15
Jul 2025
Thu
15 Jul 2025 Thu
abdul fateh mahdi - nimisha priya case

കൊലപാതക കേസില്‍ യമനിലെ ജയിലില്‍ കഴിയുന്ന മലയാളി നഴ്‌സ് നിമിഷപ്രിയക്ക് അവസാന പ്രതീക്ഷ തലാല്‍ അബ്ദുല്‍ മഹ്ദിയുടെ കുടുംബം. (Fatah Abdul Mahdi forgives son’s killer; Last hope in Nimisha Priya’s case) കുടുംബത്തെ അനുനയിപ്പിക്കാന്‍ സൂഫീ പണ്ഡിതന്‍ ഉമര്‍ ഹഫീളിന്റെ മധ്യസ്ഥതയില്‍ ദിവസങ്ങളായി ശ്രമങ്ങള്‍ തുടരുകയാണ്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

എത്ര വലിയ സമ്മര്‍ദ്ദമുണ്ടായാലും ഇന്ന് അല്ലെങ്കില്‍ നാളെ നിമിഷപ്രിയയുടെ വധശിക്ഷ നടപ്പാകുക തന്നെ ചെയ്യുമെന്ന് കൊല്ലപ്പെട്ട തലാല്‍ അബ്ദു മഹ്ദിയുടെ സഹോദരന്‍ അബ്ദുല്‍ ഫാത്താഹ് അല്‍ മഹ്ദി കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. എന്നാല്‍ സ്വന്തം മകന്റെ കൊലയാളികള്‍ക്ക് അവസാന നിമിഷം മാപ്പ് കൊടുത്തയാളാണ് അബ്ദുല്‍ ഫാത്താഹ് എന്നതാണ് ഇപ്പോഴും പ്രതീക്ഷ നല്‍കുന്നത്.

കഴിഞ്ഞ വര്‍ഷം ഒക്ടോബറിലാണ് അബ്ദുല്‍ ഫാത്താഹിന്റെ മകന്‍ ഖലീല്‍ ഫത്താഹ് അബ്ദുല്‍ മഹ്ദിയുടെ കൊലയാളിയുടെ വധ ശിക്ഷ നിശ്ചയിച്ചിരുന്നത്. എന്നാല്‍, വിധി നടപ്പാക്കുന്നതിന് തൊട്ടു മുമ്പ് പ്രതിക്ക് മാപ്പ് നല്‍കിയതായി അബ്ദുല്‍ ഫത്താഹ് പ്രഖ്യാപിക്കുകയായിരുന്നു. ഒരു രൂപ പോലും ദിയാ ധനം നല്‍കാതെയായിരുന്നു മാപ്പ്. മാപ്പ് നല്‍കുന്നവന് അല്ലാഹുവിന്റെ അടുക്കല്‍ വലിയ പ്രതിഫലമുണ്ട് എന്ന ദൈവിക വചനമുദ്ധരിച്ചാണ് അദ്ദേഹം കൊലയാളിയോട് കരുണ കാട്ടിയത്.

ALSO READ: വിമാനത്തിന്റെ ഇന്ധന സ്വിച്ചുകള്‍ ഓഫ് ചെയ്തത് ക്യാപ്റ്റനോ? അഹമ്മദാബാദ് വിമാന ദുരന്തത്തിന്റെ ദുരൂഹത വര്‍ധിക്കുന്നു

സമാനമായ രീതിയില്‍ നിമിഷ പ്രിയയുടെ കാര്യത്തിലും അദ്ദേഹം മനസ്സ് മാറ്റുമെന്നാണ് അനുരഞ്ജന ചര്‍ച്ചകള്‍ക്ക് നേതൃത്വം നല്‍കുന്നവരുടെ പ്രതീക്ഷ. എന്നാല്‍, തലാലിനും കുടുംബത്തിനുമെതിരേ ചില ഇന്ത്യന്‍ മാധ്യമങ്ങളും സംഘപരിവാരവും നടത്തുന്ന ദുഷ്പ്രചാരണങ്ങള്‍ കുടുംബത്തെ പ്രകോപിപ്പിച്ചതായാണ് അറിയുന്നത്.

സമൂഹമാധ്യമങ്ങളിലെ വിദ്വേഷ പ്രചാരണം ചര്‍ച്ചയ്ക്കു തടസ്സമുണ്ടാക്കുന്നുണ്ടെന്ന് അഖിലേന്ത്യ സുന്നി ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി കാന്തപുരം എ.പി. അബൂബക്കര്‍ മുസല്യാരുടെ ഓഫിസ് വ്യക്തമാക്കി. തലാലിന്റെ കുടുംബം ഏറ്റവും ആദരിക്കുന്ന സൂഫി ഗുരു ഷെയ്ഖ് ഹബീബ് ഉമര്‍ ബിന്‍ ഹഫീളിനെ അവഹേളിച്ചുള്ള ചില വാര്‍ത്തകള്‍ യെമനില്‍ പ്രചരിച്ചതു തിരിച്ചടിയായെന്നു സേവ് നിമിഷ പ്രിയ ആക്ഷന്‍ കമ്മിറ്റിയും കുറ്റപ്പെടുത്തി.

അതിക്രൂരമായാണ് തലാലിനെ കൊലപ്പെടുത്തിയതെന്നതും കുടുംബത്തിന്റെ കടുത്ത നിലപാടിന് കാരണമാണ്. എന്നാല്‍, കുടുംബത്തിന്റെ മനസ്സ് മാറ്റാനുള്ള അവസാന ശ്രമങ്ങള്‍ തുടരുകയാണ്.

തലാലിന്റെ കുടുംബവുമായി ചര്‍ച്ചയ്ക്കു പല മാര്‍ഗങ്ങളിലൂടെ ശ്രമം തുടരുന്നുവെന്നാണു കേന്ദ്രസര്‍ക്കാര്‍ വൃത്തങ്ങളും നിമിഷപ്രിയയുടെ കുടുംബവുമായി ബന്ധപ്പെട്ടവരും പറയുന്നത്. തലാലിന്റെ കുടുംബത്തില്‍ വ്യത്യസ്ത അഭിപ്രായങ്ങളുണ്ടെന്നും മധ്യസ്ഥശ്രമം നടത്തുന്നവര്‍ സൂചിപ്പിക്കുന്നു.