. താമരശ്ശേരിയിലെ ട്രിസ് ട്യൂഷന്‍ സെന്ററില്‍ പത്താം ക്ലാസ് വിദ്യാര്‍ത്ഥികള്‍ക്കായി സെന്റ് ഓഫ് സംഘടിപ്പിച്ചിരുന്നു.

ഇതിനിടെ ഷഹബാസ് പഠിച്ചിരുന്ന എളേറ്റില്‍ എം ജെ ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ വിദ്യാര്‍ത്ഥിനികള്‍ ഡാന്‍സ് അവതരിപ്പിക്കുകയും അപ്രതീക്ഷിതമായി പാട്ട് നില്‍ക്കുകയും ചെയ്തു. ഇതേതുടര്‍ന്ന് താമരശ്ശേരി ഗവണ്‍മെന്റ് സ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍ കൂകി വിളിച്ചു. ഇതോടെ രണ്ട് സ്‌കൂളിലേയും വിദ്യാര്‍ത്ഥികള്‍ തമ്മില്‍ വാക്കേറ്റവും സംഘര്‍ഷവും ഉടലെടുത്തു.

അധ്യാപകര്‍ ഇടപെട്ടാണ് പ്രശ്‌നം പരിഹരിച്ചത്. ഇതിന് പിന്നാലെ കഴിഞ്ഞ വ്യാഴാഴ്ച വിദ്യാര്‍ത്ഥികള്‍ വീണ്ടും ഏറ്റുമുട്ടി. ഇതിനിടെയാണ് ഷഹബാസിന് തലയ്ക്ക് ഗുരുതരമായി പരിക്കേറ്റത്.

കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ശനിയാഴ്ച പുലര്‍ച്ചെ ഷഹബാസ് മരിച്ചു. ഇതിന് പിന്നാലെ പുറത്തുവന്ന പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ വിദ്യാര്‍ത്ഥികളുടെ അടിയില്‍ ഷഹബാസിന്റെ തലയോട്ടി തകര്‍ന്നുവെന്നുള്ള വിവരം പുറത്തുവന്നിരുന്നു. ആന്തരിക രക്തസ്രാവമായിരുന്നു മരണകാരണം.

അതേസമയം പ്രതികളില്‍ ഒരാളുടെ പിതാവ് ടി പി കേസ് പ്രതികള്‍ക്കൊപ്പം നില്‍ക്കുന്ന ചിത്രവും ഇന്നലെ പുറത്തുവന്നു. ഇന്നലെ പ്രതികളുടെ വീടുകളില്‍ പൊലീസ് നടത്തിയ പരിശോധനയില്‍ ഷഹബാസിനെ മര്‍ദ്ദിക്കാന്‍ ഉപയോഗിച്ച നഞ്ചക്കും കണ്ടെടുത്തു.

പ്രതികള്‍ക്ക് ഭരണ കക്ഷിയുമായി ബന്ധമുണ്ടെന്നും അന്വേഷണം ശരിയായ രീതിയില്‍ നടക്കുമോ എന്ന് സംശയമുണ്ടെന്നും ഷഹബാസിന്റെ ബന്ധുക്കള്‍ ആശങ്ക പ്രകടിപ്പിച്ചിരുന്നു.