മലയാളി പ്രേക്ഷകനു പരിചിതമല്ലാത്ത ആഖ്യാന ശൈലിയും ആവിഷ്കാരത്തിലെ വ്യത്യസ്തതയുമായി മോളിവുഡിലേക്ക് ‘ജംപ് കട്ട്’ നടത്തിയ സംവിധായകനാണ് മഹേഷ് നാരായണന്. എഡിറ്ററായി സിനിമാ ജീവിതം തുടങ്ങിയ മഹേഷ്, ‘ടേക്ക് ഓഫ്’ മുതല്‍ ‘അറിയിപ്പ്’ വരെയുള്ള ചിത്രങ്ങളിലൂടെ എഴുത്തിലും സംവിധാനത്തിലുമുള്ള തന്റെ മികവു തെളിയിച്ചു.
|
മമ്മൂട്ടിയെയും മോഹന്‍ലാലിനെയും വെച്ച് മഹേഷ് നാരായണന് ഒരുക്കുന്ന ചിത്രത്തിനായാണ് സിനിമാപ്രേമികള്‍ പ്രതീക്ഷയോടെ കാത്തിരിക്കുന്നത്. ഇപ്പോള്‍ ആ സിനിമയെ കുറിച്ച് സംസാരിക്കുകയാണ് മഹേഷ് നാരായണന്.
‘സിനിമയുടെ 60 ശതമാനത്തോളം ഷൂട്ടിങ് പൂര്‍ത്തിയായിക്കഴിഞ്ഞു. ഒക്ടോബറോടെ ഷൂട്ട് തീര്‍ക്കാന്‍ സാധിക്കുമെന്നാണ് പ്രതീക്ഷ. ഇതൊരു ബ്രഹ്മാണ്ഡ സിനിമയാക്കണമെന്ന മുന്വിധിയോടെയൊന്നുമല്ല ചിത്രം തുടങ്ങിയത്. പക്ഷേ, പതിയെ പതിയെ ആ സിനിമ വലുതായി. ചില സിനിമകളുടെ നിയോഗം അങ്ങനെയാണ്. തിയേറ്ററില്‍ കണ്ട് ആസ്വദിക്കാന്‍ സാധിക്കുന്ന, ഒരു മെയിന്‍ സ്ട്രീം സിനിമ തന്നെയാണ് ഉണ്ടാക്കാന്‍ ശ്രമിക്കുന്നത്. എന്നാല്‍, എന്റെ രീതിയിലുള്ള സിനിമയായിരിക്കുമെന്ന് മാത്രം,’മഹേഷ് പറയുന്നു.
ALSO READ: കാന്തപുരം പറയുന്നത് കളവ്; പ്രതികാരം മാത്രമാണ് നീതിയെന്നും തലാലിന്റെ സഹോദരന്
അഖില്‍ അനില്‍കുമാര്‍ അണിയിച്ചൊരുക്കുന്ന തലവര എന്ന ചിത്രത്തിലൂടെ നിര്‍മാണത്തിലേക്കും മഹേഷ് ചുവടുവെച്ചിരിക്കുകയാണ്. റിലീസിനൊരുങ്ങുന്ന തലവരയുടെ വിശേഷങ്ങളും മഹേഷ് നാരായണന് പങ്കുവെച്ചു.
‘എന്റെ സുഹൃത്താണ് ചിത്രത്തിന്റെ നിര്‍മാതാക്കളില്‍ ഒരാളായ ഷബിന് ബെക്കര്‍. ടേക്ക് ഓഫ് മുതല്‍ ഞങ്ങള്‍ ഒരുമിച്ച് സിനിമകള്‍ ചെയ്യുന്നുണ്ട്. അറിയിപ്പ് എന്ന ചിത്രവും ഞങ്ങള്‍ ഒരുമിച്ചാണ് നിര്‍മിച്ചത്. അദ്ദേഹം വഴിയാണ് തലവരയിലേക്ക് എത്തുന്നത്. ഈ സിനിമയുടെ കഥാതന്തുവിനെക്കുറിച്ച് ഷബിന് പറഞ്ഞപ്പോള്‍ തന്നെ എനിക്ക് വളരെ താത്പര്യം തോന്നി. ഇത് തീര്‍ച്ചയായും സിനിമയാക്കപ്പെടേണ്ട, ചര്‍ച്ച ചെയ്യപ്പെടേണ്ട വിഷയമാണെന്ന് തോന്നിയതോടെയാണ് ചിത്രത്തിന്റെ ഭാഗമാകാന്‍ തീരുമാനിച്ചത്,’ മഹേഷ് പറഞ്ഞു.
‘തലവര’യിലും വളരെ ലളിതമായ, രസകരമായ രീതിയിലാണ് കഥ മുന്നോട്ടുപോകുന്നത്. അഖില്‍ ആഗ്രഹിക്കുന്ന രീതിയില്‍ ഈ സിനിമയെ എങ്ങനെ കൊണ്ടുവരാം എന്നു മാത്രമാണ് ഞങ്ങള്‍ ശ്രമിച്ചത്.
‘ടേക്ക് ഓഫും’ ‘മാലിക്കു’മെല്ലാം ഏതെങ്കിലും രീതിയില്‍ ദേശീയ പുരസ്കാരത്തിന് പരിഗണിക്കപ്പെട്ട ചിത്രങ്ങളാണ്. എന്നാല്‍ വിദേശ ചലച്ചിത്ര മേളകളില്‍ അടക്കം അംഗീകാരം നേടിയ ‘അറിയിപ്പ്’ ഇവിടെ ദേശീയ പുരസ്കാരത്തിന്റെ ആദ്യ റൗണ്ടില്‍ തന്നെ പുറത്തായി. ഇതിന്റെ മാനദണ്ഡം എന്താണെന്നു ചോദിച്ചാല്‍ എനിക്കറിയില്ലെന്നും മഹേഷ് നാരായണന് പറഞ്ഞു.
ഫോര്‍മുല വണ്‍ റേസര്‍ നരെയ്ന് കാര്‍ത്തികേയന്റെ ജീവിതം സിനിമയാക്കാനുള്ള വര്‍ക്കും പുരോഗമിക്കുന്നതായി മഹേഷ് നാരായണന് അറിയിച്ചു


