13
Mar 2025
Sat
13 Mar 2025 Sat
man arrested over Tanur missing girl incident

മലപ്പുറം താനൂരില്‍ പ്രായപൂര്‍ത്തിയാകാത്ത കുട്ടികള്‍ മുംബൈയിലേക്ക് ഒളിച്ചോടിയ സംഭവത്തില്‍ ഒപ്പം യാത്ര ചെയ്ത യുവാവ് അറസ്റ്റില്‍. എടവണ്ണ സ്വദേശി ആലുങ്ങല്‍ അക്ബര്‍ റഹീം ആണ് അറസ്റ്റിലായത്. കുട്ടികളെ തട്ടികൊണ്ട് പോവല്‍, മൊബൈല്‍ ഫോണ്‍ ഉപയോഗിച്ച് പിന്തുടരല്‍ തുടങ്ങിയ കുറ്റങ്ങളാണ് പ്രതിക്ക് എതിരെ ചുമത്തിയിരിക്കുന്നത്. കുട്ടികള്‍ മുംബൈയിലെ ബ്യൂട്ടി പാര്‍ലറില്‍ എത്തിയത് യാദൃശ്ചികമെന്നും പോലീസ് കണ്ടത്തിയിട്ടുണ്ട്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

പെണ്‍കുട്ടികള്‍ക്കൊപ്പം കോഴിക്കോട് നിന്നു മുംബൈയിലേക്ക് ട്രെയിനില്‍ അക്ബര്‍ റഹീം യാത്ര ചെയ്തിരുന്നുവെന്ന് നേരത്തേ പോലീസ് കണ്ടെത്തിയിരുന്നു. ഇയാളെ ശനി രാവിലെ അഞ്ചോടെ തിരൂരില്‍ റെയില്‍വെ സ്റ്റേഷനില്‍ നിന്ന് പോലീസ് കസ്റ്റഡിയില്‍ എടുത്തിരുന്നു. താനൂര്‍ ഡിവൈ എസ്പിയുടെ നേതൃത്വത്തില്‍ ഇയാളെ ചോദ്യം ചെയ്ത ശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.

പിടിയിലായ പെണ്‍കുട്ടികളെ മുംബൈ ലോണാവാലയിലെത്തി താനൂര്‍ പോലീസ് ഏറ്റുവാങ്ങി ഇവരെ ശനി ഉച്ചയ്ക്ക് തിരൂരില്‍ എത്തിച്ചിരുന്നു. കഴിഞ്ഞ ബുധനാഴ്ച സ്‌കൂളിലേക്ക് പരീക്ഷ എഴുതാന്‍ പോയ കുട്ടികളെ പിന്നീട് കാണാതാവുകയായിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ഇരുവരും മുംബൈയിലെത്തിയതായി കണ്ടെത്തിയത്.

ഇവിടെ സലൂണിലെത്തി പെണ്‍കുട്ടികള്‍ മുടി വെട്ടിയതാണ് അന്വേഷണത്തില്‍ നിര്‍ണായകമായത്. തങ്ങളുടെ ഇഷ്ടത്തിനനുസരിച്ച് നടക്കാന്‍ വീട്ടുകാര്‍ സമ്മതിക്കാത്തതാണ് നാടുവിടാന്‍ കാരണമെന്നാണ് പെണ്‍കുട്ടികള്‍ മുംബൈയില്‍ ബന്ധപ്പെട്ട സാമൂഹിക പ്രവര്‍ത്തകരോട് വെളിപ്പെടുത്തിയത്.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക