അയര്‍ലന്‍ഡില്‍ ആറു വയസ്സുകാരിക്ക് നേരെ വംശീയ ആക്രമണം. വീടിന് മുന്നില്‍ കളിച്ചുകൊണ്ടിരുന്ന മകള്‍ക്ക് നേരയുണ്ടായ ആക്രമണത്തിന്റെ നടുക്കം മാറാതെ കോട്ടയം സ്വദേശിയായ അനുപ.
|
അയര്‍ലന്‍ഡിലെ വാട്ടര്‍ഫോര്‍ഡിലെ കില്‍ബാരിയിലെ വീടിന് മുന്നില്‍ വച്ചാണ് അനുപയുടെ മകളെ 12 മുതല്‍ 14 വയസ് വരെ പ്രായമുള്ള കൗമാരക്കാര്‍ ആക്രമിച്ചത്. തിങ്കളാഴ്ച വൈകുന്നേരമാണ് സംഭവം. എട്ട് വര്‍ഷത്തോളമായി അയര്‍ലന്‍ഡില്‍ നഴ്‌സായി ജോലി ചെയ്യുന്ന അനുപയ്ക്കും ഭര്‍ത്താവ് നവീനും അടുത്തിടെയാണ് അയര്‍ലന്‍ഡ് പൗരത്വം ലഭിച്ചത്.
വെസ്റ്റ്‌ഫോര്‍ഡിലെ വീട്ടിലേക്ക് കഴിഞ്ഞ ജനുവരിയിലാണ് ഇവര്‍ താമസത്തിനെത്തിയത്. നഴ്‌സായി ഇവിടെ ജോലി ചെയ്യാന്‍ തുടങ്ങിയിട്ട് വര്‍ഷങ്ങളായി. അയര്‍ലന്‍ഡ് തന്റെ രണ്ടാമത്തെ രാജ്യമായാണ് കരുതിയിരുന്നത്. എന്നാല്‍ മകള്‍ക്ക് നേരെയുണ്ടായ ആക്രമണത്തിന് ശേഷം ആ വികാരം നഷ്ടപ്പെട്ടെന്നാണ് അനുപ പ്രതികരിച്ചത്.
മകളെ ഇത്രയും ഭയന്ന അവസ്ഥയില്‍ ഇതിന് മുന്‍പ് കണ്ടിട്ടില്ല. സംസാരിക്കാന്‍ പോലും സാധിക്കാത്ത നിലയില്‍ കരയുകയും അസ്വസ്ഥമായും ആണ് മകളുള്ളത്. ആറ് വയസുകാരിയുടെ സ്വകാര്യ ഭാഗങ്ങളില്‍ സൈക്കിള്‍ കയറ്റിയായിരുന്നു കൗമാരക്കാരുടെ ആക്രമണമെന്ന് കൂടെ കളിച്ചിരുന്ന കുട്ടികള്‍ സാക്ഷ്യപ്പെടുത്തുന്നു. അഞ്ച് പേര്‍ ചേര്‍ന്നാണ് മുഖത്ത് ഇടിച്ച് വീഴ്ത്തിയത്. വൃത്തികെട്ട ഇന്ത്യക്കാര്‍ തിരിച്ച് ഇന്ത്യയിലേക്ക് പോകൂവെന്ന് ആക്രോശിച്ചായിരുന്നു കഴുത്തിന് ഇടിച്ചും മുടി പിടിച്ചുമുള്ള മര്‍ദ്ദനം.
ALSO READ: പൗരത്വ സമരത്തിന്റെ പേരില്‍ കള്ളക്കേസെടുത്ത് ജയിലില്‍ അടച്ച ഖാലിദ് സൈഫിക്ക് ജാമ്യം
പുറത്ത് പോയി കളിക്കാന്‍ ഭയക്കുന്ന അവസ്ഥയിലാണ് മകളുള്ളത്. രാത്രിയില്‍ ഉറങ്ങാന്‍ കഴിയുന്നില്ല. സ്വന്തം വീടിന് മുന്‍പില്‍ പോലും ഇറങ്ങാന്‍ ഭയക്കുന്ന സാഹചര്യം. മകളെ സംരക്ഷിക്കാന്‍ സാധിക്കാതെ വന്നതില്‍ വളരെ ദുഖമുണ്ട്. ഇത്തരമൊരു സംഭവം നടക്കുമെന്ന് ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ലെന്നും അനുപ പറയുന്നു.
പൊലീസില്‍ പരാതി നല്‍കിയെങ്കിലും കുട്ടികള്‍ ശിക്ഷിക്കപ്പെടണമെന്ന ആഗ്രഹം തനിക്കില്ലെന്നും അനുപ പറയുന്നു. ഇവിടം അവര്‍ക്ക് സ്വന്തമെന്ന പോലെ തന്റെ മക്കള്‍ക്കും സ്വന്തമാണ്. കൗണ്‍സിലിംഗ് ഉള്‍പ്പെടെയുള്ളവ നല്‍കി കൗമാരക്കാരെ തിരുത്തണമെന്നാണ് അനുപ ആവശ്യപ്പെടുന്നത്.
നിയമനടപടിയുമായി മുന്നോട്ടുപോകും. ഇനിയാര്‍ക്കും ഇത്തരമൊരു അനുഭവമുണ്ടാകാതിരിക്കാനുള്ള നടപടിയാണ് വേണ്ടതെന്നും കുട്ടിയുടെ മാതാപിതാക്കള്‍ പറഞ്ഞു.
എട്ട് വര്‍ഷമായി അയര്‍ലന്‍ഡില്‍ കഴിയുന്ന അനുപയുടെ മൂത്ത മകളാണ് വംശീയ ആക്രമണത്തിനിരയായത്. പെണ്‍കുട്ടി അയര്‍ലന്‍ഡിലാണ് ജനിച്ചത്. പത്ത് മാസം പ്രായമുള്ള മകന് ഭക്ഷണം നല്‍കാനായി അനുപ വീട്ടിലേക്ക് കയറിയ സമയത്തായിരുന്നു കൗമാരക്കാര്‍ പെണ്‍കുട്ടിയെ ആക്രമിച്ചത്.
അക്രമികളായ കൗമാരക്കാരെ താന്‍ പിന്നെയും കണ്ടുവെന്നും തന്നെ നോക്കി ഇവര്‍ പരഹസിച്ച് ചിരിച്ചതായും അനുപ വെളിപ്പെടുത്തി. ഇന്ത്യക്കാര്‍ക്കെതിരായ അക്രമ സംഭവങ്ങള്‍ അയര്‍ലന്‍ഡില്‍ വര്‍ധിച്ച് വരികയാണ്. ജൂലൈ മാസത്തില്‍ മാത്രം മൂന്ന് തവണയാണ് കൗരമാരക്കാര്‍ ഇന്ത്യക്കാരെ ആക്രമിച്ചത്.


