ധര്‍മസ്ഥലയിലെ ദുരൂഹ മരണങ്ങളെക്കുറിച്ചും ക്ഷേത്രപരിസരങ്ങളിലായി മൃതദേഹങ്ങള്‍ കുഴിച്ചുമൂടിയതിനെക്കുറിച്ചുമുള്ള വെളിപ്പെടുത്തലുകളുടെ പശ്ചാത്തലത്തില്‍ പ്രത്യേക അന്വേഷണ സംഘം(എസ്ഐടി) നടത്തുന്ന കുഴിച്ചുപരിശോധനാ നടപടികള്‍ പകര്‍ത്താനെത്തിയ നാല് യൂട്യൂബര്‍മാര്‍ക്കും കാമറമാന്‍മാര്‍ക്കും ക്രൂരമര്‍ദ്ദനം. ബുധനാഴ്ച രാത്രിയാണ് സംഭവം.
|
വിവരമറിഞ്ഞ് പോലീസ് എത്തിയതോടെയാണ് മര്‍ദ്ദനം അവസാനിപ്പിച്ചത്. തുടര്‍ന്ന് മര്‍ദ്ദനമേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായി ദക്ഷിണ കന്നഡ എസ്പി അരുണ്‍ കെ പറഞ്ഞു. മര്‍ദ്ദനമേറ്റവരുടെ പരാതിയില്‍ പോലീസ് അക്രമികള്‍ക്കെതിരേ കേസെടുത്തു. മര്‍ദ്ദനമേറ്റവരില്‍ പ്രാദേശിക ചാനലിലെ മാധ്യമപ്രവര്‍ത്തകരുമുണ്ട്.
ധര്മസ്ഥലയെക്കുറിച്ചുള്ള വ്യാജ പ്രചാരണം അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ടെത്തിയവരാണ് ആക്രമണം അഴിച്ചുവിട്ടതെന്ന് മര്‍ദ്ദനമേറ്റവര്‍ പറഞ്ഞു.
ധര്‍മസ്ഥലയിലെ റിസര്‍വ്ഡ് വനത്തില്‍ അടക്കം വിവിധ സ്ഥലങ്ങളില്‍ മൃതദേഹം മറവ് ചെയ്തിട്ടുണ്ടെന്ന ശുചീകരണ തൊഴിലാളിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് ഇവിടെ പരിശോധന നടക്കുന്നത്.
സാക്ഷി ചൂണ്ടിക്കാട്ടി ഇടങ്ങളില്‍ നിന്നായി നിരവധി അസ്ഥികള്‍ ഇതിനകം സംഘം കണ്ടെടുത്തിട്ടുണ്ട്. നിരവധി കൊലപാതകങ്ങള്‍ താന്‍ നേരില്‍ കണ്ടെന്നും അവ മറവ് ചെയ്തില്ലെങ്കില്‍ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയെന്നും ശുചീകരണ തൊഴിലാളി വെളിപ്പെടുത്തിയതോടെയാണ് വിഷയം ദേശീയ ശ്രദ്ധയാകര്‍ഷിച്ചത്.





