ന്യൂഡല്‍ഹി: ഓപ്പറേഷന് സിന്ദൂരിന് പിന്നാലെ ഇന്ത്യക്കെതിരെ രാത്രിയിലും ആക്രമണം തുടര്‍ന്ന് പാകിസ്ഥാന്. അതിര്‍ത്തി കടന്ന് ആക്രമണം നടത്തിയ മൂന്ന് പാക് യുദ്ധി വിമാനങ്ങള്‍ ഇന്ത്യ വെടിവച്ചിട്ടു. (Pakistan attacks three states; India shoots down Pakistani warplanes) ഒരു എഫ്-16 വിമാനവും രണ്ട് ജെ-17 വിമാനവുമാണ് ഇന്ത്യ വെടിവച്ചിട്ടത്.
|
മൂന്ന് സംസ്ഥാനങ്ങളില്‍ പാകിസ്താന് ഡ്രോണ്‍ ആക്രമണം നടത്തി. പഞ്ചാബ്, ജമ്മു കശ്മീര്‍, രാജസ്ഥാന് എന്നിവിടങ്ങളിലാണ് പാകിസ്താന്റെ വ്യോമാക്രണം. ജമ്മു വിമാനത്താവളത്തിനോട് ചേര്‍ന്നാണ് ആക്രമണം നടന്നത്. ജമ്മു സൈനിക വിമാനത്താവളത്തില്‍ ഡ്രോണ്‍ പതിച്ചതായാണ് വിവരം. ജമ്മു നഗരത്തിലടക്കം സൈന്യം ഡ്രോണുകള്‍ വെടിവച്ചിട്ടതായാണ് വിവരം. ജമ്മു വിമാനത്താവളത്തില്‍ ഡ്രോണുകള്‍ പതിച്ചതായാണ് വിവരം.
പാകിസ്താന്റെ അന്‍പതോളം ഡ്രോണുകള്‍ വെടിവച്ചിട്ടെന്ന് ദൃക്സാക്ഷികള്‍ പറയുന്നു. പലയിടത്തും സൈറണ്‍ മുഴങ്ങിയിട്ടുണ്ട്. അതേസമയം, സൈന്യം ശക്തമായി തിരിച്ചടിച്ചു. ഉണ്ടായെന്നും റിപ്പോര്‍ട്ടുണ്ട്. എസ് 400-സുദര്ശന് ചക്ര ഉപയോഗിച്ചാണ് ഇന്ത്യ വ്യോമ പ്രതിരോധം തീര്‍ക്കുന്നത്.
വിമാനത്താവളം ലക്ഷ്യമിട്ടുള്ള ആക്രമണം ഇന്ത്യ വ്യോമ പ്രതിരോധ സംവിധാനം ഉപയോഗിച്ച് തകര്‍ക്കുകയായിരുന്നു. സംഭവത്തിന്റെ പശ്ചാത്തലത്തില്‍ ജമ്മുവില്‍ ഇന്റര്‍നെറ്റ് റദ്ദാക്കി. ജമ്മു വിമാനത്താവളം, പത്താന് കോട്ട്, അഖ് നൂര്‍, സാംബ എന്നിവിടങ്ങളാണ് ലക്ഷ്യമിട്ടത്.
ജമ്മു മേഖലയില്‍ നിലവില്‍ പാക്കിസ്ഥാന്റെ കനത്ത വെടിവെപ്പ് തുടരുകയാണ്. പഞ്ചാബ് അതിര്‍ത്തിയിലും കുപ്വാരയിലും കനത്ത വെടിവെപ്പ് ആണ് നടക്കുന്നത്. പഞ്ചാബില്‍ കനത്ത ജാഗ്രത തുടരുകയാണ്. പഞ്ചാബ് അതിര്‍ത്തിയില്‍ ലൈറ്റണച്ച് കരുതല്‍ നടപടി തുടങ്ങി. സൈനിക കേന്ദ്രങ്ങളും ലക്ഷ്യം വച്ചായിരുന്നു ആക്രമണം എന്നാണ് പുറത്തുവരുന്നത്.
എല്ലാ ലൈറ്റുകളും അണയ്ക്കാന്‍ ജനങ്ങള്‍ക്ക് നിര്‍ദേശം നല്കി. വാഹനങ്ങളടക്കം പാര്‍ക്ക് ചെയ്ത് ലൈറ്റുകള്‍ ഓഫാക്കണം, പരിഭ്രാന്തരാകരുതെന്നും, മുന്‍കരുതലെടുക്കാനും നിര്‍ദേശം നല്‍കിയിട്ടുണ്ട്.
പാകിസ്ഥാന് ഇന്ത്യയ്ക്കു നേരെ ആക്രമണ ശ്രമം നടത്തിയെന്ന് ഇന്ത്യ നേരത്തെ സ്ഥിരീകരിച്ചിരുന്നു. ഇന്ത്യയിലെ പല നഗരങ്ങള്‍ക്കു നേരെയും പാകിസ്ഥാന്റെ ഭാഗത്തു നിന്നും ആക്രമണ നീക്കം ഉണ്ടായി. എന്നാല്‍ പാകിസ്ഥാന് നടത്തിയ ആക്രമണ ശ്രമം ഇന്ത്യ വേരോടെ പിഴുതെറിഞ്ഞു. ഡ്രോണുകളും മിസൈലുകളും ഉപയോഗിച്ചുള്ള ആക്രമണമാണ് ഇന്ത്യ ചെറുത്തത്. തുടര്‍ന്ന് ഇന്ത്യ തിരിച്ചടിക്കുകയും ചെയ്തു. പാകിസ്ഥാന്റെ വ്യോമ പ്രതിരോധ സംവിധാനം തകര്‍ത്തുകൊണ്ടായിരുന്നു ഇന്ത്യയുടെ മറുപടി.
പാകിസ്ഥാനുമായി അതിര്‍ത്തി പങ്കിടുന്ന സംസ്ഥാനങ്ങളായ രാജസ്ഥാന്, പഞ്ചാബ് എന്നിവിടങ്ങളില്‍ ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിരിക്കുകയാണ്. പാകിസ്ഥാന്റെ ഭാഗത്തുനിന്നുള്ള ഏതെങ്കിലും തരത്തിലുള്ള സംഘര്‍ഷം ഉണ്ടാകുമെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്കുന്നതിനാല് എല്ലാ പൊലീസ് ഉദ്യോഗസ്ഥരുടെയും അവധികള്‍ റദ്ദാക്കുകയും പൊതുസമ്മേളനങ്ങള്‍ നിയന്ത്രിക്കുകയും ചെയ്തു.
പാകിസ്ഥാനുമായി 1,037 കിലോമീറ്റര്‍ അതിര്‍ത്തി പങ്കിടുന്ന രാജസ്ഥാനില്‍ അതീവ ജാഗ്രതയിലാണ്. അതിര്‍ത്തി പൂര്‍ണ്ണമായും അടച്ചുപൂട്ടി. സംശയാസ്പദമായ എന്തെങ്കിലും പ്രവര്‍ത്തനം കണ്ടാല്‍ അതിര്‍ത്തി സുരക്ഷാ സേനാംഗങ്ങള്‍ക്ക് വെടിവയ്ക്കാനുള്ള ഉത്തരവ് നല്‍കിയിട്ടുണ്ട്.ഇന്ത്യന്‍ വ്യോമസേനയും അതീവ ജാഗ്രതയിലാണ്. ജോധ്പൂര്‍, കിഷന്‍ഗഡ്, ബിക്കാനീര്‍ വിമാനത്താവളങ്ങളില്‍ നിന്നുള്ള വിമാന സര്‍വീസുകള്‍ മെയ് 9 വരെ നിര്‍ത്തിവച്ചിരിക്കുകയാണ്.
പടിഞ്ഞാറന്‍ മേഖലയില്‍ യുദ്ധവിമാനങ്ങള്‍ ആകാശത്ത് പട്രോളിംഗ് നടത്തുന്നതിനാല്‍ മിസൈല്‍ പ്രതിരോധ സംവിധാനങ്ങള്‍ സജീവമാക്കി. ഗംഗാനഗറില്‍ നിന്ന് റാന്‍ ഓഫ് കച്ച് വരെ സുഖോയ്-30 എംകെഐ ജെറ്റുകള്‍ വ്യോമ പട്രോളിംഗ് നടത്തുന്നുണ്ട്. ബിക്കാനീര്‍, ശ്രീ ഗംഗാനഗര്‍, ജയ്സാല്‍മീര്‍, ബാര്‍മര്‍ ജില്ലകളിലെ സ്കൂളുകള്‍ക്ക് അവധി നല്‍കുകയും നടന്നുകൊണ്ടിരിക്കുന്ന പരീക്ഷകള്‍ മാറ്റിവയ്ക്കുകയും ചെയ്തു.
പൊലീസുകാരുടെയും റെയില്‍വേ ജീവനക്കാരുടെയും അവധികള്‍ റദ്ദാക്കി. അതിര്‍ത്തി ഗ്രാമങ്ങളും ജാഗ്രതയിലാണ്. ഒഴിപ്പിക്കല്‍ പദ്ധതികളും നിലവിലുണ്ട്. അതിര്‍ത്തിക്കടുത്തുള്ള ആന്റി-ഡ്രോണ്‍ സംവിധാനങ്ങളും സജീവമാക്കി. ജയ്സാല്‍മീറിലും ജോധ്പൂരിലും അര്‍ദ്ധരാത്രി മുതല്‍ പുലര്‍ച്ചെ 4 വരെ ബ്ലാക്ക്ഔട്ട് ചെയ്യാനുള്ള ഉത്തരവുകള്‍ പുറപ്പെടുവിച്ചു.
പഞ്ചാബില്‍ എല്ലാ പൊലീസ് ഉദ്യോഗസ്ഥരുടെയും അവധികള്‍ റദ്ദാക്കുകയും പൊതുസമ്മേളനങ്ങള്‍ നിയന്ത്രിക്കുകയും ചെയ്തിട്ടുണ്ട്. അതിര്‍ത്തിയിലെ സംഘര്‍ഷം കാരണം മുഖ്യമന്ത്രി ഭഗവന്ത് മന് എല്ലാ സര്‍ക്കാര്‍ പരിപാടികളും റദ്ദാക്കിയിട്ടുണ്ട്.





