28
May 2025
Fri
28 May 2025 Fri

മഞ്ചേശ്വരം: കാസര്‍കോഡ് അതിര്‍ത്തിപ്രദേശമായ മഞ്ചേശ്വരം മേഖലയില്‍ അതിതീവ്ര മഴയില്‍ പുഴകള്‍ കരകവിഞ്ഞു. (Floods in many places in Manjeswaram region) മണ്ണിടിച്ചിലും മരങ്ങള്‍ കടപുഴകി വീണതും കാരണംഗതാഗതം താറുമാറായി. വീടുകളില്‍ വെള്ളം കയറിയതിനെ തുടര്‍ന്ന് നിരവധി പേരെ ഒഴിപ്പിച്ചു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

മലയോര ഹൈവെയിലെ പൈവളിഗെക്കും മിയാപ്പദവിനുമിടയില്‍ മണ്ണിടിഞ്ഞു. ഇതിനെ തുടര്‍ന്നു ഗതാഗത തടസ്സവും അനുഭവപ്പെട്ടു. നാട്ടുകാരും അധികൃതരും മണ്ണു നീക്കം ചെയ്തു ഗതാഗതം പുനഃസ്ഥാപിക്കാന്‍ ശ്രമിച്ചു കൊണ്ടിരിക്കുന്നു.

മംഗല്‍പാടി പഞ്ചായത്തിലെ കുബണൂരില്‍ സുവര്‍ണ്ണ ഗിരിപ്പുഴ കരകവിഞ്ഞു. കുഞ്ചത്തൂരില്‍ വെള്ളപ്പൊക്കത്തെത്തുടര്‍ന്നു റോഡ് മുങ്ങി. ശ്രീശാസ്താ അമ്പലത്തില്‍ വെള്ളം കയറി. അഞ്ചു വീടുകളിലും വെള്ളം കയറിയിട്ടുണ്ട്.

manjeswaram flood

ലാല്‍ബാഗ്-കുതിരപ്പടവ് റോഡിലെ സിറന്തടുക്കയില്‍ കുന്ന് ഇടിഞ്ഞു വീണു. കുന്നിലുണ്ടായിരുന്ന വൈദ്യുതി പോസ്റ്റും കുന്നിനൊപ്പം ഒലിച്ചു വീണു. ഇതു വഴി ബസ് സര്‍വ്വീസ് ഉള്‍പ്പെടെ ഗതാഗതം തടസ്സപ്പെട്ടു.

കുതിരപ്പടവ്-ഉപ്പള റോഡിലും ഗതാഗത തടസ്സമുണ്ട്. ലാല്‍ബാഗിനും കുതിരപ്പടവിനും ഇടയില്‍ സീറന്തടുക്കയും സമീപ പ്രദേശങ്ങളും വെള്ളത്തില്‍ മുങ്ങി. ബങ്കര മഞ്ചേശ്വരം കണ്വതീര്‍ത്ഥ പരിസരത്ത് കടപ്പുറത്തെ വീടുകളില്‍ വെള്ളം കയറി. പൊലീസും ഫയര്‍ഫോഴ്സും നാട്ടുകാരും ചേര്‍ന്നു കടപ്പുറം നിവാസികളെ സുരക്ഷിത സ്ഥാനങ്ങളിലേക്കു മാറ്റി.

manjeswar house collapse

ഹൊസംഗഡി, കുഞ്ചത്തൂര്‍, ഉദ്യാവരം പ്രദേശങ്ങളിലും വെള്ളം കയറി. അട്ടഗോളിയിലെ ചിത്രയുടെ ഇന്നു ഗൃഹപ്രവേശനം നടക്കേണ്ടിയിരുന്ന പുതിയ വീടിനു മുകളില്‍ മരം കടപുഴകി വീണു. ഇവിടെ വീടിനോടു ചേര്‍ന്ന കുന്ന് ഇടിഞ്ഞു വീണു. വീടുകുടി മാറ്റി വച്ചു. ബന്തിയോടു വയല്‍ പ്രദേശത്ത് അഞ്ചു വീടുകളില്‍ വെള്ളം കയറി. ബന്തിയോടു വയല്‍ക്കരയിലെ അബ്ദുല്‍ ഖാദറുടെ വീടിന്റെ ചുറ്റുമതിലിടിഞ്ഞു. ഉപ്പള പടത്തുരു, മജിബയല്‍ പരിസരങ്ങളിലും വെള്ളം കയറിയിട്ടുണ്ട്.

കുമ്പളയിലും തോരാതെ പെയ്യുന്ന മഴ വന്‍തോതില്‍ നാശവും ഭീതിയും ഉയര്‍ത്തിക്കൊണ്ടിരിക്കുകയാണ്. പെര്‍വാഡില്‍ ക്വാര്‍ട്ടേഴ്സില്‍ വെള്ളം കയറി. ഹൈവെ നിര്‍മ്മാണത്തിലെ അപാകതയാണ് വെള്ളപ്പൊക്കത്തിന് ഇടയാക്കിയതെന്നു നാട്ടുകാര്‍ പറയുന്നു.

ALSO READ: ബംഗാള്‍ തീരത്ത് അതിതീവ്ര ന്യൂന മര്‍ദ്ദം; 3 ജില്ലകളില്‍ ഇന്ന് റെഡ് അലര്‍ട്ട്; ട്രെയ്‌നുകള്‍ വൈകി ഓടുന്നു

പെര്‍വാട്ടെ സൈനുദ്ദീന്റെ വീട്ടിനുള്ളിലാണ് വെള്ളം കയറിയത്. വീട്ടിലെ ഇലക്ട്രിക്-ഇലക്ട്രോണിക്സ് ഉപകരണങ്ങള്‍ നശിച്ചു. ഇതിനിടയില്‍ വീട്ടുടമയുടെ മകനു ഷോക്കേറ്റതായും അത്ഭുതകരമായി രക്ഷപ്പെട്ടതായും പറയുന്നു. തൊട്ടടുത്ത ക്വാര്‍ട്ടേഴ്സിലും വെള്ളപ്പൊക്ക ഭീഷണിയാണ്. ഇവിടെ താമസിക്കുന്ന കുമ്പള സിഎച്ച്സി നഴ്സും പത്തനംതിട്ട സ്വദേശിനിയുമായ ശ്രീലതയുടെ ക്വാര്‍ട്ടേഴ്സിലും വെള്ളം കയറി വീട്ടുപകരണങ്ങളും വീട്ടുസാധനങ്ങളും ആശുപത്രി രേഖകളും ഒഴുകിപ്പോയി.

കുമ്പള-ബദിയഡുക്ക റോഡിലെ ചേടിമൂലയിലെ കോണ്‍ക്രീറ്റ് റോഡിലേക്ക് മതിലിടിഞ്ഞു വീണു ഗതാഗതം തടസ്സപ്പെട്ടു.
കുമ്പള ഭാസ്‌കര നഗര്‍ സെക്കന്റ് ക്രോസ് റോഡിന്റെ 200 മീറ്ററോളം ഭാഗം മലവെള്ളപ്പാച്ചിലില്‍ ഒലിച്ചുപോയി. ഈ റോഡ് പരിസരത്ത് താമസിക്കുന്ന ഇരുപതോളം കുടുംബങ്ങള്‍ നടന്നു പോവാനും വാഹനം കൊണ്ടു പോകാനും കഴിയാത്ത അവസ്ഥയിലായിരിക്കുകയാണ്.

ഇവിടെ നിന്നു ഒലിച്ചുപോയ മണ്ണ് ഭാസ്‌കര നഗര്‍ ജംഗ്ഷനടുത്തുള്ള ബദിയഡുക്ക റോഡില്‍ കുന്നു കൂടിയതിനാല്‍ വാഹനഗതാഗതവും തടസ്സപ്പെട്ടു.